ADVERTISEMENT

പതിനായിരങ്ങളും ലക്ഷങ്ങളുമല്ല കോടിയിലേറെ വേണ്ടി വരും മാരുതി 800ഉം റോള്‍സ് റോയ്‌സും തമ്മിലുള്ള വില വ്യത്യാസം. എന്നാൽ വെറും 45,000 രൂപക്ക് പഴയൊരു മാരുതി 800ന് റോള്‍സ് റോയ്‌സ് രൂപം നല്‍കിയിരിക്കുകയാണ് ഈ മിടുക്കന്‍. 18 വയസു മാത്രം പ്രായമുള്ള തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഹാദിഫാണ് സ്വന്തം വീട്ടിൽ റോൾസ് റോയ്സ് നിർമിച്ചത്. 

 

കൊറോണയുടെ സമയത്താണ് ഹാദിഫിന്റെ ചെറുപ്പം മുതലുള്ള കാറുകളോടുള്ള ഇഷ്ടം പുതിയ തലത്തിലേക്കു വരുന്നത്. സ്വന്തമായി ഒരു വാഹനം ഉണ്ടാക്കാനായിരുന്നു ആദ്യ ശ്രമം. പിതാവ് തുടക്കം മുതലേ പിന്തുണയുമായി ഒപ്പമുണ്ടായി. സുഹൃത്ത് നിസാമും കട്ടക്ക് കൂടെ നിന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു കൊച്ചു ജീപ്പ് ഹാദിഫ് നിര്‍മിക്കുന്നത്. ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച് രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹാദിഫിന്റെ ജീപ്പ് അന്നേ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു.

 

ഹാദിഫിന്റെ വിശേഷങ്ങള്‍ അറിഞ്ഞ തൃശൂര്‍ മതിലകം സ്വദേശി റോണി ജോര്‍ജാണ് അവന്റെ അടുത്ത സ്വപ്‌നത്തിനുള്ള വിത്തിടുന്നത്. തന്റെ കയ്യില്‍ ഒരു പഴയ മാരുതി 800 ഉണ്ടെന്നും നിനക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ വെറുതേ എടുത്തോളൂ എന്നും റോണി പറയുന്നു. എന്നാല്‍ പിന്നെ 800നെ റോള്‍സ് റോയ്‌സ് ആക്കിയാലോ എന്നായി ഹാദിഫിന്റെ ചിന്ത. പിന്നെ അതിനു പിന്നാലെയായി.

 

ഓരോ മാസവും പിതാവ് നല്‍കുന്ന തുകകളാണ് ഈ വലിയ സ്വപ്‌നത്തിലേക്ക് ഹാദിഫിന് തുണയായത്. ഇന്റീരിയര്‍ ഹാദിഫ് തന്നെ വീട്ടില്‍ വെച്ചു ചെയ്‌തെടുത്തതാണ്. പഴയ വാഹനങ്ങള്‍ പൊളിക്കുന്ന ജോലിയുള്ള സുഹൃത്തിന്റെ പിതാവ് നല്‍കിയ ബിഎംഡബ്ല്യുവിന്റെ സീറ്റുകളാണ് ഉള്ളിലുള്ളത്. പ്രശസ്ത ശില്‍പിയും നാട്ടുകാരനുമായ ഡാവിഞ്ചി സുരേഷാണ് റോള്‍സ് റോയ്‌സിന്റെ വിഖ്യാതമായ ലോഗോ നിര്‍മിച്ചു നല്‍കിയത്. 

 

റോള്‍സ് റോയ്‌സിന്റെ മുഖമുദ്രയായ വലിയ ഗ്രില്ലും ബോണറ്റും ബംപറുമൊക്കെ നിര്‍മിച്ചെടുക്കുകയായിരുന്നു. തന്റെ സ്വപ്‌ന വാഹനത്തിന്റെ 90 ശതമാനം പണിയും പൂര്‍ത്തിയാക്കിയിട്ടുണ്ട് ഹാദിഫ്. ദ ബ്ലാക്ക് ഗോസ്റ്റ് എന്നാണ് പേരെങ്കിലും നിലവില്‍ വെള്ളനിറത്തിലാണ് ഹാദിഫിന്റെ റോള്‍സ് റോയ്‌സുള്ളത്. വൈകാതെ കറുപ്പു നിറവും മറ്റു പണികളും പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മിടുക്കന്‍.

 

English Summary: Kerala Teen Transforms Maruti 800 Into 'Rolls Royce'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com