ലൈസൻസിന് ഇനി ‘എച്ച്’ പോരാ, ലേണേഴ്‌സ് ടെസ്റ്റിലും മാറ്റം; വരാനിരിക്കുന്നത് കഠിന പരീക്ഷ
Mail This Article
ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ ഇനി കഠിന പരീക്ഷണമാവുമെന്ന സൂചന നല്‍കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. വലിയ പരിഷ്‌ക്കാരങ്ങളാണ് ഡ്രൈവിങ് ലൈസന്‍സിനായുള്ള പരീക്ഷയിലും നടത്തിപ്പിലും വരുന്നത്. ഗതാഗതമന്ത്രിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘വണ്ടി ഓടിക്കാന്‍ അറിയുന്നവര്‍ക്കല്ല, വണ്ടി കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്കാണ്’ ഇനി ലൈസന്‍സ് ലഭിക്കുക.
ലേണേഴ്‌സ് ടെസ്റ്റ് മുതല്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കും. നിലവില്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയായാല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചിരുന്നു. ഇതിനു പകരം 30 ചോദ്യങ്ങളില്‍ 25 ശരിയുത്തരം നല്‍കിയാല്‍ മാത്രമേ ലേണേഴ്‌സ് ലഭിക്കൂ. ഒരു ദിവസം പരമാവധി 20 ലൈസന്‍സ് മാത്രം ഒരു ഓഫിസ് നല്‍കിയാല്‍ മതിയെന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ വരും. ഇങ്ങനെയൊരു മാറ്റമുണ്ടാവുമ്പോള്‍ പ്രതികരണങ്ങളും വാര്‍ത്തകളും ഉണ്ടാവുമെങ്കിലും അതൊന്നും സാരമാക്കുന്നില്ലെന്നും മന്ത്രി പറയുന്നു.
ഡ്രൈവിങ് ടെസ്റ്റിനിടെ പാര്‍ക്കിങ് പരീക്ഷയും നടത്തും. നിശ്ചിത ബോക്‌സിലേക്ക് മുന്നോട്ടും പുറകോട്ടും കയറ്റി പാര്‍ക്കു ചെയ്യാനുള്ള ഡ്രൈവറുടെ കഴിവ് പരീക്ഷിക്കും. ‘H’ന് പകരം വളഞ്ഞു പുളഞ്ഞ് മുന്നോട്ടും പുറകോട്ടും വാഹനം എടുക്കേണ്ടി വരും. റോഡില്‍ വാഹനം മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മുന്നിൽ ഓടിച്ചു കാണിക്കണം. ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ പാര്‍ക്ക് ചെയ്തും കാണിക്കണം. ടെസ്റ്റിനിടെ പെട്ടെന്ന് പാര്‍ക്കു ചെയ്യാന്‍ പറഞ്ഞെന്നു കരുതി നോ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്താലും വാഹനം റോഡില്‍നിന്ന് ഒതുക്കി പാര്‍ക്ക് ചെയ്തില്ലെങ്കിലും ലൈസന്‍സ് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവര്‍ കയറ്റത്തിലും ഇറക്കത്തിലും വാഹനം ഓടിച്ചു കാണിക്കണം. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന വാഹനത്തിനുള്ളില്‍ ക്യാമറ വച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കും. ഈ ദൃശ്യങ്ങള്‍ മൂന്നു മാസം സൂക്ഷിക്കും. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയാല്‍ നടപടിയെടുക്കുന്നതിനു വേണ്ടിയാണിത്. എടാ പോടാ വിളികള്‍ പാടില്ലെന്നും കുട്ടികളോടും സ്ത്രീകളോടും മാന്യമായി ഇടപെടണമെന്നും മന്ത്രി നിർദേശം നൽകി.
ഡ്രൈവിങ് സ്‌കൂളുകളുടെ രീതികളിലും മാറ്റം വരും. ഫുള്ളി ഓട്ടമേറ്റഡ് സംവിധാനങ്ങളുള്ള ഡ്രൈവിങ് സ്‌കൂളുകളിലേക്ക് വേഗത്തില്‍ മാറുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഡ്രൈവര്‍ പരിശീലനത്തിനും ലൈസന്‍സ് ടെസ്റ്റ് നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയ്‌നിങ് സെന്റര്‍ പദ്ധതി കൂടി നടപ്പിലാകുന്നതോടെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ അടിമുടി മാറ്റം പ്രതീക്ഷിക്കാം.