ജനപ്രിയ എസ്യുവിയുടെ ഇലക്ട്രിക് മോഡൽ; ഫീച്ചറുകൾ നിറച്ച് ക്രേറ്റ

Mail This Article
ഹ്യുണ്ടേയ് ഇന്ത്യയില്‍ 11 ലക്ഷത്തിലേറെ ക്രേറ്റകള്‍ നിരത്തിലിറക്കി കഴിഞ്ഞു. ഇനി ക്രേറ്റ ഇവിയുടെ ഊഴമാണ്. ജനുവരി 17ന് ഔദ്യോഗികമായി അവതരിപ്പിക്കും മുന്‍പു തന്നെ ക്രേറ്റ ഇവിയുടെ സവിശേഷതകള്‍ പലപ്പോഴായി ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടുണ്ട്. ക്രേറ്റ ഇവിയുടെ ഇന്റീരിയറും പ്രധാന ഫീച്ചറുകളുമൊക്കെ ഇന്ന് നമുക്കറിയാം. ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര ബിഇ 6, എംജി ZS ഇവി എന്നിവയോടാണ് പ്രധാനമായും ക്രേറ്റ ഇവിയുടെ മത്സരം.

ഫീച്ചറുകള്‍
ഇന്‍ഫോടെയിന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി രണ്ട് 10.25 ഇഞ്ച് സ്ക്രീനുകളാണ് ഹ്യുണ്ടേയ് ക്രേറ്റിലുള്ളത്. ക്രേറ്റയുടെ നിരവധി ഇന്റീരിയര്‍ ഫീച്ചറുകള്‍ ഇവിയിലേക്കും ഹ്യുണ്ടേയ് നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ഓട്ടോ ഡിമ്മിങ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, 8 സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഹ്യുണ്ടേയ് ക്രേറ്റ ഇവിയിലുമുണ്ട്.
വ്യത്യാസം വരുന്നത് സ്റ്റീയറിങിലും സെന്റര്‍ കണ്സോളിലുമാണ്. സ്റ്റീയറിങ് വീലിന്റെ വലതു ഭാഗത്തുള്ള കണ്ട്രോള് സ്റ്റാള്‍ക്ക് വഴി ഷിഫ്റ്റ് ബൈ വയര്‍ സിസ്റ്റം ക്രേറ്റ ഇവി അവതരിപ്പിച്ചിരിക്കുന്നു. സെന്റര്‍ കണ്‍സോളില്‍ കപ്പ് ഹോള്‍ഡറുകളും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് ബട്ടണുകളും ഓട്ടോ ഹോള്‍ഡ്, ഡ്രൈവ് മോഡ് ബട്ടണുകളും നല്കിയിരിക്കുന്നു.

ഉയര്‍ന്ന മോഡലിൽ ഇവി ചാര്‍ജു ചെയ്യുന്നതിന് ഇന്‍ കാര്‍ പേമെന്റും സ്മാര്‍ട്ട് ഫോണ്‍ കാറിന്റെ താക്കോലായി ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കീയും വരുന്നുണ്ട്. സിംഗിള്‍ പെഡല്‍ ഡ്രൈവിങും വെഹിക്കിള്‍ ടു ലോഡ് ചാര്‍ജിങ് സൗകര്യവും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിന് വോയ്സ് കമാന്‍ഡും ഹ്യുണ്ടേയ്യുടെ ബ്ലൂ ലിങ്ക് ഇന്‍ കാര്‍ കണക്ടിവിറ്റിയുമാണ് മറ്റു പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. പത്തു നിറങ്ങളില്‍ ഹ്യുണ്ടേയ് ക്രേറ്റ ഇവി എത്തും. ഇതില്‍ രണ്ടെണ്ണം ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ്. മൂന്ന് മാറ്റ് ഷെയ്ഡുകളും ക്രേറ്റ ഇവിയിലുണ്ടാവും.

സുരക്ഷ
ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ക്രേറ്റ ഇവിക്ക് ഹ്യുണ്ടേയ് നല്‍കിയിരിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള് എന്നിവയെല്ലാം സുരക്ഷാ ഫീച്ചറുകളായെത്തുന്നു. പിന്നില്‍ ഡിസ്ക് ബ്രേക്കുകളും ആറ് എയര്‍ ബാഗുകളും ഹില്‍ സ്റ്റാര്‍ട്ട്/ഡിസെന്റ് അസിസ്റ്റും ഇഎസ്സി, ടയര്‍ പ്രഷര്‍ മോണിറ്ററിങ്, ISOFIX ആങ്കറുകള്‍ എന്നിവയും സുരക്ഷ ഉറപ്പിക്കാനുണ്ട്. 360 ഡിഗ്രി ക്യാമറയും മഴക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും മുന്നിലെ പാര്‍ക്കിങ് സെന്‍സറുകളും ക്രേറ്റ ഇവിയിലുണ്ട്.

പവര്‍ട്രെയിന്‍
നേരത്തെ 390 കിലോമീറ്റര്‍ റേഞ്ചുള്ള 42kWh, 473 കിലോമീറ്റര്‍ രേഞ്ചുള്ള 51.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് ക്രേറ്റ ഇവിയിലെന്ന് നേരത്തെ തന്നെ ഹ്യുണ്ടേയ് സൂചന നല്‍കിയിരുന്നു. ക്രേറ്റ ഇവിയില്‍ 42kWh ബാറ്ററി മോഡലില്‍ ഫ്രണ്ട് ആക്സില്‍ 135എച്ച്പി മോട്ടോറും 51.4kWh ബാറ്ററി മോഡലില്‍ 171എച്ച്പി മോട്ടോറുമാണെന്ന് ഹ്യുണ്ടേയ് സ്ഥിരീകരിച്ചിരിക്കുന്നു. 51.4kWh ബാറ്ററി പാക്കില്‍ 0-100കിലോമീറ്റര്‍ വേഗതയിലെത്താന്‍ 7.9 സെക്കന്‍ഡ് മതി.
11kW എസി ചാര്‍ജറിന് 10-100 ശതമാനം ചാര്‍ജിലേക്കെത്താന്‍ നാലു മണിക്കൂര്‍ മതിയെന്നും നേരത്തെ ഹ്യുണ്ടേയ് അറിയിച്ചിരുന്നു. അതേസമയം ഡിസി ചാര്‍ജറാണെങ്കില്‍ 10-80 ശതമാനം ചാര്‍ജിന് 58 മിനുറ്റ് മതിയാവും. ചാര്‍ജിങ് തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ഷെഡ്യൂള്‍ ചെയ്യുന്നതിനുമെല്ലാം മൈഹ്യുണ്ടേയ് ആപ്പ് ഉപയോഗിക്കാനാവും.