ജനുവരിയിൽ റെക്കോർഡ് വിൽപന; ചരിത്രനേട്ടവുമായി മാരുതി

Mail This Article
പുതുവർഷത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റതിന്റെ നേട്ടവുമായി മാരുതി സുസുക്കി. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടപ്പോൾ 2024 ജനുവരിയെ അപേക്ഷിച്ച് നാലു ശതമാനത്തിന്റെ വർധനവുണ്ടായതായി കമ്പനി അവകാശപ്പെടുന്നു. പുതിയ കണക്കുകൾ പ്രകാരം 212251 യൂണിറ്റുകളാണ് വിറ്റുപോയത്. മാരുതിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിമാസ വിൽപനയാണിത്. 2024 ജനുവരിയിൽ 199364 വാഹനങ്ങളാണ് കമ്പനിയ്ക്ക് വിൽക്കാൻ സാധിച്ചത്. ആഭ്യന്തര വിപണിയിലെ വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ 173599 യൂണിറ്റുകളാണ് ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കൾക്ക് രാജ്യത്ത് വിൽക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ 166802 യൂണിറ്റുകളായിരുന്നുവത്.
വാഹനങ്ങളുടെ കയറ്റുമതിയിലും മാരുതി സുസുക്കിക്ക് നേട്ടമുണ്ടാക്കിയ മാസമായിരുന്നു ജനുവരി. 27100 യൂണിറ്റുകൾ കഴിഞ്ഞ മാസത്തിൽ കയറ്റുമതി ചെയ്തപ്പോൾ 2023 ജനുവരിയിൽ 23932 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. നേട്ടങ്ങളുടെ മാസമായിരുന്നു കടന്നു പോയതെങ്കിലും ആൾട്ടോ, എസ്പ്രെസോ എന്നിവ ഉൾപ്പെടുന്ന മിനി സെഗ്മെന്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചെറിയ ഇടിവുണ്ടായിട്ടുണ്ട്. 2024 ജനുവരിയിൽ 15849 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഈ ജനുവരിയിൽ 14241 യൂണിറ്റുകളാണ് വിറ്റത്.
ബലേനോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗൺ ആർ തുടങ്ങിയ വാഹനങ്ങളുടെ വിൽപന കഴിഞ്ഞ വർഷം 76533 യൂണിറ്റുകളായിരുന്നുവെങ്കിൽ ഇത്തവണ 82241 യൂണിറ്റുകൾ എന്ന നേട്ടം സ്വന്തമാക്കാൻ മാരുതിക്ക് കഴിഞ്ഞു. ബ്രെസ, എർട്ടിഗ, ഫ്രോങ്സ്, ഗ്രാൻഡ് വിറ്റാര, എക്സ് എൽ 6, ജിംനി, എൻവിക്ടോ തുടങ്ങിയ യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിലും 2024 നെ അപേക്ഷിച്ചു മാരുതിക്ക് വളർച്ചയുടെ കാലമായിരുന്നു. 62083 യൂണിറ്റുകൾ കഴിഞ്ഞ വർഷം വിറ്റപ്പോൾ 65093 യൂണിറ്റുകളാണ് ഈ ജനുവരിയിലെ നേട്ടം. 2024 ജനുവരിയിൽ 363 യൂണിറ്റുകൾ വിറ്റ സിയാസിനും ഈ വർഷം വളർച്ചയുടേതായിരുന്നു. 768 യൂണിറ്റ് സിയാസുകൾ ഈ വർഷം വിൽക്കാൻ മാരുതിയ്ക്ക് കഴിഞ്ഞു. ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിലെ സൂപ്പർ ക്യാരിയ്ക്കും ജനുവരി നേട്ടത്തിന്റേതായിരുന്നു.
2025 ഫെബ്രുവരി ഒന്ന് മുതൽ മാരുതി സുസുക്കി വാഹനങ്ങളുടെ വിലയിൽ വർധനവ് വരുത്തിയിട്ടുണ്ട്. സെലേറിയോയെ ആണ് വിലവർധനവ് സാരമായി ബാധിക്കുക. സിയാസിനും ജിംനിയ്ക്കും വിലവർധനവ് ചെറിയ തോതിൽ മാത്രമാണ്. ഫെബ്രുവരി മുതലുള്ള വിലവർധനവും ഭാരത് എൻ സി എ പി ടെസ്റ്റിൽ അഞ്ചു സ്റ്റാർ റേറ്റിങ്ങും സ്വന്തമാക്കിയ മാരുതിയുടെ വിവിധ മോഡലുകൾക്ക് ഉപഭോക്താക്കളുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിച്ചതും വില്പന വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.