മാരുതി, ടാറ്റ, ഹ്യുണ്ടേയ്; അടുത്ത വർഷം എത്തുന്നത് 20 ഇലക്ട്രിക് വാഹനങ്ങൾ

Mail This Article
ന്യൂഡൽഹി ∙ പുകയും ശബ്ദവും ഇല്ലാതെ, നിരത്തുകളിൽ ‘നിശ്ശബ്ദ വിപ്ലവത്തിന്’ അരങ്ങൊരുക്കി 2025. മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര, ടാറ്റ തുടങ്ങി പ്രമുഖ വാഹന നിർമാതാക്കളുടേതായി ഇലക്ട്രിക് കാറുകളുടെ വലിയ നിരയാണ് പുതുവർഷത്തിൽ പുറത്തിറങ്ങുന്നത്. ജനപ്രിയ മോഡലുകളായ ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയർ തുടങ്ങിയവയുടെ ഇലക്ട്രിക് പതിപ്പുകളും 2025 ആദ്യപാദത്തിൽ വിപണിയിലെത്തും.
വിവിധ കമ്പനികളിൽ നിന്നായി ഇരുപതോളം ഇവികളാണ് അടുത്ത വർഷം പുറത്തിറങ്ങുക. അടുത്ത വർഷമാദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ വാഹനങ്ങൾ അവതരിപ്പിക്കും.ഹ്യുണ്ടായ് ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് 2025 ജനുവരിയിൽ വിപണിയിലെത്തും. ഹൈബ്രിഡ് മോഡലുകളിലെ വിജയകരമായ കൈകോർക്കലിനുശേഷം മാരുതിയും ടൊയോട്ടയും ഇവി വാഹനത്തിനായി വീണ്ടും ഒന്നിക്കുന്നതും പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. മാരുതിയുടെ ബ്രസ, വിറ്റാര എന്നിവയുടെ ഇലക്ട്രിക് പതിപ്പിനൊപ്പം പുതിയതായി ഇ–വിറ്റാര എന്ന മോഡൽ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ടാറ്റ ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് 2025 മാർച്ചോടെ വിപണിയിലെത്തും. ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനിയുടെ വാഗ്ദാനം. എംജി മോട്ടോഴ്സും തങ്ങളുടെ ആദ്യത്തെ ആഡംബര ഇലക്ട്രിക് സ്‌പോർട്‌സ് കാറായ ‘സൈബർസ്റ്റർ’ അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും. കിയ, മെഴ്‌സിഡീസ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളും അടുത്ത വർഷം പുതിയ ഇവി മോഡലുകൾ പുറത്തിറക്കും.
2025ൽ പ്രതീക്ഷ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ വിൽപനയിൽ 10% മാത്രം വർധനയാണ് ഈ വർഷമുണ്ടായത്. 2025ൽ ഇത് 40 ശതമാനത്തിലെത്തിക്കാനാവുമെന്നാണ് കാർ നിർമാതാക്കളുടെ പ്രതീക്ഷ. 2023ൽ 80,508 പാസഞ്ചർ ഇവി കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2024 ഒക്ടോബർ വരെ 74,235 കാറുകൾ വിറ്റു. ഇന്ത്യയിലെ മൊത്തം വാഹന വിപണിയുടെ 2% മാത്രമാണ് ഇവി. കേരളത്തിൽ കഴിഞ്ഞ 5 വർഷം വിറ്റഴിഞ്ഞ ആകെ കാറുകളുടെ 3.99% മാത്രമാണ് ഇലക്ട്രിക് കാറുകൾ.
അടുത്ത വർഷം വരാനിരിക്കുന്ന പ്രധാന ഇവികൾ, പുറത്തിറക്കുന്ന സമയം, പ്രതീക്ഷിക്കുന്ന വില (എക്സ്ഷോറൂം)
∙മാരുതി സുസുക്കി ഇ–വിറ്റാര, മാർച്ച് 2025, 25 ലക്ഷം രൂപ
∙ഹ്യുണ്ടായ് ക്രൈറ്റ ഇവി, ജനുവരി, 25 ലക്ഷം
∙സ്കോഡ ഇനിയാക്, 2025 ആദ്യപാദം, 55 ലക്ഷം
∙മഹീന്ദ്ര XEV 9e , 2025 ആദ്യപാദം, 30 ലക്ഷം
∙മഹീന്ദ്ര BE6e, 2025 ആദ്യപാദം, 20 ലക്ഷം
∙ടാറ്റ ഹാരിയർ ഇവി, മാർച്ച് 2025, 25 ലക്ഷം
∙ടാറ്റ സീറ ഇവി, 2025 അവസാനം ,28 ലക്ഷം
∙മെഴ്സിഡീസ് ബെൻസ് EQG, 2025, 3 കോടി രൂപ
∙ഫോക്സ്‌വാഗൻ ID.4, 2025, 55 ലക്ഷം
∙കിയ EV6 ഫെയ്സ്‌ലിഫ്റ്റ് , 2025, 62 ലക്ഷം
∙ഹ്യുണ്ടായ് ഐയോണിക് 5 ഫെയ്സ്‌ലിഫ്റ്റ് ,2025, 48 ലക്ഷം
∙കിയ കാരൻസ് ഇവി, 2025 ആദ്യപാദം 20 ലക്ഷം
∙എംജി സൈബർസ്റ്റർ, 2025, 70 ലക്ഷം