ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025, എല്ലാവർക്കും പ്രവേശനം; എന്തൊക്കെ കാണാനാകും

Mail This Article
ഭാരത് മൊബിലിറ്റി എക്സ്പോ ആദ്യ രണ്ട് ദിവസങ്ങൾ മാധ്യമങ്ങൾക്കും ഡീലർമാർക്കുമായി നീക്കിവച്ചിരുന്നു.17ന് ആരംഭിച്ച് ഈ മാസം 22വരെ അരങ്ങേറുന്ന എക്സ്പോയിൽ ഏറ്റവും മികച്ച വാഹന നിര, ടയർ, ബാറ്ററി, മൊബിലിറ്റി ടെക് പുതുമകൾ പൊതുജനങ്ങൾക്കും ഞായറാഴ്ച മുതൽ കാണാനാകും .മുൻപ് പ്രഗതി മൈതാനം എന്നറിയപ്പെട്ടിരുന്ന ഭാരത് മണ്ഡപത്തിലാണ് മോട്ടോർ ഷോ അരങ്ങേറുന്നത്. ഏറ്റവും മികച്ച വാഹന നിരയും ടയർ, ബാറ്ററി, മൊബിലിറ്റി ടെക് പുതുമകളും കാണാനാകുന്ന എക്സ്പോ അരങ്ങേറുന്നത് 22 വരെയാണ്.
∙ യാശോഭൂമി കൺവൻഷൻ സെന്റർ, ദ്വാരക: ഇവിടെയാണ് എക്സ്പോയുടെ ഭാഗമായി വാഹനങ്ങളുടെ യന്ത്രഭാഗങ്ങളുടെ പ്രദർശനം അരങ്ങേറുന്നത്.
∙ ഇന്ത്യ എക്സ്പോ സെന്റർ, ഗ്രേറ്റർ നോയിഡ: അർബൻ മൊബിലിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ കാഴ്ചകൾ ഇവിടെ കാണാനാകും.
∙എങ്ങനെ എത്താം
പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കുന്ന സന്ദർശകർക്ക് ബ്ലൂ ലൈൻ മെട്രോയിൽ സുപ്രീം കോടതി സ്റ്റേഷനിലേക്ക് എത്തിച്ചേരാം, അവിടെ ഷട്ടിൽ സർവീസിൽ വേദിയിലേക്ക് എത്താനാകും, കൂടാതെ വാഹനമോടിച്ചെത്തുന്നവർക്ക് വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. യശോഭൂമിയിലേക്ക് ദ്വാരക സെക്ടർ-25 മെട്രോ സ്‌റ്റേഷനിലൂടെയും ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്ററിലേക്ക്, നോളജ് പാർക്ക് II മെട്രോയിലൂടെയും എത്താനാകും.
∙ ആദ്യ രണ്ട് ദിനം അവതരിപ്പിക്കപ്പെട്ട വാഹനങ്ങൾ
ഭാരത് മൊബിലിറ്റി എക്സ്പോ 2025 ന്റെ ആദ്യ ദിനം മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാര എസ്യുവി, ഹ്യുണ്ടേയ് ക്രേറ്റ ഇവി, എംജിയുടെ എം9 എംപിവി, ടാറ്റ ഹാരിയർ എസ് യു വി, അവിന്യ എക്സ്, കിയ ഇവി6, പോർഷെ ടെയ്കാൻ ഫെയ്സ്ലിഫ്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന മോഡലുകളാണ് പ്രദര്‍ശിപ്പിച്ചത്.ബിഎംഡബ്ല്യു പ്രാദേശികമായി അസംബിൾ ചെയ്ത ഇവി ഐഎക്സ്1 എൽഡബ്ല്യുബിയും പുറത്തിറക്കി.

∙ മാരുതി സുസുക്കി ഇ വിറ്റാര എസ്‍യുവി
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാര എസ്‍യുവി ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചു. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള ഇ-വിറ്റാരയുടെ റേഞ്ച് ഫുൾ ചാർജിൽ 500 കിലോമീറ്ററാണ്. ഇമോഷണൽ വേർസറ്റൈൽ ക്രൂസർ എന്ന കൺസെപ്റ്റിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയുമായി സഹകരിച്ചാണ് ഇത് ഹാർട്ട്‌ടെക്റ്റ്-ഇ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചിരിക്കുന്നത്. 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളാണ് ബോൾഡ് ആൻഡ് മസ്കുലാർ ലുക്കിലുള്ള വാഹനത്തിലുള്ളത്.
∙ ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ്
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ്.;17.99 ലക്ഷം പ്രാരംഭവിലയിൽ ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ വാഹനം ഹ്യുണ്ടേയ് അവതരിപ്പിച്ചു. എക്സിക്യുടീവ്(17,99,000 പ്രാരംഭ വില). സ്മാർട്(18,99,000 പ്രാരംഭ വില), സ്മാർട്(O)(19,49,000 പ്രാരംഭ വില) , പ്രീമിയം(19,99,000 പ്രാരംഭ വില) വേരിയന്റുകളായിരിക്കും ഉണ്ടാവുക.
പ്രീമിയം വിഭാഗത്തില്‍ പെടുന്ന രണ്ടാമത്തെ വൈദ്യുത വാഹനമായി എംജി എംപിവി ഇന്ത്യയില്‍ അവതരിപ്പിച്ചു എംജി. ആദ്യത്തേത് പ്രീമിയം ഇവിയായ സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാറാണ്. പ്രിബുക്കിങ് ആരംഭിച്ച വാഹനത്തിനു 65 ലക്ഷം മുതലാണ് പ്രതീക്ഷിക്കുന്ന വില. മാർച്ചിൽ ബുക്കിങ് ആരംഭിക്കുന്ന വാഹനം ഏപ്രിൽ മുതൽ നിരത്തിലിറങ്ങും.
ഇന്ത്യൻ എസ്‌യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയെ പുതിയ രൂപഭാവങ്ങളിൽ തിരികെ എത്തിച്ചു ടാറ്റ. ടാറ്റ ഹാരിയർ എസ്.യു.വിയുടെ ഇലക്ട്രിക് മോഡലും അവിന്യ എക്സ് എന്ന കൺസെപ്റ്റ് മോഡലും ഭാരത് മൊബിലിറ്റി എക്സ്പോയിൽ ടാറ്റ അവതരിപ്പിച്ചു.

രണ്ടാം ദിനത്തിൽ വിദേശ വാഹന നിർമാതാക്കളുടെ അവതരണങ്ങളാണ് അരങ്ങേറിയത്. നിരവധി ഇവി മോഡലുകളും കൺസെപ്റ്റ് മോഡലുകളും എത്തി. ഇലക്ട്രിക് ത്രീ വീലറിനും മൈക്രോ ഫോർ വീലറിനും വേണ്ടിയുള്ള കൺസെപ്റ്റ് മോഡലുകളും ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഹ്യുണ്ടേയ് അവതരിപ്പിച്ചു.
ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിൻഫാസ്റ്റ് വിഎഫ് 7, വിഎഫ് 9 എന്നീ എസ് യു വി കളും പ്രദർശനത്തിനെത്തി. വിഎഫ് 3, വിഎഫ് e34, വിഎഫ് 7, വിഎഫ് 6, വിഎഫ് 8, വിഎഫ് 9 എസ്‌യുവികൾ ഉൾപ്പെടെ വൈവിധ്യമാർന്ന വാഹനങ്ങളുടെ നിര വിൻഫാസ്റ്റ് അവതരിപ്പിച്ചു.
∙ അഞ്ച് വ്യത്യസ്ത ഇലക്ട്രിക് സ്‌കൂട്ടറുകൾ
ഇലക്ട്രിക് സ്കൂട്ടറുകളും കാറുകളുമുൾപ്പെടെയുള്ള വാഹന നിരയുമായി ഭാരത് മൊബിലിറ്റി എക്സ്പോയിൽ വിയറ്റ്നാമിൽ നിന്നുമുള്ള വിൻഫാസ്റ്റ് എന്ന ഇലക്ട്രിക് വാഹന നിർമാതാക്കൾ. ക്ലാര എസ്, തിയോൺ എസ്, ഫെലിസ് എസ്, വെന്റോ എസ്, ഇവോ200 എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൻഫാസ്റ്റ് ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു.എല്ലാ വിൻഫാസ്റ്റ് സ്കൂട്ടറുകളും 3.5kWh LFP ബാറ്ററിയാണ്.

ഇലക്ട്രിക് കാര്‍ വിപണിയിലെ ചൈനീസ് സാന്നിധ്യമായ ബിവൈഡി പുതിയ ഇലക്ട്രിക് കൂപ്പെയായ സീലയണ്‍ 7 ഭാരത് മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിച്ചു. ഇമാക്സ് 7, അറ്റോ 3, സീൽ എന്നിവയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ നാലാമത്തെ ഇലക്ട്രിക് വാഹനമാണ് സീലയണ്‍ 7.

എംജി മോട്ടർ ഇന്ത്യയുടെ പ്രീമിയം എസ്‌യുവി ഗ്ലോസ്റ്റർ മുഖംമിനുക്കി മജസ്റ്ററായി ഭാരത് മൊബിലിറ്റി എക്സ്പോയിലെത്തി. കൂടുതൽ ആഡംബരമുള്ള ഇന്റീരിയറും അതേപോലെ കൂടുതൽ മസ്കുലറായ ഡിസൈൻ ഘടകങ്ങളും മജസ്റ്ററിനു ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക പോലുള്ള വിദേശ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന മാക്സസ് ഡി90 എസ്‌യുവിക്ക് സമാനമായ ഡിസൈനാണ് മജസ്റ്ററിന്റേക്. വലിയ, കറുത്ത നിറത്തിലുള്ള ഗ്രില്ലും സാധാരണയേക്കാൾ വലിയ MG ലോഗോയും ലഭിക്കുന്നു.

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പൊ 2025ല്‍ മാക്‌സി സ്‌കൂട്ടര്‍ മോഡലായ സൂം 160 അവതരിപ്പിച്ച് ഹീറോ. 156 സിസി എന്‍ജിനുള്ള വലിയ സ്‌കൂട്ടറായ സൂം 160യുടെ ഒരൊറ്റ വകഭേദമാണ് വിപണിയിലേക്കെത്തുന്നത്. പ്രധാന എതിരാളിയായ യമഹ ഏറോക്‌സ് 155 ക്ക് ഒപ്പം നില്‍ക്കുന്ന വിലയിലാണ് സൂം 160യെ അവതരിപ്പിച്ചിരിക്കുന്നത്.150 സിസി മുതല്‍ 850 സിസി വരെ എന്‍ജിനുള്ള വലിയ സ്‌കൂട്ടറുകളെയാണ് മാക്‌സി സ്‌കൂട്ടറുകളെന്ന് പൊതുവില്‍ വിളിക്കുക. സാധാരണ സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇവക്ക് കൂടുതല്‍ വലിയ ഫ്രെയിമും വലിയ വീല്‍ബേസും ഉണ്ടാവും. ലിക്വിഡ് കൂള്‍ഡ് 156 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സൂം 160യില്‍. 14എച്ച്പി കരുത്തും പരമാവധി 13.7എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഫ്‌ളാഗ്ഷിപ്പ് യു8 എസ്‌യുവി പ്രദര്‍ശിപ്പിച്ച് ബിവൈഡിക്കു കീഴിലുള്ള ആഡംബര ബ്രാന്‍ഡായ യാങ്‌വാങ്. പ്ലഗ് ഇന്‍ ഹൈബ്രിഡ്(പിഎച്ച്ഇവി) വിഭാഗത്തില്‍ പെടുന്ന ആഡംബര വാഹനമായ യു8ന് 3,500 കിലോഗ്രാം ഭാരമുള്ളപ്പോഴും 3.2 സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാനാവും. വൈദ്യുത വാഹനങ്ങള്‍ മാത്രമുള്ള ബിവൈഡി മോഡലുകളില്‍ വൈവിധ്യം നിറക്കാനായിട്ടാണ് യാങ്‌വാങ് യു8 എത്തുന്നത്.