ആഡംബരം നിറച്ച് എംജിയുടെ ഇലക്ട്രിക് എംപിവി, ആദ്യ പ്രദർശനം ഉടൻ
Mail This Article
പ്രീമിയം വിഭാഗത്തില്‍ പെടുന്ന രണ്ടാമത്തെ വൈദ്യുത വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി എംജി. ആദ്യത്തേത് പ്രീമിയം ഇവി സ്റ്റൈലന്‍ സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാറാണെങ്കില്‍ രണ്ടാമത്തേത് എംജി എം9 ആണ്. ഡല്‍ഹിയില്‍ ജനുവരി 17ന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോ 2025ല്‍ എംജിയുടെ ഈ രണ്ടു മോഡലുകളും പ്രദര്‍ശനത്തിനെത്തും.
എംജി എം9
2023 ഓട്ടോ എക്സ്പോയില്‍ മിഫ 9 എംപിവി എന്ന പേരില്‍ എംജി അവതരിപ്പിച്ച ഇവിയാണ് എംജി എം9 ആയെത്തുന്നത്. വരുന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന എംജി എം9ന്റെ വില 65 ലക്ഷത്തോളമായിരിക്കും. മൂന്നു നിരകളിലായി 7 ഇരിപ്പിടങ്ങളുള്ള വലിയ വാഹനമാണ് എംജി എം9. രണ്ടാം നിരയില്‍ ചരിക്കാവുന്ന ഒട്ടോമന്‍ സീറ്റുകളില്‍ എട്ട് തരത്തിലുള്ള മസാജിങ് സൗകര്യങ്ങളുമുണ്ട്. ത്രീ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, രണ്ടാം നിരയിലും ടച്ച്സ്ക്രീന്‍ പാനല്‍, ഇരട്ട സണ്‍ റൂഫ്, പവേഡ് സ്ലൈഡിങ് പിന് ഡോറുകള്‍, പിന്നിലും എന്റര്‍ടെയിന്‍മെന്റ് സ്ക്രീന്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
എംപിവികളിലെ സാധാരണ കണ്ടു വരുന്ന ബോക്സി ഡിസൈനാണ് എം9ലും എംജി നല്‍കിയിരിക്കുന്നത്. മുന്നില്‍ മുഴു നീളത്തിലാണ് എല്‍ഇഡി ലൈറ്റ് ബാര്‍ നല്‍കിയിരിക്കുന്നത്. വശങ്ങളില് ഇന്‍ഡിക്കേറ്ററുകളും ബംപറില്‍ ക്രോം ഔട്ട്ലൈനോടെയുള്ള ഹെഡ്ലാംപുകളും നല്‍കിയിട്ടുണ്ട്. പിന്നിലെ ടെയില്‍ ലൈറ്റുകള്‍ കുത്തനെയുള്ളവയാണ്. പിന്നില്‍ എല്‍ഇഡി ലൈറ്റ് ബാറും കണക്റ്റഡാണ്.
ആദ്യമെത്തുക 12 നഗരങ്ങളില്‍
ആദ്യഘട്ടത്തില്‍ 12 നഗരങ്ങളിലെ പ്രീമിയം വാഹനങ്ങള്‍ വില്‍ക്കുന്ന എംജി സെലക്ട് ഔട്ട്ലെറ്റുകളിലൂടെയാണ് എംജി എം9 എംപിവി എത്തുക. ഇന്ത്യന്‍ നഗരങ്ങളിലെ ആഡംബര എംപിവികള്‍ക്കുള്ള ആവശ്യം ഉയരുന്നത് തിരിച്ചറിഞ്ഞുകൊണ്ടുള്ള നീക്കമാണ് എംജി നടത്തുന്നത്. ഡീസല്‍ എന്‍ജിനുള്ള കാര്‍ണിവെല്‍ വാങ്ങുന്നവരേയും കൂടുതല്‍ വിലയുള്ള പെട്രോള്‍ ഹൈബ്രിഡ് വാഹനമായ വെല്‍ഫെയര്‍ വാങ്ങുന്നവരേയുമാണ് എംജി ലക്ഷ്യമിടുന്നത്.
ഡീസല്‍ എന്ജിന് ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളും പെട്രോള്‍ ഹൈബ്രിഡിന്റെ അമിത വിലയുമില്ലെന്നതാണ് എം9ലൂടെ എംജി മുന്നോട്ടുവെക്കുന്ന വാദം. 90 കിലോവാട്ട് ബാറ്ററിയാണ് എം9 എംപിവിയില്‍ എംജി നല്‍കിയിരിക്കുന്നത്. 430 കിലോമീറ്ററാണ് WLTP സാക്ഷ്യപ്പെടുത്തുന്ന റേഞ്ച്. എം9ന്റേയും സൈബര്‍സ്റ്റര്‍ ഇവിയുടേയും കൂടുതല്‍ വിശദാംശങ്ങള്‍ എംജി ഓട്ടോ എക്സ്പോ 2025 പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.