സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫീച്ചറുകളുമായി ഒല ഇലക്ട്രിക് ബൈക്ക് വരുന്നു; ടീസർ വിഡിയോ
Mail This Article
ഇന്ത്യന്‍ വൈദ്യുത സ്കൂട്ടര്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്പനിയാണ് ഒല ഇലക്ട്രിക്. ഇപ്പോഴും ഇവി സ്കൂട്ടറുകളുടെ വില്പനയില് വലിയ പങ്ക് ഒലക്ക് സ്വന്തമാണ്. ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലേക്കു കൂടി ഒല ഇറങ്ങുന്നതോടെ അവിടെയും വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കിന്റെ പുതിയ ടീസറും കമ്പനി പുറത്തു വിട്ടു കഴിഞ്ഞു.
ആകെ 12 സെക്കന്‍ഡ് മാത്രമേ ദൈര്‍ഘ്യമുള്ളൂവെങ്കിലും ഒല ഇലക്ട്രിക് ബൈക്കിന്റെ പല സവിശേഷതകളും ഈ വിഡിയോയിലൂടെ വായിച്ചെടുക്കാനാവും. പ്രധാനമായും ഹെഡ് ലൈറ്റിന്റെ സവിശേഷതകളാണ് ടീസറിലൂടെ തെളിയുന്നത്. ഒറ്റ നോട്ടത്തില്‍ എസ് 1 ഇലക്ട്രിക് സ്കൂട്ടറിനോട് സാമ്യതയുള്ളതാണ്. വൃത്താകൃതിയിലുള്ള രണ്ട് എല്‍ഇഡി ബള്‍ബുകളുള്ള ഹെഡ്ലൈറ്റിന്റെ മുകളിലായി ഒരു എല്‍എഡി സ്ട്രിപ് നല്കിയിരിക്കുന്നു. ഹെഡ്ലൈറ്റിനോടു ചേര്‍ന്ന് വശങ്ങളിലേക്കിറങ്ങുന്ന ഭാഗം ഇന്ഡിക്കേറ്ററുകളാവുമെന്നാണ് സൂചന.
പരമ്പരാഗത റൈറ്റ് സൈഡ് അപ് ടെലിസ്കോപിക് ഫോര്‍ക്കാണ് ഒല ഇലക്ട്രിക് ബൈക്കിന് നല്‍കിയിരിക്കുന്നത്. ഹെഡ് ലൈറ്റിനോട് സമാന്തരമായ ഉയരത്തിലാണ് ടാങ്ക് പാനലുകള്‍ നല്‍കിയിരിക്കുന്നതെന്നും കാണാനാവും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് നാല് ഇ മോട്ടോര്‍ സൈക്കിള്‍ കണ്‍സെപ്റ്റുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ മോഡലാണ് ഒല പുറത്തിറക്കുന്നതെന്ന സൂചനയും ടീസറില്‍ നിന്നും ലഭിക്കുന്നുണ്ട്. ഈ കണ്സെപ്റ്റുകളെല്ലാം ഒലയുടെ പണിപ്പുരയില്‍ ഒരുങ്ങുമ്പോള്‍ പുറത്തിറങ്ങുന്ന ഒല ഇലക്ട്രിക്ക് ബൈക്കിന് അടുത്തിടെ അപേക്ഷ നല്കിയ ഡിസൈന്‍ ട്രേഡ് മാര്ക്കുകളോടാണ് കൂടുതല്‍ സാമ്യത.
ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വില്പനയുടെ കണക്കുകളിലും എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഒല ഇലക്ട്രിക്ക്. ജൂലൈയില്‍ 41,624 വാഹനങ്ങള്‍ വില്ക്കാന് ഒലക്ക് സാധിച്ചു. 2023 ജൂലൈയില്‍ 19,406 യൂണിറ്റായിരുന്നതാണ് 22,218 യൂണിറ്റുകളുടെ അധിക വില്പനയോടെ ഒല 41,624 ലേക്കെത്തിച്ചത്. വൈദ്യുത മോട്ടോര്‍ സൈക്കിള്‍ കൂടി വരുന്നതോടെ റിവോള്‍ട്ട്, ഒബെന്, ടോര്‍ക്ക് തുടങ്ങിയ ഇബൈക്ക് കമ്പനികള്‍ക്കും ഒല വെല്ലുവിളിയാവും.
ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ, ഇലക്ട്രോണിക് എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള് എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് ഒല ഇ മോട്ടോര്‍സൈക്കിള്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി ശീലമുള്ള ഒല വരുന്ന ഓഗസ്റ്റ് 15ന് അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.