ADVERTISEMENT

മേപ്പാടി∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ സൈന്യത്തിനൊപ്പം തോളോട് തോൾ ചേർന്ന് ഓഫ്റോഡ് ഡ്രൈവർമാരും വാഹനങ്ങളും. ദുർഘടമായ പാതകളിലൂടെ അതിസാഹസികമായി വാഹനം ഓടിച്ച് കുടുങ്ങിപ്പോയവരെ രക്ഷിച്ചുകൊണ്ടുവന്നതിന് മുന്നിൽ നിന്നത് ഓഫ്റോഡ് വാഹനങ്ങളായിരുന്നു. വഴി പോലുമില്ലാത്ത പല സ്ഥലത്തും എത്താൻ സൈന്യം ഉപയോഗിച്ചതും ഇത്തരം ഓഫ്റോ‍‍ഡ് വാഹനങ്ങളാണ്. അതിന്റെ തെളിവായി ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി ഓഫ്റോ‍ഡ് ഡ്രൈവർമാരെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞത്. 

offroad-3
കേണൽ ഋഷി രാജലക്ഷ്മി, പുൽപള്ളി ഓഫ് റോഡേഴ്സ് ക്ലബ്ബ് അംഗങ്ങളുെട ഒപ്പം

പുൽപള്ളി ഓഫ് റോഡേഴ്സ് ക്ലബ്ബ് അംഗങ്ങളുെട വാഹനങ്ങളാണ് സൈന്യത്തിന് ഏറ്റവും അധികം സഹായകമായത്. മുണ്ടക്കൈ, ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് നൂറുകണക്കിനാളുകളെയാണ്. 30ന് പുലർച്ചെ ഒന്നരയോടെയാണ് മുണ്ടക്കൈയിൽനിന്ന് ക്ലബ്ബ് അംഗം അനന്തു സുഭാഷിന് ഉരുൾപൊട്ടിയെന്നറിയിച്ച് വിളിയെത്തിയത്. ഒറ്റപ്പെട്ടുപോയ വില്ലേജ് റോഡിലുള്ള ഗർഭിണിയെയും കുടുംബത്തെയും രക്ഷിക്കുകയായിരുന്നു ആദ്യ ദൗത്യം. നാലു വീൽ ഡ്രൈവുള്ള എക്സ് മിലിറ്ററി ട്രക്ക് (ഡൈറ്റൺ) വില്ലേജ് റോഡിലേക്ക് കുതിച്ചു. ഇവരെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു. 

ക്ലബ്ബ് പ്രസിഡന്റ് അനിൽ കരുണന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. പിന്നീട് ക്ലബ്ബ് അംഗങ്ങളെല്ലാം വാഹനങ്ങളുമായി മുണ്ടക്കൈയിലേക്ക് കുതിച്ചു. ആദ്യ രണ്ടുദിവസത്തിനുള്ളിൽ 34 മൃതദേഹങ്ങളാണ് ഇവർ കണ്ടെടുത്തത്. വലിയ മരത്തടികൾ നീക്കം ചെയ്യാൻ വീഞ്ച് സൗകര്യമുള്ള ട്രാക്ടറും എത്തിച്ചു. സംഘത്തിൽ 5 എൻജിനീയർമാരും നാലു മെക്കാനിക്കുകളുമുണ്ട്. 

മുണ്ടക്കൈയിലും ചൂരൽമലയിലും സഞ്ചരിക്കാൻ ഓഫ് റോഡർ വാഹനങ്ങൾക്കൊണ്ട് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ സൈന്യം ഇവരുടെ സഹായം തേടുകയായിരുന്നു. സൈന്യം ഉപയോഗിച്ച ശേഷം ലേലം ചെയ്ത് വിറ്റ വാഹനങ്ങളുൾപ്പെടെ ക്ലബ്ബ് അംഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം ചൂരൽമലയിലും മുണ്ടക്കൈയിലും രാവും പകലുമില്ലാതെ തലങ്ങും വിലങ്ങും പായുകയായിരുന്നു. മറ്റ് സ്വകാര്യ വ്യക്തികളുടെ ഓഫ്റോഡ് വാഹനങ്ങളും മുണ്ടക്കൈയിൽ സജീവമായിരുന്നു. സൈനിക ക്യാംപിൽവച്ചാണ് ഋഷി രാജലക്ഷ്മി ഡ്രൈവർമാരെ ‘വാടാ’ എന്ന് അരികിലേക്ക് വിളിച്ച് കെട്ടിപ്പിടിച്ചത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഇതിന്റെ വിഡിയോ വൈറലായിരുന്നു. 

offroad-1

പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ ഋഷിയുടെ മൂക്കും വായും തകർന്നു. എന്നാൽ ഒളിച്ചിരുന്ന രണ്ട് ഭീകരരേയും അദ്ദേഹം വധിച്ചു. പിന്നീട് 35 ദിവസത്തോളം ഐസിയുവിൽ കിടന്നശേഷമാണ് ഋഷി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മുഖത്ത് സാരമായി പരുക്കേറ്റതിനാൽ മാസ്ക് വച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള ജീവിതം. ആലപ്പുഴ സ്വദേശിയാണ് ഋഷി. മെക്കാനിക്കൽ ഇൻഫെൻട്രിയുടെ ലഫ്റ്റനന്റ് കേണലായാണ് ഋഷി രാജലക്ഷ്മി വയനാട്ടിലെത്തിയത്. ഓഫ്റോഡർ ഡ്രൈവർമാർ ചെയ്തത് സ്തുത്യർഹമായ സേവനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

English Summary:

"Vaa da": Army Officer's Heartfelt Embrace of Off-Road Drivers Goes Viral After Mundakkai Rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com