വിവാഹത്തിന് മുന്നോടിയായി ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി ദിയ കൃഷ്ണ
Mail This Article
സഹോദരിമാരെ പോലെ സിനിമാതാരമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരുണ്ട് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയ്‌ക്ക്. താരപുത്രിയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പുതിയൊരു സന്തോഷം കൂടി കുടുംബത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ദിയ. ടൊയോട്ട ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി കല്യാണമേളത്തിനു ഇരട്ടിമധുരം നൽകിയിരിക്കുകയാണ് താരം. ഒടുവിൽ എന്റെ സ്വപ്നം സത്യമായി. ദൈവത്തിനും എന്റെ കുടുംബത്തിനും ഇത്തരമൊരു നേട്ടത്തിലെത്താൻ എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ച അശ്വിനും നന്ദി എന്ന് കുറിച്ചുകൊണ്ടാണ് ഈ സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ദിയ കൃഷ്ണ പങ്കുവെച്ചത്.
വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്നതിനായി കൃഷ്‌ണകുമാറും ഭാര്യ സിന്ധുവും ദിയയുടെ പ്രതിശുത വരൻ അശ്വിനും എത്തിയിരുന്നു. കൂടെ കൃഷ്ണ കുമാറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സിനിമ താരം അപ്പ ഹാജയും ഈ സന്തോഷ നിമിഷത്തിനു സാക്ഷിയായി ഉണ്ടായിരുന്നു. തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന് സാക്ഷിയാകാനെത്തിയ അപ്പ ഹാജയ്ക്കും ദിയ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്.
അഞ്ച് മോഡലുകളിൽ ഏഴ്, എട്ട് സീറ്റ് വേരിയന്റുകളിലാണ് ക്രിസ്റ്റ വിൽപനയിലുള്ളത്. അതിൽ ഏതുമോഡലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 2.4 ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുക. ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്‍, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നിവ കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
സുരക്ഷയ്ക്കായി ഏഴ് എയർബാഗുകൾ, മുൻ പിൻ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും നൽകിയിരിക്കുന്നു. 19.99 ലക്ഷം രൂപ മുതൽ 26.55 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ എക്സ്ഷോറൂ വില.