ഇത് അഡാർ ലുക്ക്, മിനി കൂപ്പറിന്റെ പുത്തൻ എഡിഷൻ വാങ്ങി സാനിയ അയ്യപ്പൻ
Mail This Article
സിനിമായാത്രകൾക്കു പുതിയൊരു കൂട്ട് തേടിയിരിക്കുകയാണ് മലയാളത്തിലെ യുവ താരനിരയിൽ ശ്രദ്ധേയയായ സാനിയ അയ്യപ്പൻ. മിനി കൂപ്പറിന്റെ പുതുമുഖം കൂപ്പർ എസ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഓഷ്യൻ വേവ് ഗ്രീൻ എന്ന ഷെയ്ഡ് ആണ് പുതുവാഹനത്തിനായി സാനിയ തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളത്തെ മിനി ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്ന് വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 57.49 ലക്ഷം രൂപയാണ് കൂപ്പർ എസിനു വില വരുന്നത്.
2.0 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 201 ബി എച്ച് പി യാണ് പവർ, 300 എൻ എം ആണ് പരമാവധി ടോർക്ക്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡുകൾ മാത്രം മതിയാകും. പെർഫോമൻസിൽ മാത്രമല്ല, മൈലേജിലും ഈ കുഞ്ഞൻ കാർ ഒട്ടും പുറകിലല്ല. ലീറ്ററിനു 16.58 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.
സാനിയയെ കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ടൊവിനോ, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് തുടങ്ങിയവരും മിനി കൂപ്പർ ഉടമകളാണ്.