ടാറ്റയുടെ ഈ വാഹനത്തിന് പെട്രോളും ഡീസലും മാത്രമല്ല ഇലക്ട്രിക് മോഡലും

Mail This Article
പ്രൊഡക്ഷനു തയ്യാറായ പുതിയ സിയാറയെ ഓട്ടോ എക്‌സ്‌പോ 2025ല്‍ ടാറ്റ പ്രദര്‍ശിപ്പിച്ചു. അകത്തും പുറത്തും മാറ്റങ്ങളോടെയാണ് സിയാറയുടെ വരവ്. ഈ വര്‍ഷം പകുതിയോടെ ടാറ്റയുടെ ഷോറൂമുകളിലേക്ക് പുതിയ സിയാറ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് രൂപകല്‍പനയിലും ഇന്റീരിയറിലും പവര്‍ട്രെയിനിലുമെല്ലാം എന്തൊക്കെ മാറ്റങ്ങളോടെയാണ് പുതിയ സിയാറയുടെ വരവ്.
രൂപകല്‍പന
പുതിയ സിയേറയുടെ രൂപകല്‍പനയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴും നെഞ്ചു വിരിച്ചു നില്‍ക്കുന്ന ബോണറ്റും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും വളഞ്ഞിറങ്ങുന്ന പിന്നിലെ ജനല്‍ചില്ലുമെല്ലാം പഴയ മോഡലില്‍ നിന്നും ചെറിയ മാറ്റങ്ങളോടെ പുതിയ മോഡലിലേക്കും എത്തിയിട്ടുണ്ട്. അതേസമയം റൂഫ് ലൈന്‍ കൂടുതല്‍ മെലിഞ്ഞതും ബോഡിയോടു ചേര്‍ന്നു നില്‍ക്കുന്നതുമായി. മുന്നിലേയും പിന്നിലേയും ഓവര്‍ഹാങുകളും ചെറുതായി. പിന്നെ വലിയ മാറ്റമുള്ളത് മുന്‍ ഭാഗത്താണ്. ടാറ്റയുടെ ഇവി മോഡലുകളുടേതിന് സമാനമായ മെലിഞ്ഞ ഹെഡ്‌ലൈറ്റുകളാണ് സിയേറക്കും നല്‍കിയിരിക്കുന്നത്.

അലോയ് വീലിലും ടയറുകളിലുമാണ് പിന്നെ മാറ്റമുള്ളത്. പഴയ മോഡലില്‍ 215/75 ആര്‍15 ടയറുകളാണ് ഉപയോഗിച്ചിരുന്നത്. പുതിയ സിയാറയില്‍ 19 ഇഞ്ചിന്റെ അലോയ് വീലുകളാണ് വരുന്നത്. ടയറുകളാവട്ടെ 195/65 ആര്‍19 വലിപ്പമുള്ളവയാണ്. റൂഫ് റെയിലുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കറുപ്പ് പ്ലാസ്റ്റിക് ക്ലാഡിങ് പുതിയ സിയാറയിലും മുന്നിലും വശങ്ങളിലും പിന്നിലുമെല്ലാം നല്‍കിയിട്ടുണ്ട്.
ഇന്റീരിയര്‍
മൂന്ന് സ്‌ക്രീനുകളാണ് പുതിയ സിയാറയില്‍. ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാബിന് നടുവിലും യാത്രികരുടെ ഭാഗത്തുമുള്ള ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനുകളും. മൂന്നും 12.3 ഇഞ്ച് ആവാനാണ് സാധ്യത. ഫോര്‍സ്‌പോക് സ്റ്റീറിങ് വീല്‍, ആമ്പിയന്റ് ലൈറ്റിങ്, നാല് അല്ലെങ്കില്‍ അഞ്ച് സീറ്റ് ഓപ്ഷനുകള്‍ എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളായെത്തുന്നു. പഴയ സിയാറയില്‍ 5 സീറ്ററില്‍ പിന്നില്‍ മടക്കാവുന്ന ബെഞ്ച് സീറ്റാണ് നല്‍കിയിരുന്നത്. ബൂട്ട് സ്‌പേസും വലുതായിരുന്നു.
പവര്‍ട്രെയിന്‍
നാച്ചുറലി അസ്പയേഡ് ഡീസല്‍ എന്‍ജിനുമായെത്തിയ സിയാറക്ക് പിന്നീട് ടര്‍ബോ ചാര്‍ജ്ഡ് 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ടാറ്റ നല്‍കി. 91എച്ച്പി കരുത്തും പരമാവധി 186എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡ് മോഡലിലും 4x4 മോഡൽ ഓപ്ഷണലായും എത്തി. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 22.75 സെക്കന്‍ഡ് വേണം. ഇന്ധന ക്ഷമത ലീറ്ററിന് പത്തു കിലോമീറ്ററിലും താഴെയായിരുന്നു.

പുതിയ സിയേറ വൈദ്യുതി, പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളിലെത്തുന്നുണ്ട്. ഇതില്‍ ഇവിയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഐസിഇ മോഡലുകളിൽ 1.5 ലീറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, 2.0ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 170 എച്ച്പി, 280 എന്‍എം ടോര്‍ക്ക് പുറത്തെടുക്കും പെട്രോള്‍ എന്‍ജിന്‍ 170 എച്ച്പി, 350 എന്‍എം ടോര്‍ക്കാണ് ഡീസല്‍ എന്‍ജിന്‍ പുറത്തെടുക്കുക. ഓട്ടമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമുണ്ടാവും. 4 വീല്‍ ഡ്രൈവ് മോഡലിന്റെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.