അള്‍ട്രാവയലറ്റ് എഫ്77 മാക് 2, സൂപ്പര്‍കാര്‍ ബ്ലോണ്ടിയുടെ മനം മയക്കിയ സൂപ്പർസ്റ്റാർ
Mail This Article
അലക്‌സ് ഹിര്‍ഷി എന്ന പേര്‍ അറിയാത്തവര്‍ക്കും 'സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി' എന്ന പേര് പരിചിതമാവും. ഒരു പതിറ്റാണ്ടിലേറെയായി ലോകത്തെ മുന്‍ നിര ഓട്ടോ ഇന്‍ഫ്‌ളുവന്‍സറാണ് സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി. പ്രധാനമായും സൂപ്പര്‍കാറുകളെങ്കിലും, വേഗവും വ്യത്യസ്തതയും കൊണ്ട് അമ്പരപ്പിക്കുന്ന ഏതു വാഹനങ്ങളും സൂപ്പര്‍കാര്‍ ബ്ലോണ്‍ടി വിഡിയോക്കായി തിരഞ്ഞെടുക്കാറുണ്ട്. സാധാരണ പഗാനി, ഫെറാറി, ഗെമേര, ലൂസിഡ്, ബിഎംഡബ്ല്യു, മെഴ്‌സിഡീസ്, ടെസ്‌ല എന്നിങ്ങനെയുള്ള മുന്‍നിര കമ്പനികളുടെ കാറുകളാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടാറ്. യുട്യൂബില്‍ 1.60 കോടിയിലേറെ സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 1.80 കോടിയിലേറെ സബ്‌സ്‌ക്രൈബേഴ്‌സുമുള്ള സൂപ്പര്‍കാര്‍ ബ്ലോണ്‍ടിയില്‍ ഇന്നലെവരെ ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന്റെ വിഡിയോ വന്നിട്ടില്ല. ഇന്ന് അത് പഴങ്കഥയാക്കിക്കൊണ്ട് ഒരു ഇന്ത്യന്‍ നിര്‍മിത സൂപ്പര്‍ബൈക്ക് സൂപ്പര്‍കാര്‍ ബ്ലൗണ്‍ഡിയുടെ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത് ആദ്യമായിട്ടാണ് സൂപ്പർകാർ ബ്ലോണ്‍ടി ഒരു ഇന്ത്യൻ ബ്രാൻഡിന്റെ വാഹനം റിവ്യൂ ചെയ്യുന്നത്.
പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന സൂപ്പര്‍ബൈക്ക് കമ്പനി അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഡിസൈൻ ചെയ്ത് ലോകോത്തര ബൈക്കുകൾ നിർമിക്കുന്ന കമ്പനിയാണ് അള്‍ട്രാവയലറ്റ്. അള്‍ട്രാവയലറ്റ് എഫ്77 മാക് 2 എന്ന സൂപ്പര്‍ ബൈക്കിനെക്കുറിച്ചാണ് സൂപ്പര്‍കാര്‍ ബ്ലോണ്‍ടി ഏറ്റവും പുതിയ വിഡിയോയില്‍ പറയുന്നത്. എയര്‍സ്ട്രിപ്പില്‍ അള്‍ട്രാവയലറ്റ് എഫ്77 മാക് 2വും ആര്‍സി ജെറ്റും തമ്മില്‍ നടത്തുന്ന റേസിങും വിഡിയോയിലുണ്ട്. ബെംഗളുരുവിലും മറ്റും എന്തുകൊണ്ടാണ് അള്‍ട്രാവയലറ്റ് മോട്ടര്‍ സൈക്കിളുകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നതെന്ന ചോദ്യത്തിന്റെ ഉത്തരം കൂടി പ്രകടനം കൊണ്ട് ഈ മോട്ടര്‍സൈക്കിള്‍ നല്‍കുന്നുണ്ട്. വെറും 2.8 സെക്കന്‍ഡിലാണ് ഈ ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് പൂജ്യത്തില്‍നിന്നു മണിക്കൂറില്‍ 60 കീമി വേഗത്തിലേക്കു കുതിച്ചെത്തുന്നത്.
അള്‍ട്രാവയലറ്റ് എഫ് 77 മാക് 2വില്‍ ഉപയോഗിച്ചിട്ടുള്ള ചില ആധുനിക സാങ്കേതികവിദ്യകളും വിഡിയോ എടുത്തു കാണിക്കുന്നുണ്ട്. ബ്രേക്ക് പിടിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 10 ലെവല്‍ റീജെനറേറ്റീവ് ബ്രേക്കിങ്ങാണ് ഇതില്‍ പ്രധാനം. സ്വിച്ചബിള്‍ ട്രാക്‌ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡോക്യുമെന്റ് സ്‌റ്റോറേജ്, വ്യത്യസ്ത റൈഡിങ് മോഡുകള്‍ എന്നിവയാണ് സൂപ്പര്‍കാര്‍ ബ്ലോണ്‍ടി എടുത്തു പറയുന്ന ഫീച്ചറുകള്‍.
എഫ്77 മാക് 2വിന്റെ മറ്റൊരു എന്‍ജിനീയറിങ് മികവും വിഡിയോ എടുത്തു കാണിക്കുന്നു. വെള്ളത്തിനടിയില്‍ 20 മീറ്റര്‍ വരെ എഫ് 77 മാക് 2വിനെ യന്ത്രങ്ങളുടേയും മുങ്ങല്‍വിദഗ്ധരുടേയും സഹായത്തില്‍ വിജയകരമായി എത്തിക്കുന്ന കാഴ്ച്ചയാണിത്. ലോകത്തിലെ ഏറ്റവും ആഴമുള്ള മനുഷ്യ നിര്‍മിത കുളമായ ദുബൈ ഡീപ് ഡൈപ് പൂളിലേക്കാണ് എഫ് 77 മാക് 2വിനെ ഇറക്കി സ്ഥാപിച്ചത്. ലോകത്തിലെ ഒരു ഇലക്ട്രിക് മോട്ടര്‍ സൈക്കിളും സ്വന്തമാക്കാത്ത ഈ നേട്ടം എഫ് 77 മാക് 2 സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. അള്‍ട്രാവയലറ്റ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പിന്റെ നിര്‍മാണത്തിലെ ഗുണനിലവാരവും എന്‍ജിനീയറിങ് വൈദഗ്ധ്യവും എടുത്തു കാണിക്കുന്നതാണ് ഈ പരീക്ഷണം.
ഡീപ് ഡൈവ് പൂളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് 20 മീറ്റര്‍ ആഴത്തില്‍ എഫ്77 മാക് 2വിനെ കാണാനാവും. വേഗത്തിന്റെയും പെര്‍ഫോമെന്‍സിന്റേയും രാജ്യാന്തര വിപണിയിലേക്ക് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് കുതിച്ചെത്തുന്ന അഭിമാന നിമിഷം കൂടിയാണിത്. ഇരുചക്ര വാഹനങ്ങളുടെ ലോകത്ത് എന്‍ജിനീയറിങ് മൂല്യത്തിന്റെ പേരില്‍ പ്രസിദ്ധമാണ് ഇന്ത്യ. ഇപ്പോഴിതാ ഡിസൈനിലും സാങ്കേതികവിദ്യയിലും പെര്‍ഫോമെന്‍സിലും കൂടി നമ്മള്‍ മുന്നിലെത്തിയിരിക്കുന്നു.