ADVERTISEMENT

ഇന്ത്യയുടെ നിലവിലെ ഒളിംപിക് കായികതാരങ്ങളില്‍ ഏറ്റവും പ്രസിദ്ധനാരെന്ന ചോദ്യത്തിനുത്തരം ചെന്നു നില്‍ക്കുക നീരജ് ചോപ്രയിലായിരിക്കും. 2020 ടോക്യോ ഒളിംപിക്‌സിലെ സ്വര്‍ണ നേട്ടത്തോടെ ഈ ഹരിയാനക്കാരന്റെ ജാവലിന്‍ ചെന്നു പതിച്ചത് ഇന്ത്യക്കാരുടെ ഹൃദയങ്ങളിലാണ്. പിന്നീടും രാജ്യാന്തര വേദികളില്‍ ലോക നിലവാരമുള്ള പ്രകടനങ്ങള്‍ തുടര്‍ന്ന നീരജ് ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്‌സിലും ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടി. ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ നീരജ് ചോപ്രയുടെ ഇഷ്ടങ്ങളില്‍ വാഹനങ്ങളുമുണ്ട്. നീരജ് ചോപ്രയുടെ വാഹന ശേഖരം പരിചയപ്പെടാം. 

neeraj-chopra-2

മഹീന്ദ്ര എക്‌സ് യു വി 700 'ജാവലിന്‍ എഡിഷന്‍'

നീരജ് ചോപ്രയുടെ കാര്‍ ശേഖരത്തിലെ സവിശേഷമായ മോഡലാണ് മഹീന്ദ്ര എക്‌സ് യു വി 700 'ജാവലിന്‍ എഡിഷന്‍'. നീരജ് ചോപ്രയുടെ ടോക്യോ ഒളിംപിക്‌സിലെ ഐതിഹാസിക പ്രകടനത്തിനു പിന്നാലെ മഹീന്ദ്ര പുറത്തിറക്കിയ പ്രത്യേക എഡിഷനാണിത്. ഒളിംപിക്‌സില്‍ ആദ്യമായി അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യക്കാരനായ നീരജിന് ഈ വാഹനം മഹീന്ദ്ര സമ്മാനിച്ചതാണ്. 

ടോക്യോയില്‍ നീരജ് എറിഞ്ഞ 87.58 മീറ്റര്‍ ഈ വാഹനത്തിന്റെ മുന്നിലെ ഫെന്‍ഡറില്‍ ബാഡ്ജായി രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രില്ലില്‍ അടക്കം അടിമുടി സ്വര്‍ണ നിറത്തിന്റെ സാന്നിധ്യം കാണാനാവും. ഉള്ളിലെ സീറ്റുകളിലും ഐപി പാനലിലും സ്വര്‍ണ നിറം നല്‍കിയിട്ടുണ്ട്. ജാവലിന്‍ എഡിഷന്റെ സ്‌പെഷല്‍ ബാഡ്ജ് ആറ് ഹെഡ് റെസ്റ്റുകളിലും ഡാഷ് ബോര്‍ഡിലും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. 

മഹീന്ദ്ര ഥാര്‍

മഹീന്ദ്രയുടെ കറുപ്പ് നിറത്തിലുള്ള ഥാറാണ് നീരജിന്റെ ഗരാജിലുള്ളത്. ഥാറിന്റെ ഹാര്‍ഡ് ടോപ് വകഭേദമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. നീരജിന്റെ ഥാറിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍ ഏതാണെന്ന് വ്യക്തമല്ല. എതാണ്ട് 12 ലക്ഷം രൂപ വിലവരുന്ന വാഹനമാണിത്. 

ടൊയോട്ട ഫോര്‍ച്യൂണര്‍

വെളുപ്പ് നിറത്തിലുള്ള ഒരു ടൊയോട്ട ഫോര്‍ച്യൂണറും നീരജിന്റെ കാര്‍ ശേഖരത്തിലെ അംഗമാണ്. നീരജിന്റെ വാഹനപ്രേമത്തിനുള്ള തെളിവാണ് ഈ വാഹനം. ഫോര്‍ച്യൂണര്‍ ആല്‍ഫ 4 വകഭേദമാണ് ലെജന്‍ഡര്‍ മോഡലിലേക്ക് കണ്‍വര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്നിലെയും പിന്നിലേയും ബംപറുകളും എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടെയില്‍ ലൈറ്റുകളും അടക്കം മാറ്റിയതാണെന്നു ചുരുക്കം.

റേഞ്ച് റോവര്‍ വെലാര്‍

നീരജ് ആദ്യം സ്വന്തമാക്കിയ ആഡംബര കാറുകളിലൊന്നാണ് റേഞ്ച് റോവര്‍ വെലാര്‍. ഫുജി വൈറ്റ് നിറത്തിലുള്ള ഈ വാഹനം ഏകദേശം 90 ലക്ഷം രൂപ മുടക്കിയാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. നീരജിന്റെ പക്കലുള്ള ഈ വാഹനത്തിന്റേയും എന്‍ജിന്‍ ഓപ്ഷന്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. 

ഫോഡ് മസ്താങ്

ഫോഡിന്റെ മസ്താങ് ഏറ്റവും പ്രസിദ്ധമായ മസില്‍ കാറുകളിലൊന്നാണ്. ഫോഡിന്റെ 1927 മോഡല്‍ എക്കു ശേഷം ഏറ്റവും വിജയകരമായ മസ്താങിനെ നീരജ് സ്വന്തമാക്കിയത് മഹാരാഷ്ട്രയില്‍ നിന്നാണ്. കറുത്ത നിറത്തിലുള്ള മസ്താങാണ് നീരജിന്റെ പക്കലുള്ളത്. 5.0 ലീറ്റര്‍ നാച്ചുറലി അസ്പയോഡ് വി8 എന്‍ജിന്‍ ആണ് കരുത്ത്. 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കരുത്ത് 400പിഎസ്, പരമാവധി ടോര്‍ക്ക് 515എന്‍എം. 

ബജാജ് പള്‍സര്‍ 220എഫ്

ബജാജിന്റെ പള്‍സര്‍ 220എഫ് മോട്ടോര്‍സൈക്കിളും നീരജ് ചോപ്രയുടെ വാഹന ശേഖരത്തിലുണ്ട്. പേരും പ്രസിദ്ധിയും നേടുന്നതിനു മുമ്പേ കൂടെ കൂട്ടിയ പള്‍സറിനെ ഇന്നും നീരജ് കൈവിട്ടിട്ടില്ല. കറുപ്പ് പള്‍സറാണ് നീരജിന്റെ കൈവശമുള്ളത്. 

neeraj-chopra-q

ഹാര്‍ലി ഡേവിഡ്‌സണ്‍ 1200 റോഡ്‌സ്റ്റര്‍

നീരജിന്റെ ഇരുചക്രവാഹനങ്ങളിലെ സൂപ്പര്‍ താരമാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ 1200 റോഡ്‌സ്റ്റര്‍. സാറ്റിന്‍ ബ്ലാക്ക് നിറത്തിലാണ് ഈ ബൈക്ക് വരുന്നത്. പല ചെറുകാറുകളേക്കാളും കൂടിയ 1202 സിസിയുള്ള ഇരുചക്രവാഹനമാണിത്. പരമാവധി 78ബിച്ച്പി കരുത്തും 98എന്‍എം ടോര്‍ക്കും പുറത്തെടുക്കുകയും ചെയ്യും. വില 12.50 ലക്ഷം രൂപയോളം വരും. 

English Summary:

Olympic Medalist Neeraj Chopra, His Cars And Bikes: From Ford Mustang To Bajaj Pulsar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com