2 ലക്ഷം യൂണിറ്റ് ലക്ഷ്യവുമായി ഹീറോയുടെ സ്‌പ്ലെന്‍ഡര്‍ ഇലക്ട്രിക് വിപ്ലവം

Mail This Article
ഇന്ത്യയുടെ ഇരുചക്രവാഹന വിപണിയിലെ നിത്യഹരിതനായകനാണ് സ്‌പ്ലെന്‍ഡര്‍. ഹീറോ മോട്ടോകോര്‍പിന്റെ ഈ അഭിമാന വാഹനം വൈദ്യുത മോഡലായിക്കൊണ്ട് വിപണി പിടിക്കാനൊരുങ്ങുകയാണ്. 2027നുള്ളില്‍ സ്‌പ്ലെന്‍ഡര്‍ ഇവി ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇതുവരെ ഹീറോ മോട്ടോകോര്‍പ് തയാറായിട്ടില്ല.
വിഡ ഇലക്ട്രിക് സ്‌കൂട്ടറുമായാണ് ഹീറോ മോട്ടോകോര്‍പ് ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയിലേക്കെത്തിയത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആറു മോഡലുകളെങ്കിലും ഹീറോ മോട്ടോകോര്‍പ് ഇന്ത്യയില്‍ ഇറക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മോഡലായിരിക്കും സ്‌പ്ലെന്‍ഡര്‍ ഇലക്ട്രിക്. AEDA എന്നാണ് ഹീറോ മോട്ടോകോര്‍പ് ഈ ബൈക്കിന് ആഭ്യന്തരമായി നല്‍കിയിരിക്കുന്ന പേര്. ഹീറോയുടെ ജയ്പൂരിലെ ടെക്‌നോളജി സെന്ററിലാണ് സ്‌പ്ലെന്‍ഡര്‍ ഇലക്ട്രിക്ക് വികസിപ്പിച്ചെടുക്കുന്നത്.
പ്രതിവര്‍ഷം രണ്ടു ലക്ഷം സ്‌പ്ലെന്‍ഡര്‍ ഇലക്ട്രിക് ബൈക്കുകള്‍ വിപണിയിലെത്തിക്കാനാണ് ഹീറോ മോട്ടോകോര്‍പ് ലക്ഷ്യമിടുന്നത്. 2024ല്‍ ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന വിപണിയില്‍ ഒല ഇലക്ട്രിക്കും(4.07 ലക്ഷം) ടിവിഎസും(2.20 ലക്ഷം) മാത്രമാണ് രണ്ടു ലക്ഷത്തിലേറെ ഇരുചക്രവാഹനങ്ങള്‍ വിറ്റത്. ബജാജ് ഓട്ടോയും(1.93 ലക്ഷം), ഏഥര്‍ എനര്‍ജി(1.26 ലക്ഷം)യുമെല്ലാം ആകെ വാര്‍ഷിക വില്‍പനയില്‍ രണ്ടു ലക്ഷത്തിനും താഴെയേ വരൂ. ഹീറോ മോട്ടോ കോര്‍പ് സ്‌പ്ലെന്‍ഡര്‍ ഇലക്ട്രിക് എന്ന മോഡലിന് എത്രത്തോളം വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് രണ്ടു ലക്ഷം പ്രതിവര്‍ഷ വില്‍പനയെന്ന കണക്കുകൂട്ടല്‍ സൂചന നല്‍കുന്നുണ്ട്.
സ്‌പ്ലെന്‍ഡര്‍ ഇലക്ട്രിക്കിനു പുറമേ ലിന്‍ക്‌സ് ഇലക്ട്രിക് ഡര്‍ട്ട് ബൈക്കും ഹീറോയുടെ പദ്ധതികളിലുണ്ട്. ഈ ഇലക്ട്രിക്ക് ഡര്‍ട്ട് ബൈക്കിനെ 2026ല്‍ പുറത്തിറക്കാനാണ് പദ്ധതി. രാജ്യാന്തര വിപണിയെയാണ് ലക്ഷ്യം വെക്കുന്നത്. പ്രതിവര്‍ഷം 10,000 യൂണിറ്റ് ലിന്‍ക്‌സ് ഇലക്ട്രിക് ഡര്‍ട്ട് ബൈക്ക് വില്‍ക്കാനാണ് ഹീറോ മോട്ടോകോര്‍പിന്റെ പദ്ധതി. അടുത്തിടെ ഹീറോ കുട്ടികള്‍ക്കു വേണ്ടിയുള്ള അക്രോ ലേണര്‍ ഇലക്ട്രിക് ഡര്‍ട്ട് ബൈക്കിന്റെ ഇന്ത്യയിലെ പകര്‍പ്പവകാശവും എടുത്തിരുന്നു.
പ്രീമിയം ഇലക്ട്രിക് ബൈക്കുകളിലേക്കും ഹീറോ മോട്ടോകോര്‍പിന്റെ പ്രൊജക്ട് ADZA ലക്ഷ്യം വയ്ക്കുന്നുണ്ട്. 150 സിസി, 250 സിസി മോട്ടോര്‍ സൈക്കിളുകളുടെ പ്രകടനത്തിനൊപ്പം നില്‍ക്കുന്ന വൈദ്യുത വകഭേദങ്ങളാണ് ഹീറോ നിര്‍മിക്കുക. യുവതലമുറയെ ആകര്‍ഷിക്കുന്ന സ്‌റ്റൈലിങും പെര്‍ഫോമെന്‍സുമായിരിക്കും ഈ ഇവികള്‍ക്ക്. സ്‌പ്ലെന്‍ഡര്‍ ഇവിയും ADZA പദ്ധതിയിലെ മറ്റു മോഡലുകളും ചേര്‍ന്ന് 2.50 ലക്ഷം വൈദ്യുത സ്‌കൂട്ടറുകള്‍ 2027-28 ആവുമ്പോഴേക്കും വില്‍ക്കുകയാണ് ഹീറോ ലക്ഷ്യം വയ്ക്കുന്നത്.