കാണുന്നവർക്ക് ഭയം തോന്നും; കുട്ടിയുമായി ഒരു അപകട യാത്ര–വിഡിയോ

Mail This Article
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കു ഹെൽമെറ്റ് നിർബന്ധമാണെന്നിരിക്കെ ഹെൽമെറ്റ് പോലുമില്ലാതെ അപകടകരമായ രീതിയിൽ സ്കൂട്ടറിന്റെ ഫൂട്ട് റെസ്റ്റിൽ കുട്ടിയെ നിർത്തികൊണ്ടുള്ള ഒരു യാത്രയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ബെംഗളൂരുവിലാണ് സംഭവം. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ, പുറകിലിരിക്കുന്ന സ്ത്രീ കൈകൾ കൊണ്ട് പിടിച്ചിരിക്കുന്ന നിലയിലാണ് കുട്ടിയെ കാണാൻ കഴിയുക. ഫൂട്ട് റെസ്റ്റിൽ നിന്നാണ് കുട്ടിയുടെ യാത്ര എന്നതാണ് എടുത്തു പറയേണ്ടത്. കാണുന്നവർക്ക് പോലും ഭയം തോന്നുന്ന രീതിയിലുള്ള ഈ പ്രവർത്തിയ്‌ക്കെതിരെ ബെംഗളൂരു പൊലീസ് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
അപകടകരമായ രീതിയിൽ ഫൂട്ട് റെസ്റ്റിൽ കുട്ടിയെ നിർത്തിയുള്ള ഡ്രൈവിങ് മാത്രമല്ല, പുറകിലിരിക്കുന്ന സ്ത്രീ ഹെൽമെറ്റ് ധരിച്ചിട്ടില്ല എന്നതും വിഡിയോയിൽ വ്യക്തമാണ്. വളവുകളിലെല്ലാം വളരെ ശ്രദ്ധാപൂർവമാണ് ഡ്രൈവിങ്. കുട്ടിയുടെ ബാലൻസ് നഷ്ടപ്പെടാതിരിക്കാനും വാഹനത്തിൽ നിന്നും വീഴാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഈ കാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ബെംഗളൂരു പൊലീസിന്റെ കണ്ണിലും കാഴ്ച്ചയുടക്കി. വളരെ പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ വാഹനം പിടിച്ചെടുക്കുകയോ ഇത്തരം നിരുത്തരവാദിത്വപരമായ സമീപനത്തിന് തക്കതായ ശിക്ഷ സ്കൂട്ടർ യാത്രികർക്ക് നൽകിയോ അതോ പിഴയിൽ ഒതുക്കിയോ എന്നതിനെക്കുറിച്ചൊന്നും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ചെറിയൊരു പാളിച്ച വന്നാൽ പോലും ആ യാത്ര വലിയൊരു ദുരന്തത്തിൽ കലാശിക്കുമെന്നു അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ഫൂട്ട് റെസ്റ്റിൽ നിർത്തിയുള്ള ഡ്രൈവിങ്. വാഹനം തിരിക്കുമ്പോഴും മറ്റും കുട്ടി റോഡിലേക്ക് വീഴാനും സാരമായ രീതിയിൽ പരിക്കുകൾ പറ്റാനും സാധ്യതയുണ്ട്. മാത്രമല്ല, സ്കൂട്ടർ ഓടിക്കുന്ന വ്യക്തിയുടെ കാഴ്ചയെ മറയ്ക്കുന്ന രീതിയിലാണ് കുട്ടി നിൽക്കുന്നത്. പുറകിൽ നിന്നും വരുന്ന വാഹനങ്ങൾ ഡ്രൈവർക്കു കാണുവാൻ കഴിയുകയുമില്ല. പുറകിലെ വരുന്ന വാഹനങ്ങൾ സ്കൂട്ടറിൽ ഇടിക്കാനും സാധ്യതയുണ്ട്. തിരക്കേറെയുള്ള ബെംഗളൂരുവിലാണ് ജീവന് യാതൊരു വിലയോ കരുതലോ നല്കാതെയുള്ള ഡ്രൈവിങ്.