ADVERTISEMENT

പ്രായപൂര്‍ത്തിയാകാത്തവർക്ക് പൊതു നിരത്തില്‍ വാഹനം ഓടിക്കാന്‍ കൊടുക്കുന്നത് നിയമലംഘനവും ഉത്തരവാദിത്വമില്ലാത്ത പണിയുമാണ്. എല്ലാ നിയമവും പാലിച്ച് റോഡിലൂടെ പോകുന്നവരാണ് പലപ്പോഴും ഇത്തരം പ്രവൃത്തികളുടെ ഇരകളാകുക. അത്തരമൊരു സംഭവം മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ്.

സ്വന്തം വീട്ടിൽ നിന്നു ടൊയോട്ട ഇന്നോവയുമായി പോയി ഒരു വയോധികനെ അപകടത്തില്‍ പെടുത്തിയിരിക്കുകയാണ് പതിനാലുകാരന്‍. മുംബൈയിലെ ചാന്ദിവാലി സിറ്റിസന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഔദ്യോഗിക X പേജിലാണ് ഈ അപകടത്തിന്റെ വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചാന്ദിവാലിയിലുള്ള നഹര്‍ അമൃത് ശക്തി റോഡിലെ ഗേറ്റിനടുത്തുള്ള സിസിടിവിയിലാണ് അപകടം പതിഞ്ഞത്. മുതിര്‍ന്ന പൗരൻ റോഡിലൂടെ നടന്നു വരുന്നതിന് പിന്നാലെ ഇന്നോവ വരുന്നു. പ്രധാന റോഡിലേക്ക് കടക്കുന്നതിനിടെ ഇന്നോവക്ക് നിയന്ത്രണം വിടുകയായിരുന്നു. ഇതോടെ വയോധികനെ റോഡരികില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷയും ചേര്‍ത്ത് ഇടിച്ച് ഇന്നോവ മുന്നോട്ടു നീങ്ങുന്നു. ഇതിനു ശേഷം പൂര്‍ണമായും നിയന്ത്രണം നഷ്ടമായ വാഹനം അതിവേഗത്തില്‍ വളഞ്ഞു പോവുന്നതും വിഡിയോയില്‍ കാണാനാകും. 

നിയമസ്ഥാപനത്തിലെ ഉപദേശകനായിരുന്ന 63 വയസുള്ള കെ. സുബ്ബരാമനാണ് അപകടത്തില്‍ പെട്ടത്. ഇടിച്ചിട്ട ഇന്നോവ വൃദ്ധനെ അല്‍പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോകുന്നുണ്ട്. അപകടം കണ്ട് പലരും ഓടിയെത്തുന്നതും വിഡിയോയില്‍ കാണാം. സെക്യൂരിറ്റി ജീവനക്കാരാണ് വയോധികന്റെ കുടുംബത്തെ വിവരം അറിയിച്ചത്. നട്ടെല്ലിന് പരുക്കേറ്റ സുബ്ബരാമന് എഴുന്നേല്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇതോടെ ആംബുലന്‍സ് വിളിച്ചാണ് വയോധികനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് മൂന്നു മാസം വിശ്രമം പറഞ്ഞിരിക്കുകയാണ്. സംഭവത്തില്‍ ഇവര്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയാണ് 5000 രൂപ പിഴയിട്ടിരിക്കുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം കുട്ടിയുടെ രക്ഷിതാക്കളുടേയും അപകടത്തില്‍ പെട്ട വയോധികന്റേയും മൊഴിയെടുത്തിട്ടുണ്ട്. നിയമ ഉപദേശത്തിനായി CWCക്ക് കേസിന്റെ വിശദാംശങ്ങള്‍ അയച്ച് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശ് വാഗ്ര പ്രതികരിച്ചത്. 

അപകടത്തിനു ശേഷം തന്നെ വന്നു കാണാന്‍ ഈ കുട്ടിയോ രക്ഷിതാക്കളോ തയാറായില്ലെന്നും സുബ്ബരാമന്‍ പറയുന്നുണ്ട്. പിന്നീട് പൊലീസ് പരാതി കൊടുത്തതോടെ കുട്ടിയുടെ മാതാവ് സുബ്ബരാമനെ ആശുപത്രിയില്‍ വന്നു കണ്ടു. മാതാപിതാക്കള്‍ പറഞ്ഞാല്‍ പോലും കുട്ടി കേള്‍ക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങളില്‍ കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും ശിക്ഷ നല്‍കണമെന്നാണ് സുബ്ബരാമന്‍ പ്രതികരിച്ചത്. 

നിയമം പറയുന്നത്

1988ലെ മോട്ടോര്‍ വാഹന നിയമ പ്രകാരം 18 വയസാണ് നിയമപരമായി വാഹനം ഓടിക്കാനുള്ള ലൈസന്‍സ് നേടാനുള്ള പ്രായം. വാഹനം ഓടിച്ചതിന് 18 വയസ് തികയാതെ പിടികൂടിയാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും. ചെയ്ത കുറ്റത്തിന് അനുസരിച്ച് 500 മുതല്‍ 5,000 രൂപ വരെ പിഴ വിധിക്കാം. പ്രായപൂര്‍ത്തിയാവാത്തവര്‍ ഓടിച്ച വാഹനം അപകടത്തില്‍ പെട്ടാല്‍ ഇതുവഴിയുണ്ടാവുന്ന നഷ്ടങ്ങള്‍ നികത്താന്‍ കുട്ടിയും രക്ഷിതാക്കളും ബാധ്യസ്ഥരാണ്. 
അശ്രദ്ധമായി വാഹനം ഓടിക്കല്‍, ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍, മറ്റുള്ളവരുടെ ജീവന് ഭീഷണിയാവല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളും കുറ്റക്കാര്‍ക്കെതിരെ ചുമത്താനാവും. വാഹന ഉടമക്ക് 25,000 രൂപ വരെ പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നത്. ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ഈ കുറ്റം മതിയാവും.

English Summary: 14-year-old kid driving Toyota Innova rams a 63-year-old man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT