ആഡംബര സൗകര്യങ്ങളുമായി മജസ്റ്റോർ, പുതിയ എസ്‌യുവി അവതരിപ്പിച്ച് എംജി ഇന്ത്യ

Mail This Article
ഓട്ടോ എക്‌സ്‌പോ 2025 ല്‍ മജസ്റ്റോർ എസ്‌യുവി പ്രദര്‍ശിപ്പിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഗ്ലോസ്റ്ററിന്റെ ഫേസ് ലിഫ്റ്റ് മോഡലെങ്കിലും ഗ്ലോസ്റ്ററിന് മുകളിലായാണ് എംജി മജസ്റ്റോർ എസ്‌യുവിയെ സ്ഥാപിച്ചിരിക്കുന്നത്. ഈ രണ്ടു മോഡലുകളും ഒരേ സമയം വില്‍പനക്കെത്തും. എന്നു മുതലാണ് മൂന്നു നിര എസ്‌യുവിയായ മജസ്റ്റോർ ഇന്ത്യയില്‍ വില്‍പനക്കെത്തുകയെന്ന് എംജി അറിയിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളില്‍ വില്‍പനയിലുള്ള മാക്‌സസ് ഡി90 എസ്‌യുവിയോട് സാമ്യതയുള്ള മോഡലാണ് എംജി മജസ്റ്റോർ. മുന്നില്‍ വലിയ കറുപ്പു നിറത്തിലുള്ള ഗ്രില്‍. ഇതിനു നടുവിലായാണ് സാധാരണയിലും കവിഞ്ഞ വലിപ്പത്തിലുള്ള എംജിയുടെ ലോഗോ നല്‍കിയിരിക്കുന്നു. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകള്‍ താഴെയും മെലിഞ്ഞ എല്‍ഇഡി ഡിആര്‍എല്ലുകള്‍ മുകളിലുമായി സ്ഥാപിച്ചിരിക്കുന്നു. മുന്നില്‍ അടിഭാഗത്തായി മുഴു നീളത്തിലുള്ള സില്‍വര്‍ ബാഷ് പ്ലേറ്റും ബ്ലാക്ക് ക്ലാഡിങും വാഹനത്തിന്റെ മസില്‍ രൂപം വര്‍ധിപ്പിക്കുന്നു.
ഡയമണ്ട് കട്ട് 5 സ്‌പോക്ക് 19 ഇഞ്ച് അലോയ് വീലുകളാണ് മജസ്റ്റോറിനുള്ളത്. ക്രോം ഫിനിഷ്ഡ് റണ്ണിങ് ബോര്‍ഡുകളും കറുപ്പ് നിറത്തിലുള്ള മുകള്‍ഭാഗവും ഡോര്‍ ഹാന്‍ഡിലുകളും വിങ് മിററുകളും ശ്രദ്ധയാകര്‍ഷിക്കും. ടെയില്‍ ലൈറ്റുകള്‍ നീളത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പിന്നിലെ ബംപറും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും തടിച്ച സ്‌കിഡ് പ്ലേറ്റുകളുമെല്ലാം ഗ്ലോസ്റ്ററിനോട് സാമ്യതയുള്ളവയാണ്.
ഉള്ളിലേക്കു വന്നാല്‍ 12.3 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്‌സ്‌ക്രീനും ഓള്‍ ഡിജിറ്റൽ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കറുപ്പ് നിറത്തിലുള്ള കാബിനുമാണ് മജസ്റ്റോറിനുള്ളത്. പനോരമിക് സണ്‍റൂഫ്, ഹീറ്റഡ്, കൂള്‍ഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുമുള്ള ഡ്രൈവര്‍സീറ്റ്, പവര്‍ അഡ്ജസ്റ്റ് സൗകര്യവുമുണ്ട്, ഒരു പാസഞ്ചര്‍ സീറ്റില്‍ ചൂടാക്കാനാവും. ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍.
ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് മജസ്റ്റോറിലുള്ളത്. 360 ഡിഗ്രി ക്യാമറകള്‍, ഓട്ടോ ഹെഡ്‌ലാംപ്, ഓട്ടോ വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ്, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോഹോള്‍ഡ് എന്നിവയും മജസ്‌റ്റോറിലുണ്ട്. 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 216എച്ച്പി കരുത്തും 479 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഓപ്ഷണലായി 4×4 ഡ്രൈവ് സൗകര്യമുണ്ടാവും.
നിലവില്‍ എംജി ഗ്ലോസ്റ്ററിന് 39.57 ലക്ഷം മുതല്‍ 44.03 ലക്ഷം രൂപ വരെയാണ് വിലയിട്ടിരിക്കുന്നത്. മജസ്റ്റോറിന്റെ വില 40 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയാവാനാണ് സാധ്യത. ടൊയോട്ട ഫോര്‍ച്യൂണര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കോഡിയാക്ക്, നിസാന്‍ എക്‌സ് ട്രെയില്‍ എന്നിവയുമായാണ് എംജി ഗ്ലോസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുക.