അതിഗംഭീരം ഈ ആശയങ്ങൾ; ഓട്ടോ എക്സ്പോയിൽ അവഗണിക്കാനാകാത്ത 5 കോൺസെപ്റ്റ് കാറുകൾ

Mail This Article
പുതുപുത്തൻ കാറുകളും യന്ത്രഭാഗങ്ങളും മാത്രം അവതരിപ്പിക്കാനുള്ള വേദിയല്ല ഭാരത് മൊബിലിറ്റി എക്സ്പോ. 17ന് ആരംഭിച്ച് ഈ മാസം 22വരെ അരങ്ങേറുന്ന എക്സ്പോയിൽ ഏറ്റവും മികച്ച വാഹന നിര, ടയർ, ബാറ്ററി, മൊബിലിറ്റി ടെക് പുതുമകളുമുണ്ട്. ഭാവിയുടെ വാഗ്ദാനമായ നിരവധി വാഹനങ്ങളും എക്സ്പോയിൽ അവതരിപ്പിക്കപ്പെടും. പ്രൊഡക്ഷൻ കാറുകൾ വാർത്തകളുടെ തലക്കെട്ടുകൾ സൃഷ്ടിക്കുമ്പോള്‍ത്തന്നെ എക്സ്പോയുടെ ഷോസ്റ്റോപ്പറുകളാകുന്നത് കോൺസെപ്റ്റ് മോഡലുകളാണ്. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ഇത്തവണ ശ്രദ്ധയാകർഷിച്ച 5 കോൺസെപ്റ്റ് കാറുകൾ ഇതാ:
∙ ടാറ്റ സിയറ
ഇന്ത്യൻ എസ്‌യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയെ പുതിയ രൂപഭാവങ്ങളിൽ തിരികെ എത്തിച്ചിരിക്കുകയാണ് ടാറ്റ. ഈ പ്രൊഡക്ഷൻ റെഡി കൺസെപ്റ്റ് എസ്‌യുവിയിൽ എൽഇഡി ലൈറ്റിങ്, ഫ്യൂചറിസ്റ്റിക് ഫ്ലോടിങ് ത്രീ-സ്‌ക്രീൻ ഡാഷ്‌ബോർഡ്, നൂതന സുരക്ഷാ സവിശേഷതകൾ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. അത്യാധുനിക നവീകരണത്തിനൊപ്പം റെട്രോ വൈബുകളും ഈ എസ്യുവിയിൽ സമന്വയിപ്പിച്ചിട്ടുണ്ട്. 1.5 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ആയിരിക്കും, കൂടാതെ ഡീസൽ, ഇവി വേരിയന്റുകളുമായി ലൈനപ്പ് ടാറ്റ വിപുലീകരിക്കാൻ സാധ്യതയുണ്ട്.
∙ അവിന്യ എക്സ്
അവിന്യ എക്സ് എന്ന കൺസെപ്റ്റ് മോഡലും ഭാരത് മൊബിലിറ്റി എക്സ്പോയിൽ ടാറ്റ അവതരിപ്പിച്ചു. അഡ്വാൻസ്ഡ് ഇലക്ട്രിക് മോഡുലാർ ആർക്കിടെക്ചർ (ഇഎംഎ) പ്ലാറ്റ്‌ഫോമിൽ നിർമിച്ച അവിന്യ, ബോൾഡ് ആന്‍ഡ് ഫ്യൂചറിസ്റ്റിക് ഡിസൈനിന്റെ പ്രതീകമാണ്. 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ.
∙ സ്കോഡ വിഷൻ 7
ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഇലക്ട്രിക് എസ്‍യുവി വിഷൻ 7 എസ് കോൺസെപ്റ്റ് പ്രദർശിപ്പിച്ച് സ്കോഡ. കോൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് 2026 ൽ വിപണിയിലെത്തുമെന്ന് സ്കോഡയുടെ പ്രഖ്യാപനം. ഒറ്റ ചാർജിൽ 600 കിലോമീറ്റർ സഞ്ചരിക്കുന്ന എസ്‍യുവിയിൽ 89 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 14.6-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, അഡാസ് തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.

∙ ടൊയോട്ട അർബൻ ക്രൂസർ ബിഇവി കോൺസെപ്റ്റ്
ഭാരത് മൊബിലിറ്റി എക്സ്പോയിൽ ടൊയോട്ട അർബൻ ക്രൂസർ ബിഇവി കോൺസെപ്റ്റ് അവതരിപ്പിച്ചു. രാജ്യാന്തര തലത്തിൽ ഇതിനകം തന്നെ അനാവരണം ചെയ്‌ത അർബൻ ക്രൂസറിന്റെ കോൺസെപ്റ്റ് പതിപ്പാണിത്. മാരുതി സുസുക്കി ഇ വിറ്റാരയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണിത്. ബിഇവി കോൺസെപ്‌റ്റിൽ ഡ്യുവൽ ഡിസ്‌പ്ലേ സജ്ജീകരണം, സൺറൂഫ്, സ്ലൈഡിങ് പിൻ സീറ്റുകൾ, ആംബിയന്റ് ലൈറ്റിങ്, എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡാസ് എന്നിവ ഉൾപ്പെടുന്നു.
∙വിൻഫാസ്റ്റ്
വിയറ്റ്നാമിൽ നിന്നുമുള്ള വിൻഫാസ്റ്റ് എന്ന ഇലക്ട്രിക് വാഹന നിർമാതാക്കൾ ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഇലക്ട്രിക് സ്കൂട്ടറുകളും കാറുകളുമുൾപ്പെടെയുള്ള വാഹന നിര അവതരിപ്പിച്ചിരുന്നു. ഇപ്പാഴിതാ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ 2024-ൽ ആദ്യമായി പ്രദർശിപ്പിച്ച വിഎഫ് വൈൽഡ് കൺസെപ്റ്റ് ഡൽഹി എക്സ്പോയിലും ചെറിയ മാറ്റങ്ങളോടെ അവതരിപ്പിച്ചു.