1,200 കി.മീ റേഞ്ച്, വില 3.50 ലക്ഷം മുതല്‍; ഷവോമ എന്ന ഇലക്ട്രിക് വിസ്മയം!

Mail This Article
ഒറ്റ ചാര്‍ജില്‍ 1,200 കിലോമീറ്റര്‍, വില മൂന്നര ലക്ഷം മുതല്‍ എന്നിങ്ങനെ ആരും ഒന്നു ശ്രദ്ധിച്ചു പോവുന്ന ഫീച്ചറുകളാണ് ചൈനയില്‍ നിന്നുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് കാറിന്. ബെസ്റ്റ്യൂണ്‍ ബ്രാന്‍ഡിന് കീഴില്‍ ചൈനയിലെ എഫ്എഡബ്ല്യുവാണ് ഷവോമ എന്ന ചെറു കാറിനെ പുറത്തിറക്കുന്നത്. മൈക്രോ ഇ.വി വിഭാഗത്തില്‍ മത്സരിക്കാന്‍ തന്നെയാണ് ചൈനീസ് കമ്പനിയായ ഫസ്റ്റ് ഓട്ടോ വര്‍ക്‌സിന്റെ(FAW) തീരുമാനം.
ചൈനയില്‍ ഹിറ്റായ വൂളിങ് ഹോങ്ക്വാങ് മിനി ഇ.വിയുമായാണ് എഫ്എഡബ്ല്യു ബെസ്റ്റ്യൂണ്‍ ഷവോമ കൊമ്പുകോര്‍ക്കുക. നിലവില്‍ ചൈനയില്‍ ഏറ്റവും വില്‍പനയുള്ള ചെറു കാറാണ് വൂളിങ് ഹോങ്ക്വാങ് മിനി ഇ.വി. 30,000 മുതല്‍ 50,000 യുവാന്‍(3.47 ലക്ഷം രൂപ മുതല്‍ 5.78 ലക്ഷം വരെ)വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം ആദ്യം ഏപ്രിലില്‍ ഷാങ്ഹായ് ഓട്ടോ ഷോയിലാണ് ബെസ്റ്റിയൂണ്‍ ഷവോമ ആദ്യം അവതരിപ്പിക്കപ്പെട്ടത്. ഹാര്‍ഡ്‌ടോപ്, കണ്‍വെര്‍ട്ടബിള്‍ വകഭേദങ്ങളെപ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും തുടക്കത്തില്‍ ഹാര്‍ഡ്‌ടോപ് വേരിയന്റ് മാത്രമായിരിക്കും ലഭിക്കുക. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ പുറത്തിറങ്ങുന്നഈ വാഹനത്തിലെ ഡാഷ് ബോര്‍ഡും ഡ്യുവല്‍ ടോണിലാണ് നിറങ്ങള്‍ നല്‍കിയിട്ടുള്ളത്.
7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വലിയ ഹെഡ്‌ലാംപുകള്‍, റെഞ്ച് വര്‍ധിപ്പിക്കാന്‍ സഹായിക്കുംവിധമുള്ള എയറോഡൈനാമിക് ചക്രങ്ങള്‍, ടെയ്ല്‍ ലാംപുകളും ബംപറും ചേര്‍ന്നു പോവുന്ന ഡിസൈന്‍ എന്നിവയൊക്കെ സവിശേഷതകളാണ്. വൈദ്യുത കാറുകള്‍ക്കുവേണ്ടി പ്രത്യേകമായുള്ള ഷവോമ എഫ്എംഇ പ്ലാറ്റ്‌ഫോമിലാണ് ബെസ്റ്റിയൂണ്‍ ഷവോമ നിര്‍മിക്കുന്നത്. എഫ്എംഇ പ്ലാറ്റ്‌ഫോമില്‍ വ്യത്യസ്ത വീല്‍ബേസിലുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് എ1, എ2 സബ് പ്ലാറ്റ്‌ഫോമുകളുമുണ്ട്. 800 കിലോമീറ്റര്‍ മുതല്‍ 1,200 കിലോമീറ്റര്‍ വരെയാണ് റെഞ്ചുണ്ടാവുക.
പിന്‍ചക്രങ്ങളിലേക്ക് ഘടിപ്പിച്ചിട്ടുള്ള 20kW ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ മുന്നോട്ടു നയിക്കുന്നത്. ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി നല്‍കിയിട്ടുള്ള ഈ ചെറുകാറിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 3ഡോര്‍ വാഹനത്തില്‍ സുരക്ഷക്കായി ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് നല്‍കിയിരിക്കുന്നു. 3,000എംഎം നീളവും 1,510എംഎം വീതിയും 1,630 ഉയരവുമുള്ള ബെസ്റ്റിയൂണ്‍ ഷവോമ മിനി ഇവിയുടെ വീല്‍ബേസ് 1,953എംഎം ആണ്.
English Summary: Up to 1200kms on a single charge! Bestune Xiaoma mini EV starts at ₹3.5 lakh