ചേച്ചിക്ക് പിന്നാലെ പുത്തൻ ആഡംബര എസ്യുവി വാങ്ങി ബോളിവുഡ് താരം

Mail This Article
ഒരാമുഖത്തിന്റെ ആവശ്യമില്ല ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ഖുശിക്ക്. നാദാനിയാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ വരവറിയിച്ച താരം തന്റെ യാത്രകൾക്ക് പുതിയൊരു കൂട്ട് കണ്ടെത്തിയിരിക്കുകയാണ്. ആഡംബരത്തിന്റെ അവസാനവാക്കായ മെഴ്‌സിഡീസ് ബെൻസിന്റെ ജി 400ഡി എന്ന എസ് യു വിയാണ് ഖുശി സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തിലുള്ള താരത്തിന്റെ യാത്രാചിത്രങ്ങൾ സോഷ്യൽ ലോകത്തും വൈറലാണ്. ചുവപ്പു നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. 2.55 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
നേരത്തെ വിപണിയിൽ ലഭ്യമായിക്കൊണ്ടിരുന്ന ജി 350ഡി യ്ക്ക് പകരമായി എത്തിയതാണ് ജി 400ഡി. ഈ വർഷമാദ്യമാണ് മെഴ്‌സിഡീസ് ഈ വാഹനത്തെ നിരത്തിലെത്തിച്ചത്. 3.0 ലീറ്റർ OM656 ഇൻ ലൈൻ സിക്സ് സിലിണ്ടർ ഡീസൽ എൻജിനാണ് ഈ എസ്‌യുവിയുടെ കരുത്ത്. 330 പി എസ് പവറും 700 എൻ എം ടോർക്കും ഉൽപാദിപ്പിക്കും ഈ എൻജിൻ. 9 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.
രണ്ടു വേരിയന്റുകളിൽ വാഹനം വിപണിയിൽ ലഭ്യമാണ്. പരുക്കൻ രൂപവും ബോഡി എലെമെന്റുകളും ഉൾക്കൊള്ളിച്ചിട്ടുള്ള അഡ്വഞ്ചർ എഡിഷനും പെർഫോമൻസിനു പ്രാധാന്യം നൽകുന്ന എ എം ജി ലൈൻ വേരിയന്റും. മെഴ്‌സിഡീസ് ബെൻസിന്റെ മറ്റു വാഹനങ്ങൾ പോലെ തന്നെ ധാരാളം പ്രീമിയം ഫീച്ചറുകൾ ഇതിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്ലൈഡിങ് സൺറൂഫ്, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, 64 കളേഴ്സ് ഓഫ് ആമ്പിയന്റ് ലൈറ്റിങ് എന്നിവ അതിൽ ചിലതു മാത്രം.
ബോളിവുഡിൽ നിന്നും ഖുശി കപൂർ മാത്രമല്ല, വേറെയും താരങ്ങൾ ഈ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഖുഷിയുടെ സഹോദരി ജാൻവി, സുനിൽ ഷെട്ടി, സാറ അലി ഖാൻ എന്നിവരെല്ലാം ജി വാഗൺ ഉടമകളാണ്.