പുനലൂർ കോയമ്പത്തൂർ റൂട്ടിൽ പുത്തൻ എസി ബസ്; സർവീസ് ഇങ്ങനെ!
Mail This Article
പുനലൂർ– കോയമ്പത്തൂർ റൂട്ടിൽ റോബിന്റെ പുതിയ ബസ്. ടാറ്റ മാർക്കൊപോളൊയുടെ എസി ബസാണ് സർവീസ് നടത്തുന്നത്. നേരത്തെയുണ്ടായിരുന്ന പത്തനംതിട്ടയ്ക്ക് പകരം പുനലൂരിൽ നിന്നാണ് ഇത്തവണ സർവീസ് തുടങ്ങുന്നത്. ചില്ല് ഘടിപ്പിച്ച ബസിൽ മഴക്കാലത്തെ യാത്ര ദുരിതമായതോടെയാണ് എസി ബസ് വാങ്ങിയതെന്നും റോബിൻ പറയുന്നു. പഴയ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താതെയാണ് പുതിയ ബസ് സര്‍വീസ് നടത്തുക. കെഎസ്ആര്‍ടിസി പത്തനംതിട്ടയില്‍ നിന്നും എസി ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ഇതുകൂടി കണക്കാക്കിയാണ് പുതിയ ബസ് റോബിനും നിരത്തില്‍ ഇറക്കിയിരിക്കുന്നത്.
പുനലൂരിൽ നിന്നു പുലർച്ചെ 4ന് ആരംഭിച്ച് 10ന് കോയമ്പത്തൂരിൽ എത്തുന്നതാണ് സർവീസ്. ഇതിനു തൃശൂർ ആർടി ഓഫിസിൽ അപേക്ഷ നൽകിയെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് പറയുന്നു. 2023 ഓഗസ്റ്റ് 30നാണ് റോബിൻ ബസ് കോയമ്പത്തൂർക്ക് സ്റ്റേജ് ക്യാരേജ് സർവീസ് ആരംഭിച്ചത്, സര്‍വീസ് നടത്തിയപ്പോള്‍ തന്നെ വിവാദമായിരുന്നു. കോഴിക്കോട് സ്വദേശിയുടെ ബസ് വാടകയ്ക്ക് എടുത്താണ് റോബിന്‍ ഗിരീഷ് അന്നു പ്രതിദിന സര്‍വീസ് നടത്തിയത്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് സര്‍വീസില്‍ ഓടിയിരുന്ന ബസിന്റെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർവീസ് അവസാനിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചത്.
ബസ് പിന്‍വലിച്ചപ്പോള്‍ തന്നെ പുതിയ ബസ് ഉടന്‍ നിരത്തില്‍ എത്തുമെന്ന് ഉടമ പ്രഖ്യാപിച്ചിരുന്നു. എസി, മൊബൈല്‍ ചാര്‍ജര്‍ പിന്‍ പോയിന്റുകള്‍ പുഷ് ബാക്ക് സീറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യമങ്ങളുമാണ് റോബിന്‍ വീണ്ടും നിരത്തില്‍ ഇറങ്ങുന്നത്. ആദ്യമായിട്ടാണ് ടാറ്റ മാർക്കൊപോളോ ബസ് ഈ സെഗ്‌മെന്റിൽ ഉപയോഗിക്കുന്നത്. 160 ബിഎച്ച്പി കരുത്തുള്ള 3.3 ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് ബസിൽ.