'വാഹനക്കടത്തി'ലൂടെ കോടികളുടെ നേട്ടം കൊയ്ത് സെന്‍ട്രല്‍ റെയില്‍വേ

Mail This Article
'വാഹനക്കടത്തി'ലൂടെ കോടികളുടെ നേട്ടം കൊയ്ത് സെന്‍ട്രല്‍ റെയില്‍വേ. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ 15വരെയുള്ള കണക്കുകളില്‍ ഒരു ലക്ഷത്തിലേറെ വാഹനങ്ങളാണ് റെയില്‍ മാര്‍ഗം കൊണ്ടുപോയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 36% കൂടുതലാണിത്. 26 കോടിയോളം രൂപയുടെ അധിക വരുമാനവും സെന്‍ട്രല്‍ റെയില്‍വേ ഇതുവഴി നേടി.
രാജ്യത്തെ വാഹന വ്യവസായത്തിന്റെ പ്രധാന ഭാഗമാണ് വാഹനങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിക്കുന്നത്. സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും ഈ ദൗത്യം വിജയകരമായി നിര്‍വഹിക്കുകയാണ് സെന്‍ട്രല്‍ റെയില്‍വേ ചെയ്തിരിക്കുന്നത്. റെയില്‍വേയുടെ സോണല്‍, ഡിവിഷണല്‍ വിഭാഗങ്ങളിലെ ബിസിനസ് ഡെവലപ്‌മെന്റ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ വാഹന നിര്‍മാണ കമ്പനികള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ആരംഭിച്ചിരുന്നു. ഇത് റെയിലു വഴിയുള്ള വാഹന കടത്ത് കൂടുതല്‍ എളുപ്പത്തിലാക്കിയതോടെ ഈ സേവനത്തിനുള്ള ആവശ്യകതയും വര്‍ധിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെയുള്ള കാലത്ത് 120.18 കോടി രൂപയുടെ വരുമാനമാണ് വാഹനങ്ങള്‍ കൊണ്ടുപോയി സെന്‍ട്രല്‍ റെയില്‍വേ നേടിയത്. 1,01,433 വാഹനങ്ങളാണ് ഇക്കാലയളവില്‍ സെന്‍ട്രല്‍ റെയില്‍വേ ലക്ഷ്യത്തിലെത്തിച്ചു കൊടുത്തത്. 2022-23 വര്‍ഷത്തില്‍ ഇത് 74,168 വാഹനങ്ങള്‍ കൊണ്ടുപോയി 94.19 കോടി രൂപയാണ് നേടിയിരുന്നത്. വരുമാനത്തിലുണ്ടായ വര്‍ധനവ് 36%.
മുംബൈ ഡിവിഷനു കീഴിലെ കലംബോലി, നാഗ്പൂര്‍ ഡിവിഷനിലെ അജ്‌നി, ബുസാവല്‍ ഡിവിഷനിലെ നാസിക് റോഡ്, സോലാപൂര്‍ ഡിവിഷനിലെ ഡൗണ്ട്, വിലാഡ്, പൂനെ ഡിവിഷനിലെ കാഡ്കി, ചിന്‍ച്വാഡ്, മിറാജ്, ലോനി എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ ട്രെയിനുകളില്‍ കയറ്റിയിരുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, മാരുതി എന്നിങ്ങനെ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ സെന്‍ട്രല്‍ റെയില്‍വേയുടെ സൗകര്യം ഉപയോഗിക്കുന്നുണ്ട്.
491 ട്രെയിനുകളിലായി 79,136 വാഹനങ്ങള്‍ കയറ്റി അയച്ചുകൊണ്ട് പൂനെ ഡിവിഷനാണ് മുന്നിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 381 ട്രെയിനുകളില്‍ 49,945 വാഹനങ്ങളായിരുന്നു. രണ്ടാമതുള്ള ബുസാവല്‍ ഡിവിഷന്‍ 18,224 വാഹനങ്ങളാണ് കയറ്റി അയച്ചത് മുന്‍വര്‍ഷം ഇത് 15,852 വാഹനങ്ങളായിരുന്നു. ബുസാവല്‍ ഡിവിഷന്‍ 18,224 വാഹനങ്ങളും സോളാപൂര്‍ ഡിവിഷന്‍ 2,580 വാഹനങ്ങളും മുംബൈ ഡിവിഷന്‍ 1,203 വാഹനങ്ങളും ട്രെയിനില്‍ കയറ്റി അയച്ചു. രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലേക്കായാണ് ഈ വാഹനങ്ങള്‍ കയറ്റിഅയച്ചത്.