അച്ഛൻ ഡ്രൈവറും മകൾ കണ്ടക്ടറും; വൈറലാണ് കൊടുങ്ങല്ലൂരിലെ ഈ ബസ്
Mail This Article
കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിലോടുന്ന രാമപ്രിയ എന്ന ബസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരച്ഛനും മകളുമാണ് ഈ ബസിനെ നിയന്ത്രിക്കുന്നത്. അച്ഛൻ ബസ് ഒാണറും ഡ്രൈവറും മകൾ കണ്ടക്ടറും കിളിയും.

കുട്ടിക്കാലം മുതൽ കൂടെക്കൂടിയ വണ്ടിപ്രാന്താണ് അനന്തലക്ഷ്മിയെ കണ്ടക്ടർ കുപ്പായമണിയിച്ചത്. ജോലി ചെയ്യുന്നത് സ്വന്തം ബസിൽ, വളയം പിടിക്കുന്നത് അച്ഛനും അപ്പോൾ കോൺഫിഡൻസ് ഇരട്ടിക്കും. എംകോം പഠനത്തിനൊപ്പമാണ് ഈ കണ്ടക്ടർ ജോലി. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയും പണിക്കാരെ വെച്ച് സർവീസ് നടത്താൻ കഴിയാതെ വന്നതും അച്ഛനെ തളർത്തിയപ്പോൾ അനന്തലക്ഷ്മി ധൈര്യമായി കണ്ടക്ടർ കുപ്പായമിടാൻ റെഡിയായി. മകളുടെ ആഗ്രഹത്തോട് അച്ഛനും നോ പറഞ്ഞില്ല. നാളെ മകൾ സ്വന്തമായി ഈ ബസ് സർവീസ് നടത്തേണ്ടി വന്നാൽ എല്ലാം അറിഞ്ഞിരിക്കണമെന്നാണ് അച്ഛന്റെ മറുപടി. യാത്രക്കാരും അനന്തലക്ഷ്മിയുടെ ഫാൻസാണ്. അനന്തലക്ഷ്മിക്കൊപ്പം ജോലി ചെയ്യാൻ പ്രത്യേക എനർജിയാണെന്ന് ബസിലെ മറ്റ് ജീവനക്കാരും പറയുന്നു.

ആദ്യമൊക്കെ ബസിൽ ടിക്കറ്റെടുക്കാൻ തുടങ്ങുമ്പോൾ ആളുകൾ അതിശയത്തോടെയാണ് നോക്കിയിരുന്നതെന്ന് അനന്തലക്ഷ്മി പറയുന്നു. താൻ കണ്ടക്ടറാണെന്ന് പലരും വിശ്വസിക്കുമായിരുന്നില്ല. എന്തിനാണ് ഈ ജോലി ചെയ്യുന്നതെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. മാന്യമായ ഏതൊരു ജോലിയും ചെയ്യുന്നതിൽ തെറ്റില്ല. എനിക്കിഷ്ടമുള്ളതാണ് ഞാൻ ചെയ്യുന്നത്. കണ്ടക്ടർ കുപ്പായത്തിൽ എന്നെ കണ്ടപ്പോൾ പല പെൺകുട്ടികളും ഞങ്ങൾക്കും ഈ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയും, പക്ഷെ വീട്ടിൽ സമ്മതിക്കില്ല എന്നതാണ് എല്ലാവരുടെയും പരാതി. ഈ ജോലി ചെയ്യുമ്പോഴും പഠനവും തുടരുന്നു. ബസിലെ മറ്റു ജീവനക്കാർക്കുള്ളത് പോലെ എനിക്കും അച്ഛൻ കൃത്യമായി ശമ്പളം തരാറുണ്ട്. എന്റെ കാര്യങ്ങൾ അതുകൊണ്ട് നടത്താൻ സാധിക്കുന്നു, നമ്മുടെ ആവിശ്യങ്ങൾക്കായി ആരുടെ മുന്നിലും കൈനീട്ടേണ്ടി വരുന്നില്ല എന്നതാണ് പ്രധാനം - അനന്ത ലക്ഷ്മി പറയുന്നു.