ADVERTISEMENT

ഏതു സാധനങ്ങളുടേയും വിലയില്‍ വലിയ പ്രാധാന്യം നല്‍കുന്ന വിപണികളിലൊന്നാണ് നമ്മുടേത്. കാറുകളുടെ കാര്യത്തിലാണെങ്കില്‍ വാങ്ങുമ്പോഴുള്ള വില മാത്രമല്ല ഇന്ധന ചിലവും സവിശേഷ പ്രാധാന്യം നേടാറുണ്ട്. ഒരേ മോഡലിന്റെ ലക്ഷങ്ങള്‍ വില കൂടിയ സിഎന്‍ജി വകഭേദം നിരവധി പേര്‍ വാങ്ങുന്നത് ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ്. 

വിലയില്‍ കൂടുതലെങ്കിലും താരതമ്യേന പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നതാണ് നിരവധി പേരെ സിഎന്‍ജി കാറുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം. ഒരു കിലോ സിഎന്‍ജിക്ക് ഓഗസ്റ്റ് എട്ടിന് കൊച്ചിയില്‍ 86.5 രൂപയാണ് വില. എന്നാല്‍ പെട്രോളിന് ഇന്ന് ലീറ്ററിന് 105.60 രൂപയും ഡീസലിന് 94.59 രൂപയും വില വരും. മാത്രമല്ല ഒരു ലീറ്റര്‍ പെട്രോളോ ഡീസലോ നല്‍കുന്നതിനേക്കാള്‍ ഇന്ധനക്ഷമതയും സിഎന്‍ജി ഉപയോഗിച്ചാല്‍ ലഭിക്കും. അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാനാവും. 

celerio-cng

ഇത്തരത്തില്‍ പല ലാഭങ്ങള്‍ ലക്ഷ്യം വെച്ച് സിഎന്‍ജി മോഡലുകള്‍ എടുക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും പ്രതീക്ഷിച്ച ഗുണം ലഭിക്കാറില്ല. അതിന്റ പ്രധാന കാരണം ഇന്ധന ക്ഷമതയുടെ കുറവാണ്. വാഹനത്തിലെ സവിശേഷതകള്‍ മുതല്‍ ഡ്രൈവിങ് ശീലങ്ങള്‍ വരെ ഇന്ധനക്ഷമതയെ ബാധിച്ചേക്കാം. സിഎന്‍ജി വാഹനങ്ങളില്‍ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ എന്തൊക്കെ പ്രത്യേകമായി ശ്രദ്ധിക്കാമെന്ന് നോക്കാം. 

tigor-cng

എയര്‍ ഫില്‍റ്റര്‍ 

വായുവിനേക്കാള്‍ ഭാരം കുറവാണ് സിഎന്‍ജിക്ക്. എയര്‍ ഫില്‍റ്ററില്‍ അഴുക്ക് നിറഞ്ഞാല്‍ വായു എളുപ്പത്തില്‍ കടന്നു പോവില്ല. ഇത് വായുവും ഇന്ധനവും ചേര്‍ന്നുകൊണ്ടുള്ള എന്‍ജിനിലെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കും. കൂടുതല്‍ സമ്മര്‍ദം ഉപയോഗിക്കേണ്ടി വരുന്നതോടെ ഇന്ധനം കൂടുതലായി ഉപയോഗിക്കേണ്ടി വരികയും ചെയ്യും. 

അതുകൊണ്ട് എപ്പോഴും എയര്‍ ഫില്‍റ്റര്‍ വൃത്തിയായിരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. നിങ്ങളുടെ വാഹനത്തിന്റെ എയര്‍ ഫില്‍റ്ററിന്റെ ഗുണമേന്മയെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ ഏതെങ്കിലും വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. ഓരോ അയ്യായിരം കീലോമീറ്റര്‍ കഴിയുമ്പോഴും എയര്‍ഫില്‍റ്റര്‍ മാറ്റുന്നതും മികച്ച ഇന്ധനക്ഷമത ഉറപ്പു വരുത്താന്‍ സഹായിക്കും. 

s-presso-cng

ക്ലച്ച് 

ഗിയര്‍ബോക്‌സിനകത്തുള്ള ക്ലച്ചിന് കാറിന്റെ പ്രവര്‍ത്തനത്തില്‍ സുപ്രധാന പങ്കുണ്ട്. മോശം ക്ലച്ച് മോശം ഇന്ധനക്ഷമതയിലേക്കു നയിക്കും. ചക്രങ്ങളിലേക്ക് ആവശ്യത്തിന് എന്‍ജിന്‍ പവര്‍ എത്തിക്കുന്നത് തടയാന്‍ മോശം ക്ലച്ച് കാരണമാവും. അതുകൊണ്ടുതന്നെ ക്ലച്ചിന്റെ ഗുണനിലവാരവും ആരോഗ്യവും കൃത്യമായ ഇടവേളകളില്‍ മെക്കാനിക്കിനോടു പറഞ്ഞ് പരിശോധിപ്പിക്കണം. 

wagonr-cng

ശീലങ്ങള്‍

അനാവശ്യമായി ആക്‌സിലറേറ്റര്‍ ഉപയോഗിക്കുന്നതും ക്ലച്ചില്‍ കാല്‍ എടുക്കാതിരിക്കുന്നതും ഇന്ധനക്ഷമതയെ ബാധിക്കും. കാല്‍ നേരിയ തോതിലെങ്കിലും ക്ലച്ചില്‍ അമര്‍ന്നിരിക്കുന്നത് വാഹനത്തിന്റെ പ്രകടനത്തേയും ഇന്ധനക്ഷമതയേയും ദോഷകരമായി ബാധിക്കും. ട്രാഫിക് സിഗ്നലിലും ഗതാഗത തടസത്തിന്റെ സമയത്തും ഒരുപാടു നേരത്തേക്ക് നിര്‍ത്തിയിടേണ്ടി വന്നാല്‍ വാഹനം ഓഫാക്കണം. പ്രത്യേകിച്ച് 30 സെക്കന്‍ഡില്‍ കൂടുതലാണെങ്കില്‍. 

tiago-cng

അനാവശ്യ സാധനങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോവുന്നതും ഒഴിവാക്കണം. അനാവശ്യമായ അധിക ഭാരം വാഹനത്തിന്റെ ഇന്ധനക്ഷമതയെ നേരിട്ട് ബാധിക്കും. അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രമേ വാഹനത്തിലുള്ളൂ എന്ന് ഉറപ്പു വരുത്തുക. വാഹനത്തിന്റെ ടയറുകളിലെ എയര്‍ പ്രഷറും നിശ്ചിത ഇടവേളകളില്‍ പരിശോധിക്കണം. ടയറിന്റെ ആരോഗ്യവും ഉറപ്പു വരുത്തണം. ഇന്ധനക്ഷമതയെ നേരിട്ടു ബാധിക്കുന്ന മറ്റൊരു വിഷയമാണ് മികച്ച ടയറുകളും അവയുടെ പരിപാലനവും.

cng-cars-4

സ്പാര്‍ക്ക് പ്ലഗ്

സിഎന്‍ജി കാറുകളില്‍ കൂടുതല്‍ കരുത്തുള്ള സ്പാര്‍ക്ക് പ്ലഗ് ആവശ്യമാണ്. പെട്രോള്‍ കാറുകളെ അപേക്ഷിച്ച് കൂടുതല്‍ താപനില ഉപയോഗിച്ചാണ് സിഎന്‍ജിയില്‍ ഇഗ്നിഷന്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ സ്പാര്‍ക്ക് പ്ലഗിന്റെ ഗുണനിലവാരവും പ്രകടനവും വളരെ പ്രധാനമാണ്. ഓരോ 20,000 കീലോമീറ്റര്‍ കൂടുമ്പോഴും സ്പാര്‍ക്ക് പ്ലഗ് മാറ്റണം. വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന കോഡും ഹീറ്റിങ് റേഞ്ചും തന്നെയാണ് വാഹനത്തിലെ സ്പാര്‍ക്ക് പ്ലഗിലെന്ന് ഉറപ്പു വരുത്തുക. 

English Summary:

Boost Your CNG Vehicle’s Performance: Essential Maintenance Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com