വിവാഹത്തിന് മോടികൂട്ടി സുരേഷ് ഗോപിയുടെ പുതിയ കാരവൻ
Mail This Article
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് മോടികൂട്ടി പുതിയ കാരവാൻ. മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയ താരകുടുംബത്തിന് വിശ്രമിക്കാനായി പുതിയ കാരവാനാണ് ഉപയോഗിച്ചത്. കോതമംഗലം ഓജസ് മോട്ടോമൊബൈൽസിൽ നിർമിച്ച കാരവാൻ കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ എത്തിച്ചത്.
ഓജസിന്റെ സ്റ്റേറ്റ്സ്മാൻ മോഡലിലാണ് കാരവാന്റെ നിർമാണം. സുരേഷ് ഗോപിയുടെ താൽപര്യപ്രകാരം മാറ്റങ്ങൾ വരുത്തി നിർമിച്ച കാരവാന് നിരവധി പ്രത്യേകതകളുണ്ട്. എസ്ജി എന്ന ഇലുമിനേറ്റഡ് ലോഗോയാണ് വാഹനത്തിന്. റോൾസ് റോയ്സ് കാറുകളുടെ റൂഫിൽ കാണുന്നതുപോലൂള്ള സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിങ്ങുണ്ട്. മറ്റ് കാരവാനുകളിൽ ടിവിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിൽ ടേബിളിൽ നിന്ന് ഉയർന്ന് വരുന്ന പ്രൊജക്റ്റർ സ്ക്രീനാണ്.
പേള്‍ വൈറ്റ് നിറത്തിലാണ് വാഹനം പിയാനോ ബ്ലാക്ക് ഇൻസേർട്ടുകളുമുണ്ട്. ഇന്റീരിയറിന് ബീജ് നിറമാണ് നൽകിയിരിക്കുന്നത്. സ്വിച്ചുകളും മറ്റു മെല്ലാം ടച്ച്പാഡുകളാണ്. എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപുകളാണ്. വശത്തുനിന്നും മാത്രമല്ല പിന്നിൽനിന്നും വാഹനത്തിലേക്ക് പ്രവേശിക്കാം. പിന്നിൽ സ്ലൈഡ് ഔട്ട് സ്റ്റെപ്പാണ്. ഡ്രൈവർ ക്യാബിൻ, ട്രാവലിങ്/മീറ്റിങ് റൂം, ബെഡ് റൂം/ മേക്അപ്പ് റൂം, ടോയ്‌ലെറ്റ് എന്നിവയുണ്ട്.
സുരേഷ് ഗോപിക്ക് വേണ്ടി ഓജസ് നിർമിക്കുന്ന മൂന്നാമത്തെ കാരവാനാണിത്. ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്.