ടൈഗൂണ്‍ എസ്യുവിയുടെ തിളക്കത്തിൽ ‘അമൽ ഡേവിസ്’
Mail This Article
നായകനെക്കാളും ഒരു പടി മുകളിൽ സ്കോർ ചെയ്ത താരമാണ് പ്രേമലുവിലെ അമൽ ഡേവിസ്. അഭിനയത്തിൽ മാത്രമല്ലാതെ സിനിമയുടെ പിന്നണിയിലും സജീവമായ സംഗീത് പ്രതാപ്, മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരത്തിന്റെ തിളക്കത്തിലാണ്. ആ സന്തോഷത്തിനു ഇരട്ടി മധുരം നൽകാനായി പുതിയൊരു അതിഥി കൂടി താരത്തിന്റെ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നു.
ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂൺ ആണ് സംഗീത് സ്വന്തമാക്കിയത്. പൂർണമായും കറുപ്പ് നിറത്തിലുള്ള, 1.0 ലീറ്റർ മോഡലാണിത്. 113 ബി എച്ച് പി കരുത്തും 178 എൻ എം ടോർക്കും ലഭിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിലും വാഹനം വിപണിയിലെത്തുന്നുണ്ട്. ഏകദേശം 19 ലക്ഷം രൂപയാണ് ടൈഗൂണിന്റെ ഈ പ്രത്യേക മോഡലിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്.
ഇതു കൂടാതെ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിൻ മോഡലും വാഹനത്തിലുണ്ട്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.