ട്രക്കിന്റെ മുന്നിൽ ബൈക്കിൽ ഹീറോയിസം, ഹെൽമറ്റില്ല; പിന്നീട് സംഭവിച്ചത്!

Mail This Article
എത്രയെത്ര അപകടങ്ങൾ ഉണ്ടായാലും പൊതുനിരത്തുകളിൽ അരങ്ങേറുന്ന അഭ്യാസങ്ങൾക്കു യാതൊരു തരത്തിലുമുള്ള കുറവുമില്ല. ഇത്തരം ചെയ്തികൾ തുടർന്നു കൊണ്ടേയിരിക്കുന്നു എന്നുമാത്രമല്ല, ഈ സാഹസിക ശ്രമങ്ങൾ ഹീറോയിസമായി കണക്കാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതാണ് പരിതാപകരം. ജീവൻ വരെ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചിരുന്നു. ബൈക്കിൽ അഭ്യാസം നടത്തിയ ഒരു യുവാവും അതിനും പിന്തുണയുമായി കൂടെയുണ്ടായിരുന്ന സഹയാത്രികനുമാണ് ട്രക്കിൽ ഇടിച്ചു റോഡിൽ വീണത്.
അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അഭ്യാസ പ്രകടനവുമാണ് ഈ അപകടം വരുത്തി വച്ചതെന്ന് നിസംശയം പറയാം. മൂന്നു ബൈക്കുകളിലായാണ് യുവാക്കളുടെ അപകടകരമായ രീതിയിലുള്ള റൈഡ്. ഒറ്റവരി പാതയിലൂടെ മറ്റു വാഹനങ്ങൾ വരുന്നത് പോലും ശ്രദ്ധിക്കാതെ, ദിശ തെറ്റിച്ചാണ് മൂന്നു ബൈക്കുകളും സഞ്ചരിക്കുന്നത്. വേഗം വർധിപ്പിച്ചും സ്റ്റണ്ട് ചെയ്തും മുന്നോട്ടു പോകുന്നതിനിടയിലാണ് എതിർദിശയിൽ നിന്നും ഒരു ട്രക്ക് വന്നത്. പെട്ടെന്നു തന്റെ പാതയിലേക്ക് ബൈക്ക് വെട്ടിത്തിരിക്കാൻ ശ്രമിച്ചെങ്കിലും ഒരൽപം താമസിച്ചു പോയി. ട്രക്കിൽ ഇടിക്കുകയും ബാലൻസ് നഷ്ടപ്പെട്ട് ഇരുവരും റോഡിൽ വീഴുകയുമായിരുന്നു. ഇരുവരുടെയും ജീവന് അപകടമൊന്നുമുണ്ടായില്ലെങ്കിലും സാരമായ രീതിയിൽ തന്നെ പരിക്കേൽക്കാൻ സാധ്യതയുണ്ട്.
പൊതുനിരത്തുകളിൽ ഇത്തരത്തിലുള്ള സ്റ്റണ്ടുകളിൽ ഏർപ്പെട്ട് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയാണ് ഈ പ്രവർത്തികൾ എന്നതാണ് എടുത്തുപറയേണ്ടത്. ധാരാളം പാഠങ്ങൾ കണ്മുന്നിലുണ്ടെങ്കിലും ശിക്ഷാർഹമായ ഇത്തരം കൃത്യങ്ങൾ തുടരുകയാണ് യുവസമൂഹം.