ഹിറ്റായി ഈ ബൈക്കുകൾ; വില്പന വളര്‍ച്ചയിൽ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി
Mail This Article
പുത്തന്‍ ഉണര്‍വ് പ്രകടമാക്കി ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി. പുതിയ മോഡലുകളുടെ വരവും സാമ്പത്തികസ്ഥിതിയിലെ പുരോഗതിയുമെല്ലാം ഇരുചക്രവാഹന വില്പനയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ജൂലൈ 2024ല്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 4.91ശതമാനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.17ശതമാനവും വില്പന വളര്‍ച്ച ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി നേടി. ഫെഡറേഷന് ഓഫ് ഓട്ടമൊബീല്‍ ഡീലേഴ്സ് അസോസിയേഷനാണ്(എഫ്എഡിഎ) വില്പനയുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
2024 ജൂലൈയില്‍ 14,43,463 ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. 2023 ജൂലൈയില്‍ ഇത് 12,31,930 ആയിരുന്നു. വാര്‍ഷിക വില്പന വളര്‍ച്ച 17.17ശതമാനം. കഴിഞ്ഞമാസം 13,75,889 ഇരുചക്രവാഹനങ്ങളാണ് വിറ്റിരുന്നത്. പ്രതിമാസ വില്പന വളര്‍ച്ച അങ്ങനെ 4.91 ശതമാനം രേഖപ്പെടുത്തുകയും ചെയ്തു. പ്രധാന ഇരുചക്രവാഹന കമ്പനികളെല്ലാം തന്നെ വില്പന വളര്‍ച്ച ജൂലൈയില്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കുതിപ്പിലാണെന്നതിന്റെ സൂചന നല്‍കുന്നതാണ് ഈ കണക്കുകള്‍.
ജൂലൈയില്‍ 3,99,324 യൂണിറ്റുകള്‍ വിറ്റ് ഹീറോ മോട്ടോകോര്‍പ് തന്നെയാണ് പട്ടികയില്‍ മുന്നിലുള്ളത്. ജൂണില്‍ 3,61,766 യൂണിറ്റുകളാണ് ഹീറോ വിറ്റിരുന്നത്. പ്രതിമാസ വില്പന വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹീറോയുടെ വിപണി വിഹിതം 29.37 ശതമാനത്തില്‍ നിന്നും 27.66 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ വില്പനയില് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ഹോണ്ടയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 2,99,790 വാഹനങ്ങള്‍ വിറ്റ ഹോണ്ട ഇക്കഴിഞ്ഞ ജൂലൈയില്‍ 3,68,753 ടുവീലറുകള്‍ വിറ്റു. വാര്ഷികവില്പന വളര്‍ച്ച നേടുക മാത്രമല്ല വിപണി വിഹിതം കഴിഞ്ഞ വര്‍ഷത്തെ 24.33 ശതമാനത്തില്‍ നിന്നും 25.55 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കാനും ഹോണ്ടക്ക് സാധിച്ചു.
ഇന്ത്യന്‍ കമ്പനിയായ ടിവിഎസ് മോട്ടോറാണ് മൂന്നാം സ്ഥാനത്തുള്ളത്. 2023 ജൂലൈയില്‍ 2,13,628 ഇരുചക്രവാഹനങ്ങള്‍ വിറ്റ ടിവിഎസ് 2024 ജൂലൈയില്‍ 2,51,140 ഇരുചക്രവാഹനങ്ങള്‍ വിറ്റുകൊണ്ടാണ് വില്പന വളര്‍ച്ചയും മൂന്നാം സ്ഥാനവും നേടിയത്. 17.40 ആണ് ടിവിഎസിന്റെ വിപണിവിഹിതം. നാലാം സ്ഥാനത്തുള്ള ബജാജ് 2024 ജൂലൈയില്‍ 1,61,435 ഇരുചക്രവാഹനങ്ങളാണ് വിറ്റത്. വാര്‍ഷിക വില്പന വളര്‍ച്ചയും 11.18 ശതമാനം വിപണി വിഹിതവും നേടാന്‍ ബജാജിനായി. സിഎന്‍ജി ബൈക്കിന്റെ വരവും ബജാജിന് ഗുണം ചെയ്തു. 2023 ജൂലൈയില്‍ 62,755 ഇരുചക്രവാഹനങ്ങള്‍ വിറ്റിരുന്ന സുസുക്കി 79,796 ഇരുചക്രവാഹനങ്ങള്‍ വിറ്റാണ് അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ആറാം സ്ഥാനവും(57,325) യമഹ ഏഴാം സ്ഥാനവും(54,622) നേടി.
ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ ഒല ഇലക്ട്രിക്ക് തന്നെയാണ് മുന്നില്‍. ജൂലൈയില്‍ 41,624 വാഹനങ്ങള്‍ വില്ക്കാന് ഒലക്ക് സാധിച്ചു. 2023 ജൂലൈയില്‍ 19,406 യൂണിറ്റായിരുന്നതാണ് 22,218 യൂണിറ്റുകളുടെ അധിക വില്പനയോടെ ഒല 41,624 ലേക്കെത്തിച്ചത്. വൈദ്യുത മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലേക്കു കൂടി വില്പന വ്യാപിപ്പിക്കാന്‍ ഒല ഇലക്ട്രിക് തീരുമാനിച്ചിട്ടുണ്ട്. ഒല ബൈക്ക് കൂടി വരുന്നതോടെ റിവോള്‍ട്ട്, ഒബെന്, ടോര്‍ക്ക് തുടങ്ങിയ ഇബൈക്ക് കമ്പനികള്‍ക്കും ഒല വെല്ലുവിളിയാവും.
ഒലയോളമില്ലെങ്കിലും തനതായ രീതിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ച ഇവി കമ്പനിയാണ് ഏഥര്‍. കഴിഞ്ഞ മാസം 10,087 യൂണിറ്റുകളാണ് ഏഥര്‍ വിറ്റത്. 2023 ജൂലൈയില്‍ ഇത് 6,685 യൂണിറ്റുകളായിരുന്നു. ഗ്രേവ്സ്(3,154), പിയാജിയോ(3,026), ക്ലാസിക് ലെജന്‍ഡ്സ്(2,131) എന്നിവയാണ് ഇവി ഇരുചക്രവാഹന വിപണിയിലെ മറ്റു പ്രധാന കമ്പനികള്‍. ഇക്കൂട്ടത്തിലെ ക്ലാസിക് ലേജന്‍ഡ്സ് മാത്രമാണ് 2023 ജൂലൈയെ(2,188) അപേക്ഷിച്ച് വില്പനയില് ഇടിവു രേഖപ്പെടുത്തിയ കമ്പനി.