അമ്മൂമ്മമാർക്ക് നാട്ടിൽ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി മതി; ലംബോർഗിനിയും മക്ലാരനും പോരാ!

Mail This Article
കാറുകളോടുള്ള ഇഷ്ടത്തിൽ യുവാക്കൾ മാത്രമല്ല, ഈ അമ്മൂമ്മമാരും സൂപ്പർ ആണെന്ന് കേരളം മുഴുവൻ അറിഞ്ഞതാണ്. ഫെറാരി വാങ്ങണോ പോർഷെ വാങ്ങണോ എന്ന കൊച്ചുമകന്റെ ചോദ്യത്തിന് മക്‌ലാരൻ മതിയെന്ന് ഉത്തരം പറഞ്ഞ, ആ മുത്തശ്ശിമാർക്കു യാത്ര ചെയ്യാൻ പുത്തനൊരു റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എത്തുന്നു. കുറച്ചു നാളുകൾക്കു മുൻപ് ഈ മുത്തശ്ശിമാരുടെ മറ്റൊരു വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പോർഷെ നല്ല വണ്ടിയാണെങ്കിലും ഡോറുകൾ മുകളിലേക്ക് പോകുന്ന മക്‌ലാരൻ വാങ്ങിയാൽ മതിയെന്നു കൊച്ചുമകനെ ഉപദേശിക്കുന്ന അമ്മൂമ്മമാരും കൊച്ചുമകൻ അന്ന് സ്വന്തമാക്കിയ മക്ലാരനുമൊക്കെ സോഷ്യൽ ലോകത്ത് തരംഗമായിരുന്നു.
ലംബോർഗിനിയ്ക്കും മക്ലാരനും ശേഷം അമ്മൂമ്മമാർക്ക് യാത്ര ചെയ്യാൻ ഒരു വണ്ടി വേണമെന്ന ആവശ്യവുമായാണ് ഇത്തവണ വിഡിയോ ആരംഭിക്കുന്നത്. ഗൗരീ നീ ദുബായിൽ വണ്ടിയെടുത്തില്ലേ? നാട്ടിൽ ഞങ്ങൾക്ക് പോകാൻ ഒരു വണ്ടി വേണ്ടേ എന്നാണ് മുത്തശ്ശിമാരുടെ ചോദ്യം? അതിനെന്താ എടുക്കാമല്ലോ എന്നാണ് കൊച്ചു മകന്റെ മറുപടി. റേഞ്ച് റോവർ വേണമെന്ന ആവശ്യവും ഉടനെ തന്നെ അമ്മൂമ്മമാരുടെ ഭാഗത്തുനിന്നുമെത്തി. വോഗ് എടുക്കാമെന്ന കൊച്ചുമകന്റെ മറുപടിയിൽ വോഗ് വേണ്ട ഓട്ടോബയോഗ്രഫി മതിയെന്നാണ് ഏകസ്വരത്തിൽ മുത്തശ്ശിമാരുടെ മറുപടി. വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്നതും ഏറെ ഉത്സാഹത്തോടെ ഇരുവരും വാഹനത്തിന്റെ മുൻസീറ്റുകളിൽ കയറിയിരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.
ആഡംബരവും അതിനൊപ്പം തന്നെ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ, റേഞ്ച് റോവർ നിരയിലെ ഏറ്റവും ഉയർന്ന വേരിയന്റുകളിൽ ഒന്നാണ് ഓട്ടോബയോഗ്രഫി എൽ ഡബ്ള്യു ബി. പെട്രോൾ ഡീസൽ എഞ്ചിനുകളിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഈ വാഹനത്തിനു 2.61 കോടി രൂപ മുതൽ 3.30 കോടി രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. സെന്റോറിനി ബ്ലാക്ക് നിറമാണ് കൊച്ചുമകൻ മുത്തശ്ശിമാരുടെ ഓട്ടോബയോഗ്രഫിയ്ക്കായി തിരഞ്ഞെടുത്തത്.