അന്ന് അമ്മയുടെ ചികിത്സയ്ക്കായി സ്കൂട്ടർ വിറ്റു, ഇന്ന് പിതാവിന് ബുള്ളറ്റ് സമ്മാനിച്ച് മകൻ
Mail This Article
കുടുംബത്തിന്റെയും മക്കളുടെയും ആവശ്യങ്ങൾക്കായി ഏറെ പ്രിയപ്പെട്ടവ വിൽക്കുന്ന നിരവധി മാതാപിതാക്കൾ നമുക്ക് ചുറ്റിലുമുണ്ട്. പിന്നീട് അത്തരമൊന്നു വാങ്ങാൻ ചിലപ്പോൾ കഴിഞ്ഞുവെന്നും വരുകയില്ല. എന്നാൽ ഇവിടെ ഈ മകൻ കയ്യടി നേടുന്ന ഒരു പ്രവൃത്തികൊണ്ടു വ്യത്യസ്തനാവുകയാണ്. അമ്മയുടെ ചികിത്സാചെലവിനായി സ്കൂട്ടർ വിറ്റ പിതാവിന് പുത്തനൊരു ബൈക്ക് വാങ്ങി നൽകിയാണ് മകൻ മാതൃകയാകുന്നത്. റോയൽ എൻഫീൽഡിന്റെ മീറ്റിയോർ 650 എന്ന വാഹനമാണ് പിതാവിന് പുത്രൻ സമ്മാനിച്ചത്. നടന്നോ ചിലപ്പോഴൊക്കെ സൈക്കിളിലോ ജോലിക്കു പോകുന്ന പിതാവിനുള്ള സമ്മാനമാണ് പുത്തൻ ബൈക്ക് എന്നാണ് മകൻ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചു കൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്.
തന്റെ ബാല്യകാലത്ത് പിതാവിന് സ്വന്തമായി ഒരു സ്കൂട്ടർ ഉണ്ടായിരുന്നു. മാതാവ് അസുഖബാധിതയായപ്പോൾ മികച്ച ചികിത്സ നൽകുന്നതിനായി ആ വാഹനം വിൽക്കേണ്ടി വന്നു. പിന്നീട് ഇതുവരെയും മറ്റൊരു ബൈക്ക് സ്വന്തമാക്കാൻ പിതാവിന് കഴിഞ്ഞിരുന്നില്ല. സ്കൂട്ടർ വിറ്റതിനു ശേഷം നടന്നോ സൈക്കിളിലോ ആയിരുന്നു അച്ഛന്റെ യാത്രകളിലധികവും. അക്കാലങ്ങളിലെല്ലാം റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350 പിതാവിന്റെ വലിയൊരു സ്വപ്നമായിരുന്നു. ഏറെക്കാലം അത് അദ്ദേഹം മനസിൽ കൊണ്ടു നടന്നെങ്കിലും ആ സ്വപ്നത്തിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അതിലും മികച്ചൊരു വാഹനം പിതാവിന് സമ്മാനിക്കണമെന്നു ചിന്തിക്കുകയും മീറ്റിയോർ 650യിലേക്ക് എത്തുകയുമായിരുന്നുവെന്ന് മകൻ പറയുന്നു.
റോയൽ എൻഫീൽഡിന്റെ ഷോറൂമിലെത്തി ഏറെ അഭിമാനത്തോടെയാണ് ആ പിതാവ് വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതും പിന്നീട് ഓടിച്ചു നോക്കുന്നതും. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ കണ്ട ഭൂരിപക്ഷം പേരും മകന്റെ പ്രവർത്തിയെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ്. റോയൽ എൻഫീൽഡ് മീറ്റിയോർ 650 യ്ക്ക് 3.64 ലക്ഷം രൂപ മുതലാണ് വിലയാരംഭിക്കുന്നത്.