ലോറിയുമായി ഇന്ത്യ ചുറ്റുന്ന വീട്ടമ്മ; പുത്തേറ്റു ട്രാവൽസിലെ ‘മെയിൻ ഡ്രൈവർ’
Mail This Article
കോട്ടയം ഏറ്റുമാനൂർ സ്വദേശി രതീഷ് തന്റെ ലോറിയിലെ ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും ആ യാത്രകളെക്കുറിച്ചും കണ്ട കാഴ്ചകളെ കുറിച്ചും ഭാര്യ ജലജയോട് വിശദമായി പറയുമായിരുന്നു. ആ കാഴ്ചകൾ തനിക്കും കാണണമെന്ന അതിയായ ആഗ്രഹം പറഞ്ഞപ്പോൾ ലോറി ഓടിക്കാമെങ്കിൽ ഇന്ത്യയിലെവിടെ വേണമെങ്കിലും പോകാമെന്നായിരുന്നു രതീഷിന്റെ മറുപടി. ആദ്യമൊക്കെ അത് തമാശയായിരുന്നെങ്കിലും ജലജ ആ വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുത്തു. ഇപ്പോൾ ഏറ്റുമാനൂർ പുത്തേറ്റു ട്രാവൽസിലെ പ്രധാന ഡ്രൈവറാണ് ജലജ. ഇന്ത്യയിലെ വളരെ ചുരുക്കം സ്ഥലങ്ങളിലൂടെ മാത്രമേ ഈ വീട്ടമ്മ ഇനി യാത്ര ചെയ്യാൻ ബാക്കിയുള്ളൂ.
ലോറി ട്രാൻസ്പോർട്ട് ബിസിനസുള്ള ഭർത്താവിൽ നിന്നുമാണ് ജലജയ്ക്ക് ഡ്രൈവിങ് എന്ന ആഗ്രഹം ഉണ്ടാകുന്നത്. പത്തു വർഷങ്ങൾക്കു മുൻപ് ലൈസൻസ് സ്വന്തമാക്കിയ ജലജ 2018ൽ ഹെവി ഡ്രൈവറായി യാത്ര ആരംഭിച്ചു. ആദ്യ യാത്ര മുംബൈയിലേക്കായിരുന്നെങ്കിലും സ്വപ്ന യാത്രയായ കശ്മീരിലേക്ക് പോകുന്നത് 2022 ലാണ്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ നിന്നും പ്ലൈവുഡുമായി ശ്രീനഗറിലേക്ക്. ഒപ്പം ഭർത്താവ് രതീഷും ഒരു ബന്ധുവുമുണ്ടായിരുന്നു. കേരളത്തിനു വെളിയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ സുരക്ഷിതരല്ലെന്നു പറയുന്ന ആളുകൾക്ക് ജലജ ജീവിതം കൊണ്ടാണ് മറുപടി നൽയത്.
"കേരളത്തിനു വെളിയിൽ ലോറിയിൽ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട് ഒരു മോശം അനുഭവവും എനിക്കിതുവരെ ഉണ്ടായിട്ടില്ല. എല്ലാവരും വളരെ മാന്യമായിട്ടാണു പെരുമാറുന്നത്. ഒരു പക്ഷേ എന്റെ കൂടെ വേറെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടുമാകാം. നമ്മുടെ നാട്ടിൽ ലോറി ഡ്രൈവർ എന്നാൽ ഒരു മോശം തൊഴിലായിട്ടാണ് ആളുകൾ കാണുന്നത്. സിനിമകളിലും മറ്റും അവരെ ചിത്രീകരിച്ചിരിക്കുന്ന രീതിയാണ് അതിനു പ്രധാന കാരണം. ലോറി ഡ്രൈവർ മിക്കപ്പോഴും ഒരു ക്രൂര കഥാപാത്രം ആയിരിക്കും പക്ഷേ യഥാർത്ഥ ജീവിതത്തിൽ അവരാരും അങ്ങനെയല്ല. എല്ലാ മേഖലകളിലും നല്ല ആളുകളും മോശം ആളുകളും ഉണ്ട്. വിദേശ രാജ്യങ്ങളിലെല്ലാം ട്രക് ഡ്രൈവിങ് എന്നാൽ ഏതൊരു തൊഴിൽ പോലെ ബഹുമാനം അർഹിക്കുന്ന ജോലിയാണ്. നമ്മുടെ ഇവിടെ ആ രീതിയിലേക്കെത്തണമെന്നാണ് എന്റെ ആഗ്രഹം"
യാത്രകളോടുള്ള ഇഷ്ടം കൊണ്ടാണ് ലോറി ഓടിക്കാൻ തുടങ്ങിയതെങ്കിലും, ലോറി ഡ്രൈവറായപ്പോൾ ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. പോകുന്നയിടത്തെല്ലാം ബാത്റൂം സൗകര്യം ഉണ്ടാകാറില്ല. ഒരുപാട് ദിവസങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കണം.സമയത്ത് ഭക്ഷണം കഴിക്കാൻ കഴിയില്ല, അങ്ങനെയൊക്കെ ഉണ്ടെങ്കിലും ലോറിയിലിരുന്നു കാഴ്ചകൾ കാണാനാണ് എനിക്കിഷ്ടം, ലോറി അധികം വേഗത്തിൽ പോകില്ല മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഡ്രൈവിങ് സീറ്റ് ഉയരത്തിലായതിനാൽ നന്നായി കാഴ്ചകൾ കാണാൻ കഴിയും. ക്യാബിൻ എസി ആയതുകൊണ്ട് അധികം ക്ഷീണവും ഉണ്ടാകാറില്ല, പിന്നെ കിടക്കാനുള്ള സൗകര്യവും ലോറിക്കുള്ളിൽ ഉണ്ടല്ലോ. ചെറിയ കഷ്ടപ്പാടുകൾ വന്നെങ്കിലും എന്റെ ആഗ്രഹത്തിലേക്ക് എത്താൻ കഴിഞ്ഞു എന്നതാണ് വലിയ കാര്യം.
കൂടുതൽ യാത്ര ചെയ്യാൻ കാരണം വ്ലോഗ്
ഞാൻ ചെയ്യുന്ന യാത്രകളും കാണുന്ന കാഴ്ചകളും ആളുകളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് വ്ലോഗ് ആരംഭിച്ചത്. പ്രേക്ഷകരുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത് .ലൈസൻസ് എടുത്തിട്ടും വാഹനം ഓടിക്കാത്ത ഒരുപാട് ആളുകൾ വിഡിയോ കണ്ടതിനു ശേഷം വാഹനം ഓടിക്കാൻ തുടങ്ങിയെന്നു വിളിച്ചു പറയാറുണ്ട്. ഒരുപാട് ആളുകൾ തിരിച്ചറിയാൻ തുടങ്ങി. എവിടെ പോയാലും ആളുകൾ വന്നു സംസാരിക്കും. സ്നേഹം പ്രകടിപ്പിക്കും അതൊക്കെ ഒരു വലിയ കാര്യമല്ലെ. ആളുകൾ നൽകിയ സപ്പോർട് ആയിരുന്നു എന്നെ കൂടുതൽ വിഡിയോസ് ചെയ്യാൻ പ്രേരിപ്പിച്ചത്.
വീട്ടിലുള്ളവർക്കും ലോറി പ്രിയം
ഇപ്പോള്‍ ഞാൻ മാത്രമല്ല ഈ ലോറിയിലെ വനിത ഡ്രൈവർ. മകൾ ദേവികയും സഹോദരി സൂര്യയും ലോറി ഓടിക്കാറുണ്ട്. കഴിഞ്ഞ വെക്കേഷൻ കാലത്തെ യാത്രയിൽ എനിക്കൊപ്പം അവരും ഡ്രൈവർമാരായി ഉണ്ടായിരുന്നു. പിന്നീട് ലഖ്നൗവിലേക്കുള്ള യാത്രയിൽ ഞാനും മകളുമായിരുന്നു പ്രധാന സാരഥികൾ. വീട്ടിലെ എല്ലാവരും ഇപ്പോൾ ലോറി യാത്രക്കാരാണ്. കൊച്ചു കുട്ടിമുതൽ പ്രായമായ അമ്മവരെ ഞങ്ങളോടൊപ്പം വരാറുണ്ട്. മിക്കവാറും യാത്രകളിൽ രാത്രി വാഹനം ഓടിക്കാനാണ് ഇഷ്ടം. പകൽ കാഴ്ചകൾ കാണാമല്ലോ. ഷിലോങ്ങിലേക്കുള്ള യാത്രയിൽ രാത്രി മുഴുവൻ ഓടിച്ചത് മകളായിരുന്നു.എനിക്കു പകലാണ് അവസരം ലഭിച്ചത്. ലോറിയിൽ കുടുംബമായുള്ള യാത്രകൾ വളരെ രസകരമാണ്. കളിയും ചിരിയുമായി നാടു കാണാം.
ഇന്ത്യ മുഴുവനും കാണണം
ഇന്ത്യയിലെ 22 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ലോറി ഓടിക്കാൻ കഴിഞ്ഞു.സഞ്ചരിക്കുന്ന ഓരോ നാടുകളിലും വ്യത്യസ്തമായ അനുഭവങ്ങളാണ് ലഭിക്കുന്നത്. അവരുടെ ജീവിതം, ഭക്ഷണം, ആചാരങ്ങൾ, അങ്ങനെയെല്ലാം കാണാനും പരിചയപ്പെടാനും ഈ യാത്രകൾ കൊണ്ടു സാധിച്ചു. ഇനി എനിക്കു പോകാൻ ആഗ്രഹമുള്ളത് ത്രിപുര, നാഗാലാൻഡ്,മണിപ്പൂർ തുടങ്ങിയ ഇടങ്ങളിലേക്കാണ്. ഇതുവരെ അങ്ങോട്ടേക്ക് ലോഡ് കിട്ടിയിട്ടില്ല. മറ്റു ഓട്ടങ്ങളിലായിരിക്കുമ്പോഴാണ് അവിടേക്ക് ലോഡുമായി പോകാൻ വിളിക്കുന്നത്. മേഘാലയ, ആസാം വരെയെ ഇതുവരെ പോയിട്ടുള്ളു. ബാക്കിയുള്ള നാടുകളും കൂടി കാണാൻ ശ്രമിക്കണം.