ഓടിക്കൊണ്ടിരുന്ന വോൾവോ വൈദ്യുത കാറിന് തീപിടിച്ചു: വിഡിയോ

Mail This Article
സുരക്ഷയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ള വാഹന നിര്‍മാതാക്കളാണ് വോള്‍വോ. സുരക്ഷിതവാഹനമെന്ന അവരുടെ സൽപേരിനു കളങ്കമായി ഒരു അപകടം ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നു. വോള്‍വോ സി40 റീചാര്‍ജ് എന്ന വൈദ്യുതകാന് റോഡില്‍ വച്ച് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. വൈദ്യുത കാറുകളുടെ സുരക്ഷയെ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങള്‍ ഈ സംഭവം ഉയര്‍ത്തുന്നുണ്ട്.
62.95 ലക്ഷം രൂപ വിലയുള്ള പ്രീമിയം വിഭാഗത്തില്‍ പെടുന്ന വാഹനമാണ് വോള്‍വോ സി40 റീചാര്‍ജ്. സ്വാഭാവികമായും സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഏറെ മുന്‍തൂക്കമുള്ള മോഡൽ. ഇന്ത്യയില്‍ ലഭ്യമായ വൈദ്യുത കാറുകളില്‍ ഏറ്റവും വിലയുള്ള കാറുകളിലൊന്നാണിത്. എന്നാല്‍ തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വോള്‍വോ സി40 റീചാര്‍ജ് എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയും സജീവമാവുകയാണ്.
തീപിടിക്കുന്നത് ശ്രദ്ധയിൽപെട്ടതിന് തുടർന്ന് ഡ്രൈവർ റോഡരികിൽ വാഹനം നിർത്തി, യാത്രക്കാര്‍ സുരക്ഷിതമായി പുറത്തിറക്കി. വാഹനം ഓടിച്ചയാള്‍ തന്നെയാണ് തീപിടിച്ച വിഡിയോയും പകര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'സി40 ഡ്രൈവു ചെയ്യുന്നതിനിടെ തീ പിടിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തീ പിടുത്തത്തെക്കുറിച്ച് കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ മുന്നറിയിപ്പു നല്‍കിയതോടെയാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത്. കാറില്‍ യാത്ര ചെയ്തിരുന്ന എല്ലാവരും സുരക്ഷിതരാണ്. കസ്റ്റമര്‍ കെയര്‍ സംവിധാനം വഴി തല്‍സമയം സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഞങ്ങളുടെ സാങ്കേതിക വിദഗ്ധര്‍ അപകടത്തില്‍ പെട്ട കാര്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ഉപഭോക്താവിനു വേണ്ട പിന്തുണ നല്‍കും' എന്നാണ് സംഭവത്തിൽ വോള്‍വോയുടെ വിശദീകരണം.
വൈദ്യുത വാഹനങ്ങളുടെ പ്രചാരം അതിവേഗത്തില്‍ വര്‍ധിക്കുന്നതിനൊപ്പം സുരക്ഷ സംബന്ധിച്ച ചോദ്യങ്ങളും ഈ സംഭവം ഉയര്‍ത്തുന്നുണ്ട്. വൈദ്യുത സ്‌കൂട്ടറുകളും ചാര്‍ജു ചെയ്യുമ്പോഴും റോഡില്‍ വച്ചും തീ പിടിച്ച സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ തന്നെ ഇക്കാര്യം അന്വേഷിച്ചിരുന്നു. ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിലുള്ള സോഫ്റ്റ്‌വെയര്‍ പിഴവുകളാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും പിന്നിലെന്നാണ് ഡിആര്‍ഡിഒ കണ്ടെത്തിയത്.