ബൈക്കിൽ അവതാരകയെ പുറകിലിരുത്തി അഭിമുഖം; നടനെതിരെ കേസ്
Mail This Article
അന്ധഗൻ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബൈക്കിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച നടൻ പ്രശാന്തിന് ചെന്നൈ ട്രാഫിക് പോലീസിന്റെ പിഴ. അവതാരകയെ പുറകിലിരുത്തി അഭിമുഖം നൽകിയതിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് ചിലർ എക്സ് പ്ലാറ്റ്ഫോമിൽ ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് സംഭവം ചൂണ്ടി കാണിച്ചതിനെ തുടർന്നാണ് താരത്തിന് പിഴയീടാക്കിയത്. പ്രശാന്തിനു മാത്രമല്ല, ഹെൽമെറ്റ് ധരിക്കാതെ നടനു പിന്നിലിരുന്നു യാത്ര ചെയ്ത അവതാരികയ്ക്കും ട്രാഫിക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്.
രണ്ടായിരം രൂപയാണ് പ്രശാന്ത് പിഴയായി അടക്കേണ്ടി വരുക. സംഭവത്തെക്കുറിച്ച് താരം പ്രതികരിച്ചത് ഇപ്രകാരമാണ്. ഞങ്ങൾ ബൈക്കിൽ ഒരു അഭിമുഖം ചെയ്തത് നിങ്ങൾ കണ്ടുകാണും. ഹെൽമെറ്റ് ധരിക്കാതെയിരുന്നതു ശ്രദ്ധിച്ചു കാണുമല്ലോ. ആ ഷോയ്ക്കു വേണ്ടി മാത്രമാണ് അങ്ങനെ യാത്ര ചെയ്തത്. വാഹനമോടിക്കുമ്പോൾ നിങ്ങൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം. താനും അതെപ്പോഴും വാദിക്കുന്ന കാര്യമാണ്. അഭിമുഖത്തിനിടെ ഹെൽമെറ്റ് ധരിച്ചാൽ സംസാരിക്കുന്നതു കേൾക്കുകയില്ല എന്നത് കൊണ്ടാണ് ഒഴിവാക്കിയത്. എപ്പോഴും സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. ഹെൽമെറ്റ് ധരിക്കൂ, സുരക്ഷിതരാകൂ.
ആദ്യമായി ബൈക്ക് ഓടിക്കാൻ പഠിച്ചതിനെ കുറിച്ച് പ്രശാന്ത് അഭിമുഖത്തിൽ വളരെ രസകരമായി വിശദീകരിക്കുന്നുണ്ട്. ബൈക്ക് ഓടിക്കാൻ പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ പിതാവ് ത്യാഗരാജൻ പുതിയൊരു ആർ എക്സ് 100 വാങ്ങി നൽകി. അങ്കിൾ എസ്. കുമാറാണ് തന്നെ ഡ്രൈവിങ് പഠിപ്പിച്ചത്. മൂന്നു ദിവസം കൊണ്ടു ഡ്രൈവിങ് പഠിക്കുന്നതിനിടയിൽ പലകുറി സ്കിഡ് ആയി വീഴുകയും ബൈക്കിന്റെ ഗിയറെല്ലാം ഒടിഞ്ഞു പോകുകയുമൊക്കെ ചെയ്തു. എങ്കിലും ബൈക്ക് ഓടിക്കാൻ അപ്പോഴേക്കും പഠിച്ചിരുന്നു. മൂന്നാം നാൾ പിതാവ് ബൈക്ക് ഓടിക്കാൻ പഠിച്ചോ എന്ന് ചോദിച്ചപ്പോൾ, പഠിച്ചു എന്ന് മറുപടി നൽകി. നാലാമത്തെ ദിവസം ആ ബൈക്ക് വിൽക്കുകയും ചെയ്തു. പിന്നെ ബൈക്ക് ഓടിക്കണമെന്ന മോഹം പറഞ്ഞിട്ടില്ലെന്നും പ്രശാന്ത് കൂട്ടിച്ചേർക്കുന്നു.
പിന്നീട് ബൈക്ക് വാങ്ങി നൽകിയില്ലെങ്കിലും കഴിഞ്ഞ പിറന്നാൾ ദിനത്തിൽ പിതാവ് ത്യാഗരാജൻ പ്രശാന്തിന് സമ്മാനമായി നൽകിയത് ബി എം ഡബ്ള്യു എക്സ് 7 Xഡ്രൈവ് 40i M സ്‌പോർട് ആയിരുന്നു. 1.60 കോടി രൂപ വില വരുന്ന കാറിന്റെ താക്കോൽ ത്യാഗരാജൻ മകന് കൈമാറുന്നതിന്റെയും പ്രശാന്ത് കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതിന്റെയും വിഡിയോ അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.