സ്റ്റൈലൻ ലുക്കിൽ ഇന്നോവ ക്രിസ്റ്റ, സ്പോർട്ടി ബോഡി കിറ്റുമായി ടൊയോട്ട

Mail This Article
2016ല്‍ പുറത്തിറങ്ങിയ കാലം മുതല്‍ ടാക്സിയായും സ്വകാര്യ വാഹനമായും നിരവധി പേരെ ആകര്‍ഷിച്ച വാഹനമാണ് ഇന്നോവ ക്രിസ്റ്റ. ലാഡര്‍ ഫ്രെയിം ചേസിസും കരുത്തുറ്റ ഡീസല്‍ പവര്‍ട്രെയിനും ഉയര്‍ന്ന കാര്യക്ഷമതയും പ്രകടനവുമെല്ലാം ഇന്നോവ ക്രിസ്റ്റയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യന്‍ വിപണിയിലെ വില്പനയില് ടൊയോട്ടയുടെ വാഹനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്നോവ ക്രിസ്റ്റ(ആകെ ടൊയോട്ട വില്പനയുടെ 12.5%). ഇന്നോവ ക്രിസ്റ്റയുടെ റോഡ് പ്രസന്‍സ് ഒരുപടി കൂടി വര്‍ധിപ്പിക്കാന്‍ പുതിയൊരു ബോഡി കിറ്റ് വിപണിയിലെത്തിച്ചിരിക്കുകയാണ് ടൊയോട്ട.
പുതിയ ബോഡി കിറ്റിലെ മുന്‍ ഗ്രില്ലും ഷാര്‍പ്പ് എല്‍ഇഡി ഹെഡ് ലാംപുകളും സ്പോര്‍ട്ടി ഡയമണ്ട് കട്ട് അലോയ് വീലുകളും കൂടി ഇന്നോവ ക്രിസ്റ്റയുടെ തലയെടുപ്പ് പിന്നെയും വര്‍ധിപ്പിക്കുന്നുണ്ട്. മുന്നിലെ ഗ്രില്ലിലും ഹൂഡിലും ക്രോം ഫിനിഷ്. ചെറിയ തട്ടലും മുട്ടലുമൊക്കെ തടയാന്‍ വശങ്ങളില് ഷീല്‍ഡിങ് ഓവര്‍ ഫെന്‍ഡേഴ്സ്. പിന്നില്‍ സ്പോര്‍ട്ടിയായ ലുക്ക് നല്കുന്ന സ്പോയ്ലറും കിറ്റിന്റെ ഭാഗമാണ്.
കിറ്റിലെ പല ഭാഗങ്ങളും ടൊയോട്ട സുഷോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് (ടിടിഐപിഎല്) നിര്‍മിച്ചത്. ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും ഇന്നോവ ക്രിസ്റ്റയുടെ ബോഡി കിറ്റ് ലഭിക്കും. ഹൂഡ് സ്കൂപ്, സില്‍വര്‍ ഫിനിഷിലുള്ള ബംപര്‍ എംബ്ലം, മഫ്ളര്‍ കട്ടര്‍, റൂഫ് സ്പോയ്ലര് ഗാര്‍ണിഷ് എന്നിവയെല്ലാം കിറ്റിന്റെ ഭാഗമാണ്. അകത്തെ ഡാഷ്ബോര്‍ഡില്‍ വുഡന്‍ പാനലും ത്രിഡി ഫ്ളോര്‍ മാറ്റുകളും സ്കഫ് പ്ലേറ്റുമെല്ലാം കിറ്റിന്റെ ഭാഗമാണ്.
ഇന്നോവ ക്രിസ്റ്റയില്‍ പിന് ക്യാമറ, വെല്‍കം ഡോര്‍ ലാംപ്, ലെഗ് റൂം ലാംപ്, വയര്‍ലെസ് ചാര്‍ജര്‍, ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഇല്യുമിനേറ്റഡ് സ്കഫ് പ്ലേറ്റ്, ഫോഗ് ലാംപ്, എയര്‍ പ്യൂരിഫെയര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആസെസറികളും ടൊയോട്ട നല്‍കുന്നുണ്ട്. 2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇന്നോവ ക്രിസ്റ്റയിലുള്ളത്. 150പിഎസ് കരുത്തും 343 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിയുന്ന എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്. ഓട്ടമാറ്റിക് ട്രാന്സ്മിഷന് ഇല്ലെങ്കില്‍ പോലും ഇന്നോവ ക്രിസ്റ്റയുടെ വില്പനയെ അത് ബാധിച്ചിട്ടേയില്ല. അതേസമയം മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ശക്തമാവുന്നതോടെ ഡീസല്‍ എന്ജിന് പിന്‍വലിക്കാനുള്ള സാധ്യതയും സജീവമാണ്. ഇന്നോവ ഹൈക്രോസില്‍ ഇപ്പോള്‍ തന്നെ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളുണ്ട്.
ആപ്പിള്‍ കാര്‍ പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, കോംബിനേഷന്‍ മീറ്റര്‍ വിത്ത് ടിഎഫ്ടി എംഐഡി, ആംബിയന്റ് ലൈറ്റിങ്, ലെതര്‍ റാപ്പ്ഡ് സ്റ്റീറിങ് വീലും ഷിഫ്റ്റ് ലിവറും, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, 8 വേ പവര്‍ അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ഡോര്‍ ലോക്ക്, ക്രൂസ് കണ്ട്രോള്, ടില്‍റ്റ് ആന്റ് ടെലസ്കോപിക് സ്റ്റിയറിങ് കണ്ട്രോള്, 3-7 എയര്‍ ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ബാക്ക് മോണിറ്റര്‍, ഫ്രണ്ട് ക്ലിയറന്‍സ് സോണാര്‍ വിത്ത് എംഐഡി ഇന്‍ഡിക്കേഷന്‍ എന്നിവയാണ് ഇന്നോവ ക്രിസ്റ്റയുടെ പ്രധാന ഫീച്ചറുകള്‍.