ADVERTISEMENT

സൺറൂഫ് ഉള്ള വാഹനങ്ങളോട് ഇന്ത്യക്കാർക്ക് പ്രിയമേറെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ പുറത്തിറങ്ങുന്ന വാഹനങ്ങളിൽ ഈ പ്രീമിയം ഫീച്ചർ ഉൾക്കൊള്ളിക്കാൻ വാഹന നിർമാതാക്കൾ ശ്രമിക്കാറുമുണ്ട്. എന്നാൽ പലരും ഈ ഫീച്ചർ ദുരുപയോഗം ചെയ്യുന്നതിന്റെ വിഡിയോകൾ നാം നിരവധി തവണ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ചെന്നൈയിൽ നിന്നുമുള്ളത്. സഞ്ചരിക്കുന്ന കാറിലെ സൺ റൂഫിനുള്ളിൽ നിന്നുകൊണ്ട് മദ്യപിക്കുന്ന കമിതാക്കളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. എക്സ് പ്ലാറ്റ്‌ഫോമിൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ചെന്നൈയിലെ ഒരു പൊതുനിരത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. തിരക്കേറെയുള്ള പാതയിൽ, സഞ്ചരിക്കുന്ന സെഡാന്റെ സൺ റൂഫിൽ നിന്നാണ് ഇരുവരും മദ്യപിച്ചത്. പുറകിലുള്ള വാഹനത്തിൽ സഞ്ചരിച്ചവരാണ് ഇരുവരുടെയും വിഡിയോ പകർത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ ചെന്നൈ പോലീസിന്റെ ശ്രദ്ധയും ലഭിച്ചു. ഉടൻ തന്നെ വാഹനം കണ്ടെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 23 വയസുകാരനായ നിയമവിദ്യാർത്ഥിയും പെൺസുഹൃത്തുമാണ് നിയമലംഘനത്തിന് പൊലീസ് പിടിയിലായത്. വാഹനം ഓടിച്ചിരുന്ന വ്യക്തിക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് നിയമവിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. വാഹനവും പിടിച്ചെടുത്തതായി ചില റിപ്പോർട്ടുകളുണ്ട്. 

തല പുറത്തേയ്ക്കിടാനും കയറി നിന്ന് കാഴ്ചകൾ കാണാനുമുള്ളതല്ല സൺ റൂഫ്. റോഡിലെ ഇത്തരം നിരുത്തരവാദിത്വപരമായ  പ്രവർത്തികൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. പെട്ടെന്ന് വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണാൽ പരിക്കുകൾ പറ്റാനും ജീവൻ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. പുറകിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് തിരക്കേറെയുള്ള പാതയിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ അതും അപകടങ്ങളിലേക്കു വഴിവയ്ക്കും. ഇതുപോലുള്ള നിരവധി സംഭവങ്ങൾ നേരത്തെയും നിരവധി തവണ റിപ്പോർട്ട് ചെയ്യുകയും പൊലീസ് നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സൺ റൂഫിനുള്ളിൽ കയറി നിൽക്കുന്നത് സ്റ്റണ്ട് എന്ന രീതിയിലാണ് നിയമത്തിൽ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു കടുത്ത നിയമലംഘനം കൂടിയാണ്. 

തല പുറത്തിടാനുള്ളതല്ല സൺ റൂഫ്   

നേരത്തെ ആഡംബര ഫീച്ചറായി എത്തിയിരുന്ന സണ്‍റൂഫ് ഇന്ന് സാധാരണ കാറുകളിലും ലഭ്യമാണ്. പുറത്തു നിന്നുള്ള വായുവും വെളിച്ചവും വാഹനത്തിന് അകത്തേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന സൗകര്യമാണ് സണ്‍ റൂഫ്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയത്തും പൊടിയും ചൂടുമുള്ള കാലാവസ്ഥയിലുള്ള പ്രദേശങ്ങളിലും വായു മലിനീകരണം കൂടുതലുള്ളിടത്തുമെല്ലാം സണ്‍ റൂഫിന്റെ ഉപയോഗം പരിമിതമാണ്.

ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ സണ്‍റൂഫ് അപകട കാരണമാവാറുമുണ്ട്. എപ്പോള്‍ ഉപയോഗിക്കണം എന്നതിനൊപ്പം എപ്പോഴൊക്കെ ഉപയോഗിക്കരുതെന്ന ധാരണയും സണ്‍റൂഫിന്റെ കാര്യത്തില്‍ ആവശ്യമാണ്. യാത്രക്കാരെ, പ്രത്യേകിച്ച് കുട്ടികളെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫിലൂടെ പുറത്തേക്കു തലയിടാന്‍ അനുവദിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.

സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ടു നില്‍ക്കുന്നവരുടെ തലയോ ശരീരഭാഗങ്ങളോ എവിടെയെങ്കിലും ഇടിക്കാനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യമുണ്ടായാല്‍ പരിക്കേല്‍ക്കാനും ഇവര്‍ പുറത്തേക്കു തെറിച്ചു പോവാനുമെല്ലാം സാധ്യത ഏറെയാണ്. സെല്‍ഫിയും വിഡിയോയുമൊക്കെ എടുക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാനും വാഹനം അപകടത്തില്‍ പെടാനുമുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. താഴ്ന്നു നില്‍ക്കുന്ന മരങ്ങളുടെ ചില്ലകളോ വയറുകളോ ഒക്കെ ഇത്തരം സമയങ്ങളില്‍ അപകട കാരണമാവാറുണ്ട്. തല പുറത്തേക്കിടാനുള്ള ഫീച്ചറല്ല വാഹനങ്ങളിലെ സണ്‍റൂഫ് എന്നു തിരിച്ചറിയുക. അല്ലാത്തപക്ഷം നിയമനടപടികൾക്കൊപ്പം അപകടങ്ങൾക്കും മാനസികമായി തയാറെടുക്കുക.

English Summary:

Chennai Couple Arrested for Misusing Car Sunroof Amidst Moving Traffic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com