കാറിൽ ദുർഗന്ധമുണ്ടോ? ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രശ്നം പരിഹരിക്കാം
Mail This Article
കാറില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവുന്നതും കാറിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം സാധാരണമാണ്. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വളരെയെളുപ്പം കാര്‍ കാബിനില്‍ ദുര്‍ഗന്ധം പരക്കാറുണ്ട്. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാനാവും. അങ്ങനെ നമ്മുടെ കാറില്‍ സുഗന്ധം നിറയാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.
വൃത്തിയാക്കണം- ഏറ്റവും ശ്രദ്ധവേണ്ടത് കാറിന്റെ കാബിന് വൃത്തിയോടെയിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലാണ്. പ്രത്യേകിച്ചും പട്ടിയും പൂച്ചയും പോലുള്ള വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവുന്നവരാണെങ്കില്. ഇവയുടെ രോമങ്ങളും മറ്റും വീണ് കാറിനുള്ളില്‍ ദുര്‍ഗന്ധം പരക്കാനുള്ള സാധ്യത വളരെ വലുതാണ്. നമ്മള് സ്ഥിരമായി ഇങ്ങനെ സഞ്ചരിച്ചാല്‍ കാറിനുള്ളിലെ ദുര്‍ഗന്ധം തിരിച്ചറിയാന്‍ പോലും സാധിക്കാറില്ലെന്നതാണ് മറ്റൊരു വെല്ലുവിളി.
കാറിന്റെ സീറ്റുകളും മറ്റും നിര്‍മിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് അനുസരിച്ചുള്ളവ ഉപയോഗിച്ചു വേണം വൃത്തിയാക്കാന്‍. വാക്വം ക്ലീനര്‍ ഉപയോഗിച്ചും അനുയോജ്യമായ തുണികള്‍ ഉപയോഗിച്ച് തുടച്ചെടുത്തും വൃത്തിയാക്കാം. ഡോര്‍ ഹാന്‍ഡില്‍, സീറ്റ് ബെല്‍റ്റ്, ആംറെസ്റ്റ് തുടങ്ങി കീടാണുകള്‍ എളുപ്പം എത്തിപ്പെടാനിടയുള്ള തുടര്‍ച്ചയായി തൊടുന്ന ഭാഗങ്ങള്‍ പ്രത്യേകം വൃത്തിയാക്കണം.
കാറിനുള്ളിലെ ഭക്ഷണം- കാറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നത് സാധാരണമാണെങ്കിലും അത് വളരെയെളുപ്പം കാറില്‍ ദുര്‍ഗന്ധം നിറക്കാറുണ്ട്. പ്രത്യേകിച്ച് കുട്ടികളും മറ്റുമാണ് ഭക്ഷണം കഴിക്കുന്നെങ്കില്‍ ഭക്ഷണ ഭാഗങ്ങള്‍ താഴെ വീണുപോവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാബിന് വൃത്തിയാക്കുക പതിവിലും പണിയുള്ള കാര്യമായിരിക്കും. മാത്രമല്ല കാറിലെ ഭക്ഷ്യ വസ്തുക്കള്‍ നിര്‍ത്തിയിടുന്ന സമയത്ത് എലികളേയും മറ്റും ആകര്‍ഷിക്കുകയും ഇവ കാറിനുള്ളില്‍ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് പരമാവധി കാറിനുള്ളിലെ ഭക്ഷണം കഴിക്കല്‍ ഒഴിവാക്കുന്നതാണ് നല്ലത്.
എയര്‍ ഫ്രഷ്നര്‍- മികച്ച നിലവാരമുള്ള എയര്‍ ഫ്രഷ്നര്‍ തന്നെ കാറിനുള്ളില്‍ വാങ്ങി വെക്കുക. ഇതിനു മുടക്കുന്ന പണം ഒരിക്കലും വെറുതെയാവില്ല. കാറിനുള്ളിലെ സുഗന്ധമുള്ള അന്തരീക്ഷത്തിന് യാത്രക്കാരുടെ മാനസികാവസ്ഥയേയും സ്വാധീനിക്കാനാവും. എയര്‍ഫ്രഷ്നര്‍ കാലാവധി കഴിയുന്നതിന് അനുസരിച്ച് മാറ്റാനും മറക്കല്ലേ.
അധികമായാല്‍ ഈര്‍പ്പവും- അതെ, അധികമായാല്‍ കാറിനുള്ളിലെ ഈര്‍പ്പവും പ്രശ്നക്കാരനാവും. കാറിനുള്ളില്‍ ഈര്‍പ്പം കൂടിയാല്‍ മോശം മണം വരിക സ്വാഭാവികമാണ്. ഇത് ഒഴിവാക്കാന്‍ ഈര്‍പ്പം വലിച്ചെടുക്കുന്ന സിലിക്ക ജെല്‍ പാക്കറ്റുകളും മറ്റും ഉപയോഗിക്കുക. കാബിനുള്ളില്‍ ഈര്പം കുറക്കാന്‍ ഇത് സഹായിക്കും.
വായുസഞ്ചാരം ഉറപ്പാക്കുക- കാറില്‍ വായുസഞ്ചാരം ഉറപ്പു വരുത്തുന്നതു വഴി കാറിനുള്ളില്‍ ദുര്‍ഗന്ധം കുറക്കാനാവും. അതുകൊണ്ട് കാറിന്റെ വെന്റിലേഷന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. പാര്‍ക്ക് ചെയ്യുന്ന അവസരങ്ങളില്‍ പൊടിയില്ലെങ്കില്‍ കാറിന്റെ ചില്ല് അല്പം താഴ്ത്തി വെക്കുന്നത് വായു സഞ്ചാരം ഉറപ്പിക്കാന്‍ സഹായിക്കും.