എംജി കോമറ്റിന് വില കൂടും, ബാറ്ററി വാടക 2.5 രൂപ

Mail This Article
2025 ആരംഭിച്ചത് നിരവധി കാറുകളുടെ വില വര്‍ധനവിന്റെ വാര്‍ത്തകളുമായാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായെത്തുന്നത് എംജിയുടെ ചെറുകാര്‍ ഇവിയായ കോമറ്റാണ്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈദ്യുത കാറായ കോമറ്റിന് 19,000 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് വില വര്‍ധിക്കുന്നതോടെ കോമറ്റിന്റെ വില ഏഴു ലക്ഷം മുതല്‍ 9.8 ലക്ഷം രൂപ വരെയായി മാറും.
എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ്, 100 ഇയര്‍ എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളിലാണ് എംജി കോമറ്റ് ഇവി പുറത്തിറങ്ങുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന മോഡലായ 100 ഇയര്‍ എഡിഷനാണ് ഏറ്റവും കൂടിയ വിലവര്‍ധനവും നേരിടേണ്ടി വന്നിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഓപ്ഷനോടെയുള്ള 100 ഇയര്‍ എഡിഷന് 19,000 രൂപ എംജി വര്‍ധിപ്പിച്ചു.
എംജി കോമറ്റ് ഇവിയുടെ എക്‌സ്‌ക്ലുസീവ് മോഡലിനും 19,000 രൂപയുടെ വില വര്‍ധന നേരിടേണ്ടി വന്നിട്ടുണ്ട്. ഇവിടെയും ഫാസ്റ്റ് ചാര്‍ജ് ഓപ്ഷന്‍ സ്വീകരിക്കുമ്പോഴാണ് എക്‌സ്‌ക്ലുസീവിന് ഇത്രയും വില കൂടുതലാവുക. ഫാസ്റ്റ് ചാര്‍ജര്‍ ഇല്ലെങ്കില്‍ 14,000 രൂപയാവും വില കൂടുക. 12,000 രൂപയാണ് എക്‌സൈറ്റിന് ഫാസ്റ്റ് ചാര്‍ജര്‍ ഇല്ലാതെ വര്‍ധിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ വേണമെങ്കില്‍ വില വര്‍ധനവ് 17,000 രൂപയിലേക്കുയരും. അതേസമയം എന്‍ട്രി ലെവല്‍ എക്‌സിക്യൂട്ടീവ് മോഡലിന്റെ വിലയില്‍ എംജി മാറ്റം വരുത്തിയിട്ടില്ല.
നേരത്തെ കോമറ്റിനെ ബാസ്(ബാറ്ററി ആസ് എ സര്‍വീസ്) പദ്ധതിയില്‍ കൂടുതല്‍ വില കുറച്ച് എംജി അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ബാസ് പദ്ധതിയിലൂടെ 4.99 ലക്ഷം രൂപക്ക് എംജി കോമറ്റ് ലഭ്യമാക്കിയിരുന്നു. പിന്നീട് ഓടുന്ന കിലോമീറ്ററിന് 2.5 രൂപ വച്ചിട്ടാണ് എംജി കോമറ്റിന് നല്‍കേണ്ടി വരിക. ബാസ് പദ്ധതിയുടെ ഭാഗമായി മൂന്നു വര്‍ഷത്തെ ഉപയോഗം കഴിഞ്ഞാല്‍ 60 ശതമാനം വില ഉറപ്പു നല്‍കുകയും എംജി ചെയ്യുന്നുണ്ട്.
17.3കിലോവാട്ട് ബാറ്ററി പാക്കാണ് എംജി കോമറ്റ് ഇവിയിലുള്ളത്. ഫുള്‍ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. വില വര്‍ധനവോടെ എംജി കോമറ്റിന്റെ എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, 100 ഇയര്‍ എഡിഷന്‍ എന്നിവയുടെ വില യഥാക്രമം 7 ലക്ഷം, 8.20 ലക്ഷം, 9.83 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുക. ടാറ്റ ടിയാഗോയുമായാണ് പ്രധാന മത്സരം. കുറഞ്ഞ വിലയിലെത്തുന്ന ഇന്ത്യയിലെ ആദ്യ സോളാര്‍ ഇലക്ട്രിക്ക് കാര്‍ വെയ്‌വ് ഇവ(3.25 ലക്ഷം രൂപ)യും കോമറ്റിന് വെല്ലുവിളിയാണ്.