ഗ്ലോസറ്ററിനേക്കാൾ പ്രീമിയം, മുഖംമിനുക്കിയെത്തുന്നു മജസ്റ്റർ

Mail This Article
എംജി മോട്ടർ ഇന്ത്യയുടെ പ്രീമിയം എസ്‌യുവി ഗ്ലോസ്റ്റർ മുഖംമിനുക്കി മജസ്റ്ററായി ഭാരത് മൊബിലിറ്റി എക്സ്പോയിലെത്തി . കൂടുതൽ ആഢംബരമുള്ള ഇന്റീരിയറും അതേപോലെ കൂടുതൽ മസ്കുലറായ ഡിസൈൻ ഘടകങ്ങളും മജസ്റ്ററിനു ലഭിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക പോലുള്ള വിദേശ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന മാക്സസ് ഡി90 എസ്‌യുവിക്ക് സമാനമായ ഡിസൈനാണ് മജസ്റ്ററിന്റേക്. വലിയ, കറുത്ത നിറത്തിലുള്ള ഗ്രില്ലും സാധാരണയേക്കാൾ വലിയ MG ലോഗോയും ലഭിക്കുന്നു.
ഗ്രില്ലിന് ചുറ്റും സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണമുണ്ട്, മുകളിൽ നേർത്ത എൽഇഡി ഡേടൈം റണിങ് ലൈറ്റുകളും താഴെ ലംബമായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകളും. സിൽവർ ബാഷ് പ്ലേറ്റ്, കറുത്ത ക്ലാഡിങിനൊപ്പം മജസ്റ്ററിന്റെ മസ്കുലർ ലുക്ക് വർദ്ധിപ്പിക്കുന്നു.
19-ഇഞ്ച് അലോയ്‌കളും റാപ്പറൗണ്ട് കണക്റ്റഡ് ടെയിൽ ലൈറ്റുകളും ലഭിക്കുന്നു, എന്നാൽ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും ചങ്കി സ്‌കിഡ് പ്ലേറ്റും ഉള്ള പിൻ ബമ്പർ ഡിസൈൻ ഗ്ലോസ്റ്ററിന് സമാനമാണ്. ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ടയർ പ്രഷർ മോണിറ്ററിങ്, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവ ഉണ്ടായിരിക്കും.
216 എച്ച്‌പിയും 479 എൻഎമ്മും നൽകുന്ന ഗ്ലോസ്റ്ററിന്റെ ഉയർന്ന വേരിയന്റുകളിൽ ലഭ്യമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ എൻജിൻ മജസ്റ്റർ പങ്കിടാൻ സാധ്യതയുണ്ട്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും.
എംജി ഗ്ലോസ്റ്ററിന് നിലവിൽ 39.57 ലക്ഷം മുതൽ 44.03 ലക്ഷം രൂപ വരെയാണ് വിലയുള്ളത്, മജസ്റ്ററിന്റെ വില ഏകദേശം 40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കാം. ടൊയോട്ട ഫൊർച്യൂണറിനോടായിരിക്കും മജസ്റ്റർ മത്സരിക്കുക.