സാന്‍ട്രോയിലൂടെ വന്ന ഹ്യുണ്ടേയ്; ഇന്ത്യയിൽ 28 വർഷം പൂർത്തിയാക്കി കൊറിയൻ കമ്പനി
Mail This Article
1996ലാണ് ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎല്‍)ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിപണിയുടെ പള്‍സറിഞ്ഞ് ഹ്യുണ്ടേയ് പുറത്തിറക്കിയ ആദ്യ ഉത്പന്നമായ 'സാന്‍ട്രോ' ഇന്ത്യയില്‍ അവരുടെ യാത്ര കൂടുതല്‍ എളുപ്പമാക്കി. ഇന്ത്യന്‍ കാര്‍ വിപണിയില്‍ 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഹ്യുണ്ടേയ് അവരുടെ യാത്രയുടെ വിവിധഘട്ടങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു വിഡിയോ പുറത്തിറക്കിയിരിക്കുന്നു.
സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയില്‍ വൈവിധ്യം നിറഞ്ഞ സംസ്ക്കാരങ്ങളുടെ കേന്ദ്രമായ ഇന്ത്യയിലെ യാത്രയെക്കുറിച്ച് വിശദമായി പറയുന്നുണ്ട് ഹ്യുണ്ടേയ്. മാരുതി, പ്രീമിയര്‍, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, മഹീന്ദ്ര, ടാറ്റ എന്നിവരായിരുന്നു ഇന്ത്യയിലേക്കെത്തുമ്പോള്‍ ഹ്യുണ്ടേയ് നേരിടേണ്ടിയിരുന്ന പ്രധാന കാര്‍ കമ്പനികള്‍ക്ക്. വിദേശ കമ്പനികളായ ദേയ്വു, ഒപെല്‍, ഫോഡ്, ഹോണ്ട എന്നിവരും സജീവമായിരുന്നു. എങ്കിലും പ്രധാന എതിരാളി മാരുതി സുസുക്കിയായിരുന്നു.
ആദ്യ ഉത്പന്നമായ സാന്‍ട്രോയിലൂടെ തന്നെ ഹ്യുണ്ടേയ് കളം പിടിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഹ്യുണ്ടേയ് ഇന്ത്യയിലെ രണ്ടാമത്തെ മികച്ച കാര്‍ വില്പനക്കാരായി മാറി. ഇന്ത്യന്‍ വിപണിയില്‍ സാന്‍ട്രോ നല്കിയ ഈ കുതിപ്പില്‍ നിന്നും പിന്നീടൊരിക്കലും ഹ്യുണ്ടേയ് പിന്നോട്ടു പോയില്ല. കാലാകാലങ്ങളില്‍ ഉപഭോക്താക്കളുടെ മനസറിഞ്ഞ് കാറുകള്‍ പുറത്തിറക്കുന്നതില്‍ ഹ്യുണ്ടേയ് മികവു കാണിച്ചു. ഗ്രാന്‍ഡ് ഐ10 നിയോസ്, ഐ20, വെര്‍ന, വെന്യു, എക്സ്റ്റര്‍, അല്‍കസാര്‍ എന്നിങ്ങനെ ഹ്യുണ്ടേയുടെ കാര്‍ മോഡലുകളുടെ വൈവിധ്യം വികസിച്ചു. ഇതിനിടെ ക്രേറ്റ എസ് യു വി പോലുള്ള മോഡലുകള്‍ 10 ലക്ഷത്തിലേറെ വില്പനയെന്ന നേട്ടവും സ്വന്തമാക്കി. നിലവില്‍ വൈദ്യുത മോഡലുകളിലേക്കു കൂടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഹ്യുണ്ടേയ്.
തെക്കേ അറ്റത്ത് ചെന്നൈയിലാണ് ഹ്യുണ്ടേയ് ഇന്ത്യയിലെ ആദ്യ കാര്‍ നിര്‍മാണ ഫാക്ടറി തുറന്നത്. പിന്നീടുള്ള കാലങ്ങളില്‍ പലഘട്ടങ്ങളില്‍ ഈ ഫാക്ടറി വികസിപ്പിച്ചു. ഹ്യുണ്ടേയുടെ ഇന്ത്യയിലെ വളര്‍ച്ചയില്‍ ഈ ഫാക്ടറി നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയിലേക്കു മാത്രമല്ല വിദേശത്തേക്കും ചെന്നൈ ഫാക്ടറിയില്‍ നിന്നും ഹ്യുണ്ടേയ് കാറുകള്‍ നിര്‍മിക്കുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ കാര്‍ ഫാക്ടറി മഹാരാഷ്ട്രയിലെ ടലേഗാണിലാണ് ഹ്യുണ്ടേയ് തുടങ്ങുന്നത്. ജനറല്‍ മോട്ടോഴ്സില്‍ നിന്നും ഈ ഫാക്ടറി ഹ്യുണ്ടേയ് വാങ്ങുകയായിരുന്നു. ഭാവി ലക്ഷ്യമിട്ട് മഹാരാഷ്ട്ര ഫാക്ടറിയില്‍ ഏതാണ്ട് 6,000 കോടി രൂപയുടെ നിക്ഷേപമാണ് ഹ്യുണ്ടേയ് നടത്തിയിട്ടുള്ളത്. പ്രതിവര്‍ഷം 1.30 ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്രയിലെ ഫാക്ടറിക്ക് സാധിക്കും. അടുത്തവര്‍ഷം ഈ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം കാറുകള്‍ നിര്‍മിക്കുകയാണ് ഹ്യുണ്ടേയുടെ ലക്ഷ്യം.
ഇന്നുവരെ ഒരു കോടിയിലേറെ കാറുകള്‍ ഹ്യുണ്ടേയ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. ഹ്യുണ്ടേയുടെ ഇന്ത്യയുടെ വിജയത്തില്‍ ഹൈദരാബാദിലെ ഹ്യുണ്ടേയ് മോട്ടോര്‍ എന്‍ജിനീയറിങ് ആര് ആന്റ് ഡി സെന്റര്‍, ഗുഡ്ഗാവിലെ സെന്റര്‍ ഓഫ് ട്രാന്സ്ഫോര്മേഷന് എന്നിവക്കുള്ള പങ്കും വിഡിയോയില്‍ എടുത്തുകാണിക്കുന്നുണ്ട്. 2024ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം ഹ്യുണ്ടേയ് എക്സ്റ്ററാണ് നേടിയത്. ഇന്ത്യയിലെ പ്രമുഖ ഓട്ടമൊബീല്‍ ജേണലിസ്റ്റുകള്‍ വോട്ട് ചെയ്താണ് ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം നല്‍കുന്നത്.
28 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ വിപുലമായ സെയില്‍സ്, സര്‍വീസ് നെറ്റ്വര്‍ക്ക് സ്ഥാപിക്കാനും ഹ്യുണ്ടേയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 1,381 സെയില്‍സ് ടച്ച് പോയിന്റുകളും 1,565 സര്‍വീസ് ടച്ച് പോയിന്റുകളുമാണ് ഹ്യുണ്ടേയ് ഇന്ത്യക്കുള്ളത്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ സാങ്കേതികവിദ്യകള്‍ വാഹനങ്ങളില്‍ അവതരിപ്പിക്കുന്നതില്‍ എക്കാലത്തും ഹ്യുണ്ടേയ് ശ്രദ്ധിച്ചിട്ടുണ്ട്. മാനവികതയുടേയും ഇന്ത്യയുടേയും വികസനത്തിന് ഹ്യുണ്ടേയ് ബാധ്യസ്ഥരാണെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ വിഡിയോ അവസാനിപ്പിക്കുന്നത്.