കറുപ്പിൽ കുളിച്ച് ഹോണ്ട എലിവേറ്റ്, വില 15.51 ലക്ഷം രൂപ മുതൽ

Mail This Article
എലിവേറ്റിന്റെ ബ്ലാക് എഡിഷനുമായി ഹോണ്ട. ഉയർന്ന മോഡലായ സിഎക്സ് എംടി, സിഎക്സ് സിവിടി മോഡലുകളിലാണ് ബ്ലാക് എഡിഷനും സിഗ്‌നേച്ചർ ബ്ലാക് എഡിഷനും. സിഎക്സ് എംടി ബ്ലാക് എഡിഷന് 15.51 ലക്ഷം രൂപയും സിഗ്‌നേച്ചർ ബ്ലാക് എഡിഷന് 15.71 ലക്ഷം രൂപയുമാണ് വില. സിഎക്സ് സിവിടിയുടെ ബ്ലാക് എഡിഷന് 16.73 ലക്ഷം രൂപയും സിഗ്‌നേച്ചർ ബ്ലാക് എഡിഷന് 16.93 ലക്ഷം രൂപയുമാണ് വില.

ക്രിസ്റ്റൽ പേൾ ബ്ലാക് നിറമാണ് പുതിയ എലിവേറ്റിന്. ബ്ലാക് എഡിഷന് കറുപ്പ് നിറമുള്ള അലോയ് വീലുകളുണ്ട്. ഗ്രില്ലിന്റെ മുകൾഭാഗത്ത് ക്രോം ആക്സെന്റുകൾ നൽകിയിട്ടുണ്ട്. കൂടാതെ സിൽവർ ഫിനിഷുള്ള മുൻ പിൻ സ്കിഡ് ഗാർഷിഷ്, ലോവർ ഡോർ ഗാർണിഷ്, റൂഫ് റെയിൽ എന്നിവയുണ്ട്. കൂടാതെ ബ്ലാക് എഡിഷൻ ബാഡ്ജും നൽകിയിരിക്കുന്നു. സിഗ്‌നേച്ചർ ബ്ലാക് എഡിഷന്റെ ഗ്രില്ലിന്റെ മുകൾഭാഗം, മുൻ പിൻ സ്കിഡ് ഗാർഷിഷ്, ലോവർ ഡോർ ഗാർണിഷ്, റൂഫ് റെയിൽ എന്നിവയ്ക്കെല്ലാം ബ്ലാക് ഫിനിഷാണ് നൽകിയിരിക്കുന്നത്.

ഹോണ്ടയ്ക്ക് ഇന്ത്യൻ വിപണിയിൽ പുതു ജീവൻ നൽകിക്കൊണ്ടാണ് സെപ്റ്റംബർ ആദ്യം എലിവേറ്റ് പുറത്തിറങ്ങിയത്. മിഡ് സൈസ് എസ്‌യുവി 4 വകഭേദങ്ങളിലായി പെട്രോൾ, മാനുവൽ, സിവിടി ഗിയർബോക്സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനത്തിന് 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയർബോക്സും.