ഇലക്ട്രിക്കായി ഹ്യുണ്ടേയ് ക്രേറ്റ, റേഞ്ച് 473 കി.മീ വരെ; ഫീച്ചറുകളും ധാരാളം

Mail This Article
ക്രേറ്റയുടെ ഇലക്ട്രിക് മോഡലിന്റെ ചിത്രങ്ങളും കൂടുതൽ വിവരങ്ങളും പുറത്തുവിട്ടു. ഈ മാസം 17ന് ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ ഇലക്ട്രിക് ക്രേറ്റ പ്രദർശിപ്പിക്കും. 51.4 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം 473 കിലോമീറ്റർ ഓടും. വേഗം നൂറു കിലോമീറ്ററിലെത്താൻ 7.9 സെക്കൻഡ്.

ക്രേറ്റയുടെ പെർഫോമൻസ് മോഡൽ എൻലൈനിനോടാണ് ഇലക്ട്രിക് മോഡലിന് സാമ്യം. മുൻ പിൻ ബംബറിൽ ചെറിയ മാറ്റങ്ങളുണ്ട്. മുന്നിലെ ലോഗോയ്ക്ക് പിന്നിലാണ് ചാർജിങ് പോർട്ട്. 10.25 ഇഞ്ച് വീതമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്.

രാജ്യാന്തര വിപണിയിൽ വിൽക്കുന്ന ഹ്യുണ്ടേയ് കോനയുടേതിന് സമാനമായ സ്റ്റിയറിങ് വീല്‍. റീ ഡിസൈൻ ചെയ്ത സെന്റർ കൺസോൾ, രണ്ട് കപ്പ്ഹോൾഡർ, ഇലക്ട്രോണിക് പാർക് ബ്രേക്, ശീതികരിക്കാവുന്ന സീറ്റുകൾ, അഡാസ് സുരക്ഷ (അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം), ആറ് എയര്‍ബാഗ്, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളെല്ലാം ഹ്യുണ്ടേയ് ക്രേറ്റയിലുണ്ട്.

ഡിജിറ്റൽ കീ ഉപയോഗിച്ച് വാഹനം അൺലോക്ക് ചെയ്യാം. രണ്ട് ബാറ്ററി പായ്ക്കുകളിൽ വാഹനം ലഭിക്കും ഉയർന്ന മോഡലിൽ 51.4 കിലോവാട്ട് ബാറ്ററിയാണ്, റേഞ്ച് 473 കിലോമീറ്റർ, 42 കിലോവാട്ട് ബാറ്ററി 390 കിലോമീറ്റർ റേഞ്ച് നൽകും. പത്തിൽ നിന്ന് 80 ശതമാനം വരെ ഡിസി ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ 58 മിനിറ്റ് മാത്രം മതി. 11 കിലോവാട്ട് സ്മാർട്ട് കണക്റ്റഡ് വാൾബോക്സ് ചാർജർ ഉപയോഗിച്ചാൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജാകാൻ നാലു മണിക്കൂർ. എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്‌സലൻസ് എന്നിങ്ങനെ നാലു മോഡലുകളിലും എട്ട് മോണോടോൺ, 2 ഡ്യുവൽ ടോൺ നിറങ്ങളിലും വാഹനം ലഭിക്കും.