ഇവ, വില 3.25 ലക്ഷം: ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക് കാർ

Mail This Article
ഇന്ത്യയിലെ ആദ്യ സോളാര്‍ ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കി വെയ്വ് മൊബിലിറ്റി. ചെറിയ 2 സീറ്റര്‍ സിറ്റി കാറായ ഇവയാണ് വെയ്വ് മൊബിലിറ്റി പുറത്തിറക്കിയിരിക്കുന്നത്. 3.25 ലക്ഷം രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. 5,000 രൂപ നല്കി ഇവ ബുക്ക് ചെയ്യാം. പ്ലാറ്റ്ഫോമും ബാറ്ററിയും സഹിതവും ബാറ്ററി വാടകയായും സ്വന്തമാക്കാനുള്ള അവസരവും ഇവ ഉടമകള്ക്കുണ്ടാവും.

3.25 ലക്ഷം രൂപ മുതല്‍ 5.99 ലക്ഷം രൂപ വരെയുള്ള വ്യത്യസ്ത മോഡലുകളില്‍ വെയ്വ് ഇവ സോളാര്‍ ഇലക്ട്രിക്ക് കാര്‍ എത്തുന്നുണ്ട്. ബാറ്ററിയുടെ കരുത്തിന് അനുസരിച്ചാണ് വിലയില്‍ മാറ്റം. നോവ 9കിലോവാട്ട്(3.99 ലക്ഷം രൂപ), സ്റ്റെല്ല 12 കിലോവാട്ട്(4.99 ലക്ഷം രൂപ), വെഗ 18 കിലോവാട്ട്(5.99 ലക്ഷം രൂപ) എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലായാണ് വെയ്വ് ഇവ എത്തുന്നത്. ബാറ്ററി വാടകക്കെടുക്കാന്‍ തയ്യാറായാല്‍ വില 3.25 ലക്ഷത്തിനും 4.49 ലക്ഷം രൂപക്കും ഇടയിലാവും. കിലോമീറ്ററിന് രണ്ടു രൂപയാണ് ബാറ്ററി വാടകയായി നല്‍കേണ്ടി വരിക.
ഓട്ടോ എക്സ്പോയില്‍ ജനുവരി 22 വരെ വെയ്വ് ഇവ പ്രദര്‍ശിപ്പിക്കും. 5000 രൂപ മുടക്കി ബുക്കു ചെയ്യുന്ന ആദ്യ 25,000 ഉപഭോക്താക്കള്‍ക്ക് അധിക ബാറ്ററി വാറണ്ടിയും വെയ്വ് നല്‍കും. ഒപ്പം മൂന്നു വര്‍ഷത്തേക്ക് വെഹിക്കിള്‍ കണക്ടിവിറ്റി സ്യൂട്ടും അനുവദിക്കും. 2026ല്‍ ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കും.
വെയ്വ് ഇവയുടെ പ്രധാന ആകര്‍ഷണം അതിന്റെ റൂഫിലുള്ള സോളാര്‍ പാനലാണ്. വാഹനത്തിന്റെ റേഞ്ച് വര്‍ധിപ്പിക്കുന്നതിന് ഈ സൗരോര്‍ജ പാനലും സഹായിക്കും. പിങ്ക്, നീല എന്നീ നിറങ്ങളിലുള്ള ഇവകളാണ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. എല്‍ഇഡി ഡിആര്‍എല്ലുകളാണ് ഇവയിലുള്ളത്. വാഹനത്തിന്റെ വലതു വശത്തായാണ് ചാര്‍ജിങ് പോര്‍ട്ടുകള്‍. രണ്ടു സീറ്റുകള്‍ ഒന്നിനു പിറകെ മറ്റൊന്നായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ വീതി പരമാവധി കുറക്കാന്‍ സഹായിച്ചിട്ടുണ്ട്.

പ്രീമിയം ഫീല്‍ നല്കുന്ന ഇന്റീരിയറാണ് വെയ്വ് ഇവയ്ക്ക് നല്‍കിയിട്ടുള്ളത്. രണ്ട് മുതിര്‍ന്ന യാത്രികര്‍ക്കും ഒരു കുട്ടിക്കും അനായാസം യാത്ര ചെയ്യാനാവും. നഗര തിരക്കുകളിലൂടെ അനായാസം ഒഴുകി നീങ്ങാന്‍ സാധിക്കുന്ന, മറ്റുകാറുകള്ക്ക് അസാധ്യമെന്നു തോന്നുന്ന ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യാനാവുന്ന വാഹനമായിരിക്കും വെയ്വ് ഇവ. എസി മാനുവലാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പിന്തുണക്കുന്ന ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീന്‍. പനോരമിക് ഗ്ലാസ് റൂഫ്, ഫുള്ളി ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് സ്ക്രീന്‍, 2 സ്പോക്ക് സ്റ്റീറിങ് വീല്‍, സ്റ്റീറിങ് മൗണ്ടഡ് കണ്ട്രോള്സ് എന്നിങ്ങനെ പോവുന്നു ഫീച്ചറുകള്‍.
18 കിലോവാട്ട് ബാറ്ററി പാക്കില്‍ 250 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്. പ്രതിവര്‍ഷം 3,000 കിലോമീറ്റര്‍ സൗരോര്‍ജത്തില്‍ സഞ്ചരിക്കാനാവുമെന്നതാണ് മറ്റൊരു ആകര്‍ഷണീയ വാഗ്ദാനം. മണിക്കൂറില്‍ 0-40 കിലോമീറ്ററിലേക്ക് അഞ്ചു സെക്കന്‍ഡില്‍ എത്തും. നഗര ഉപഭോക്താക്കളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും വെയ്വ് ഇവയുടെ ഇന്ത്യയിലെ ഭാവിയെന്നു വേണം കരുതാന്‍.