വാഹനത്തിന്റെ സൺ റൂഫിൽ കയറി തോക്ക് ചൂണ്ടി യാത്രക്കാരൻ; ഭയന്ന് കാഴ്ചക്കാര്
Mail This Article
സമൂഹ മാധ്യമങ്ങൾ ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എങ്ങനെയും വൈറലാകുക എന്നത് മാത്രമാണ് ഭൂരിപക്ഷം പേരുടെയും ചിന്തകൾ. അതുകൊണ്ടു തന്നെ സോഷ്യൽ ലോകത്ത് പ്രശസ്തരാകാൻ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. അതിൽ ചിലതൊക്കെ കടുത്ത നിയമലംഘനങ്ങൾ കൂടിയാകുമ്പോൾ നടപടികൾ എടുക്കാത്ത തരമില്ലാതെയാകുകയാണ് നിയമപാലകർക്ക്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച ഒരു യുവാവും അയാളുടെ പ്രവർത്തിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കു വഴി തെളിച്ചത്. വാഹനത്തിന്റെ സൺ റൂഫിൽ കയറി നിന്ന്, തോക്ക് ചൂണ്ടിയായിരുന്നു യുവാവിന്റെ പ്രകടനം. എന്തായാലും സംഗതി വൈറലായെന്നു മാത്രമല്ല, 30000 രൂപ പിഴയായി നൽകേണ്ടി വരുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
ഉത്തർപ്രദേശിലെ നോയിഡയിലെ തിരക്കേറെയുള്ള പാതയിലായിരുന്നു യുവാവിന്റെ ഈ പ്രകടനം അരങ്ങേറിയത്. പുറകിൽ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത്. വാഹനത്തിന്റെ സൺറൂഫിൽ കയറി നിന്ന യുവാവ് ഒരു കയ്യിൽ തോക്കും മറുകയ്യിൽ ഫോണുമായി വിഡിയോ പകർത്തുകയും സെൽഫിയെടുക്കുകയുമൊക്ക ചെയ്തു. അലക്ഷ്യമായി തോക്കു ചൂണ്ടിയായിരുന്നു ഈ പ്രവർത്തികൾ. സംഗതി സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ യുവാവിന്റെ ലക്‌ഷ്യം സഫലമായി. നിമിഷ നേരം കൊണ്ടുതന്നെ യുവാവും വിഡിയോയും വൈറലാകുകയും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.
ഉത്തർപ്രദേശ് പൊലീസിനെ ടാഗ് ചെയ്തു കൊണ്ട് വിഡിയോ പങ്കുവെയ്ക്കപ്പെട്ടതോടെ ഉടനടി തന്നെ വണ്ടി നമ്പർ കണ്ടെത്തുകയും വാഹന ഉടമയെയും സൺ റൂഫിൽ നിന്ന് യാത്ര ചെയ്ത യുവാവിനെതിരെയും നടപടികൾ കൈക്കൊള്ളുകയും ചെയ്തു. യുവാവിന്റെ നിരുത്തരവാദിത്വപരമായ പ്രവർത്തിക്കു 30000 രൂപയാണ് അധികാരികൾ പിഴയീടാക്കിയത്. മാത്രമല്ല, പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ചു എന്നതിനെയും അധികാരികൾ വളരെ ഗൗരവമായ രീതിയിൽ തന്നെയാണ് സമീപിച്ചിരിക്കുന്നത്. തോക്ക് യഥാർത്ഥമാണോ അല്ലയോ എന്നതും പരിശോധിക്കും.
സൺറൂഫിനുള്ളിൽ നിന്നും മേല്പറഞ്ഞ രീതിയിലുള്ള പ്രവർത്തികൾ റോഡിലെ മറ്റുയാത്രക്കാരുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്നതിനൊപ്പം തന്നെ ഭയപ്പെടുത്തുകയും ചെയ്യും. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും അപകടങ്ങളിലേക്കുമിതു വഴിവയ്ക്കും.