വലിയ ബാറ്ററി, 650 കി.മീ റേഞ്ച്!; മുഖം മിനുക്കിയെത്തി കിയ ഇവി6

Mail This Article
പുതിയ രൂപഭാവങ്ങളും അധിക ഫീച്ചറുകളുമായി ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രീമിയം ഇലക്ട്രിക് എസ് യു വിയായ ഇവി6 അവതരിപ്പിച്ച് കിയ. അധിക ഫീച്ചറുകൾ, പുതിയ ഡാഷ്ബോർഡ് ലേഔട്ട് തുടങ്ങിയവയ്ക്കു പുറമേ യന്ത്രഭാഗങ്ങളിലും നിരവധി പുതുക്കലുകളാണ് കിയ ഇവി6 ഫെയ്സ്ലിഫ്റ്റിലുള്ളത്. മാര്‍ച്ചിലായിരിക്കും വിപണിയിലേക്കെത്തുക, ബുക്കിങ് ആരംഭിച്ചു.

84kWh അധിക ബാറ്ററി പാക്കാണ് (മുൻപ് 77.4 kWh ബാറ്ററിയാണ്) പുതിയ ഇവി6ല്‍ നല്‍കിയിരിക്കുന്നത്, പുതിയ റേഞ്ച് 650കീമി ആയി മാറിയിരിക്കുന്നു.മാതൃകമ്പനിയായ ഹ്യുണ്ടേയ് ഗ്രൂപ്പിന്റെ ഇ-ജിഎംപി പ്ലാറ്റ്‌ഫോമിലാണ് ഇവി 6 നിര്‍മിച്ചിരിക്കുന്നത്. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് മോഡൽ 325 എച്ച്പി കരുത്തും പരമാവധി 605എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 350kW ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂജ്യത്തില്‍ നിന്നും 80% ചാര്‍ജിലെത്താന്‍ വെറും 18 മിനുറ്റ് മതി.
പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗതയിലേക്ക് 5.2 സെക്കന്‍ഡില്‍ കുതിക്കും. 8 എയര്‍ബാഗുകളുള്ള വാഹനത്തില്‍ ഇഎസ്‌സി, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്,360 ക്യാമറ എന്നിങ്ങനെയുള്ള അഡാസ് ലെവൽ 2 സുരക്ഷാ ഫീച്ചറുകളുമുണ്ട്. 2 സ്‌പോക്ക് സ്റ്റിയറിങ് വീലിന്റെ വലതുവശത്ത് കിയ ലോഗോ ലഭിക്കും. കാർ സ്റ്റാർട്ട് ചെയ്യാനുള്ള കീലെസ്സ് ഫിംഗർപ്രിന്റ് സെൻസറുണ്ട്.

ടെയ്ൽ ലൈറ്റുകൾക്കും ബമ്പറിനും പുതിയ ഡിസൈനാണ് നൽകിയിരിക്കുന്നത്. ലോവർഗ്രില്ലിലും മാറ്റങ്ങളുണ്ട്. പുതിയ 19 ഇഞ്ച് അലോയ് വീലുകളും ബോഡി കളേർഡ് സൈഡ് ക്ലാഡിങുമായി ജിടി ലൈൻ ശ്രേണിയിൽ ലഭിക്കും.