ADVERTISEMENT

മിനുങ്ങും മിന്നാമിനുങ്ങായി മലയാളി  മനസ്സിലേക്കു പറന്നിറങ്ങിയ കുഞ്ഞു താരം മീനാക്ഷി അനൂപിന്റെ യാത്രകളിൽ കൂട്ടുകൂടാനെത്തിയതാണ് എംജിയുടെ ഇലക്ട്രിക് വാഹനമായ കോമറ്റ്. കാഴ്ചയിൽ കൗതുകം തോന്നുന്ന കുഞ്ഞൻ ഇവിയ്ക്കായി താരം തിരഞ്ഞെടുത്ത നിറം മഞ്ഞയാണ്. ഏതു തിരക്കിലും ആരും ശ്രദ്ധിക്കുന്ന കാറിന്റെ നിറവും വിശേഷങ്ങളും പുതിയ കാർ സ്വപ്നങ്ങളുമെല്ലാം പങ്കുവയ്ക്കുകയാണ് മീനാക്ഷി. 

ആദ്യത്തെ വാഹനമല്ല കോമറ്റ് 

വീട്ടിൽ രണ്ട് കാറുകളുണ്ട് ഹോണ്ട ബി ആര്‍ വിയും, ഫോഡ് ഇകോസ്പോർടും ഇത് മൂന്നാമത്തെ കാറാണ്. എനിക്ക് പ്രായപൂർത്തിയായതിനു ശേഷം  ആദ്യമായി വാങ്ങുന്ന വാഹനം കോമറ്റ് ആണ്. അതുകൊണ്ടു തന്നെ ഇത് അൽപം സ്പെഷലാണ്. ഷൂട്ടിനും ദൂരയാത്രകൾക്കുമൊന്നുമില്ലാതെ, ചെറിയ ദൂരങ്ങൾക്കായി വാങ്ങിയ വാഹനമാണിത്. ഡീസലിന്റെയും പെട്രോളിന്റെയും ഇപ്പോഴത്തെ വില നോക്കുമ്പോൾ ഇവി ഒരു മികച്ച ഓപ്ഷനായിട്ടാണ് തോന്നിയത്. ഈ കാർ റോഡിലൂടെ പോകുമ്പോൾ എല്ലാവർക്കു ചിരിയാണ്.  ചിലർ കൗതുകത്തോടെ നോക്കുമ്പോൾ,  'ഇതെന്താ പോകുന്നത്' എന്ന ഭാവത്തിലാണു ചിലരുടെ നോട്ടവും ചിരിയും. ചെറിയ കാർ ആയതു കൊണ്ട് ഒരു വിമുഖതയുമില്ലാതെ ആളുകൾ വന്നു സംസാരിക്കും, വാഹനത്തിനറെ വില തിരക്കും. അതേ സമയത്ത് ഒരു ലക്ഷ്വറി കാർ ആയിരുന്നെങ്കിൽ ഇത്രയും ആളുകൾ ശ്രദ്ധിക്കില്ലായിരുന്നു.

meenakshi-anoop-main-image

മഞ്ഞ നിറവും, വേറിട്ട ചിന്തയുള്ള അച്ഛനും 

എനിക്കു ഏറ്റവും ഇഷ്ടമുള്ള നിറം മഞ്ഞയാണ് എന്നാൽ ഈ കാറിനു മഞ്ഞ നിറം തിരഞ്ഞെടുക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. ഈ നിറത്തെ ചൊല്ലി ഞാനും അച്ഛനും തമ്മിൽ ഒരുപാട് തർക്കിച്ചു. അച്ഛൻ ഒരു വ്യത്യസ്തത യ്ക്കു വേണ്ടി നൽകിയ നിറമാണ്. അതുകൊണ്ട് എവിടെ നിന്നു കണ്ടാലും ഈ കാറിനെ  ആളുകൾ തിരിച്ചറിയും . അച്ഛന്‍ എന്തു ചെയ്താലും അതിൽ ഒരു വ്യത്യസ്തത കണ്ടെത്തും. സാധാരണയിൽ നിന്നും മാറി ചിന്തിക്കുന്ന സ്വഭാവത്തിനുടമയാണ്.

പ്രിയപ്പെട്ട ബ്രാൻഡ് വോൾവോയാണ്  

അടുത്തത് വോൾവോയുടെ കാർ വാങ്ങണമെന്നാണ് ആഗ്രഹം. സുരക്ഷയുടെ കാര്യത്തിലായാലും സവിശേഷതകൾ നോക്കിയാലും വോൾവോയുടെ വാഹനങ്ങൾ മികച്ചതാണെന്നു എല്ലാവർക്കും അറിയാമല്ലോ. അമർ അക്ബർ അന്തോണി ഷൂട്ടിങ് സമയത്ത് ജയൻ അങ്കിളിന്റെ കാർ കണ്ടതു മുതലാണ് എനിക്കു വോൾവോയോട് ഇഷ്ടം തോന്നി തുടങ്ങിയത്. അച്ഛൻ ഇനി പുതിയൊരു കാർ വാങ്ങാൻ സമ്മതിക്കില്ലന്നു പറയുന്നതിനു പിന്നിൽ മറ്റൊരു കാരണം ഉണ്ട്.  അച്ഛൻ എപ്പോഴും പറയും നമ്മുടെ അടുത്ത ഉന്നം ഒരു കാരവന്‍ ആയിരിക്കണം . അത് സിനിമാ ലൊക്കേഷനുകളിൽ കാണുന്ന ടൈപ്പ് അല്ല. ഒരു വാൻ ലൈഫ് പോലെ യാത്രകൾ ചെയ്യാൻ പറ്റിയ കാരവാൻ. ഞങ്ങൾ ഫാമിലിയായി ഒരുപാട് യാത്രകൾ ചെയ്യാറുണ്ട് ഏതെങ്കിലും നല്ല സ്ഥലങ്ങളിൽ പോയാൽ ഏറ്റവും ഭംഗിയുള്ള കാഴ്ച അവിടത്തെ ഉൾഗ്രാമങ്ങളിലായിരിക്കും. അങ്ങനെയുള്ള സ്ഥലങ്ങളിലൊന്നും നല്ല ഭക്ഷണമോ താമസമോ ലഭിക്കാറില്ല. ആ യാത്രകളിൽ ഒരു കാരവാന്‍ ഉണ്ടെങ്കിൽ. അതിൽ താമസിച്ചു സ്വന്തമായി പാചകം ചെയ്തു കഴിക്കാമല്ലോ.

meenakshi-anoop-4

കോമറ്റ് തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ 

ചെറിയ വാഹനമാണെങ്കിലും സൗകര്യങ്ങൾ ഒരുപാടുണ്ട്, എബിഎസ്, എയർബാഗ് പവർ വിൻഡോ, ഹിൽ ഹോൾഡ് അസിസ്റ്റൻറ്, അങ്ങനെ ഈ കാറിൽ ഉൾക്കൊള്ളിക്കാവുന്ന എല്ലാ സൗകര്യങ്ങളും കോമറ്റിൽ‌ കാണാം. ഇനി ഇലക്ട്രിക് വാഹനങ്ങളുടെ സമയമാണല്ലോ അപ്പോൾ ഈ വാഹനം ഒന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി.  എംജി എന്നു കേള്‍ക്കുമ്പോൾ ഒരു പ്രീമിയം ഫീൽ ആളുകള്‍ക്കു തോന്നും, ഒരുപാട് വാഹനങ്ങളുള്ള ഒരാൾ ഒരു ചെറിയ കാർ കൂടി എടുത്തതായെ ആളുകൾ കരുതൂ. ഇത് ആദ്യത്തെ ഇവി അല്ല. വീട്ടിൽ ഒരു ഇലക്ട്രിക് സ്കൂട്ടറുണ്ട് ഇപ്പോൾ കോമെറ്റും.

ഈ വാഹനം ടാറ്റ നിർമിച്ചിരുന്നെങ്കിൽ 

കോമെറ്റ് ടാറ്റ  ആണ് പുറത്തിറക്കിയിരുന്നതെങ്കിൽ അഞ്ചു ലക്ഷം രൂപയിൽ താഴെ ലഭിച്ചേനെ. കാർ അഴിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് ഇതിനുള്ളിലെ പല പാർട്സുകളും ഇന്ത്യൻ നിർമിതമാണ്. ബാറ്ററി ടാറ്റയുടേതാണ്. നമ്മൾ പകുതി പണം നൽകുന്നത് ഈ ബ്രാൻഡ് വാല്യുവിനാണെന്നു തോന്നി. നാലു പേർക്കു യാത്ര ചെയ്യാമെങ്കിലും രണ്ടു ഡോറുകളാണുള്ളത്.ഒരു സെവൻ സീറ്റർ വാഹനത്തിൽ കയറുന്ന പോലെ സീറ്റു മടക്കി വേണം പിന്നിലേക്കു കയറാൻ.

meenakshi-anoop-2

ചാർജിങ് 

ഡ്രൈവിനായി മൂന്നു മോഡുകളാണുള്ളത്. എക്കോ, നോർമൽ പിന്നെ സ്പോർട്സമോഡ്. കൂടുതലും എക്കോയിൽ തന്നെയാണ് ഓടിക്കുന്നത്.അത്യാവശ്യം പെർഫോമൻസ് ലഭിക്കുന്നുണ്ട്. ഇത് ഫാസ്റ്റ് ചാർജിങ് ഓപ്ഷനുള്ള മോഡലല്ല. ടോപ് വേരിയന്റിലാണ് ഫാസ്റ്റ് ചാർജിങ് വരുന്നത്. വീട്ടിൽ സോളാർ സിസ്റ്റമുള്ളതു കൊണ്ട് ചെറിയ യാത്ര കഴിയുമ്പോൾ തന്നെ റീചാർജു ചെയ്യും. ഏഴു മണിക്കൂറോളം വേണം വാഹനം ഫുൾ ചാർജ് ആകാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com