ഇന്ത്യൻ നിർമിത 5 ഡോർ ജിംനി ജപ്പാനിൽ സൂപ്പർ ഹിറ്റ്, ബുക്കിങ് നിർത്തിവച്ച് സുസുക്കി

Mail This Article
ലോക വിപണിയില്‍ ഹിറ്റായ പല കാറുകളും ഇന്ത്യയിലെത്തി സൂപ്പര്‍ഹിറ്റായിട്ടുണ്ട്. ഇന്ത്യയില്‍ അത്ര ഹിറ്റാവാത്ത ഒരു കാര്‍ മോഡല്‍ വിദേശത്ത് സൂപ്പര്ഹിറ്റായിട്ടുണ്ടോ? അങ്ങനെയൊരു മോഡലാവുകയാണ് മാരുതി സുസുക്കി ജിംനി. ബുക്കിങ് ആരംഭിച്ച് നാലു ദിവസത്തിനുള്ളില്‍ ജപ്പാനില്‍ അരലക്ഷത്തിലേറെ ബുക്കിങാണ് ജിംനിക്ക് ലഭിച്ചത്. ഇതോടെ സുസുക്കിക്ക് 5 ഡോര്‍ ജിംനിയുടെ ജപ്പാനിലെ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ്.
നേരത്തെ സുസുക്കി ജിംനി 3 ഡോറും രാജ്യാന്തര വിപണിയില്‍ ബെസ്റ്റ് സെല്ലറായിരുന്നു. ഇപ്പോഴിതാ 5 ഡോര്‍ മോഡലും അതേ പാതയിലാണ്. ജപ്പാനില്‍ മാത്രമല്ല ലാറ്റിനമേരിക്ക, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കേ ഏഷ്യ, പശ്ചിമേഷ്യ തുടങ്ങിയ വിപണികളിലേക്കും സുസുക്കി ജിംനി ഇന്ത്യയില്‍ നിന്നും വില്പനക്കെത്തുന്നുണ്ട്. ജപ്പാനില്‍ 5 ഡോര്‍ മോഡലിനെ ജിംനി നൊമാഡ് എന്ന പേരിലാണ് സുസുക്കി അവതരിപ്പിച്ചത്.
മാരുതിയുടെ ഇന്ത്യയിലെ ഗുരുഗ്രാം ഫാക്ടറിയില്‍ മാത്രമാണ് ജിംനി നൊമാഡ് നിര്‍മിക്കുന്നത്. ഇവിടെ നിന്നും ജാപ്പനീസ് വിപണിക്കു വേണ്ടി പ്രതിമാസം 1,200 ജിംനികള്‍ മാത്രമാണ് നിര്‍മിക്കുന്നത്. ഇത്ര ജിംനികള്‍ മാത്രമേ നിര്‍മിക്കൂ എന്നു വന്നാല്‍ ജപ്പാനില്‍ നിലവില്‍ ലഭിച്ച ബുക്കിങിനുള്ള ജിംനികള്‍ ഉടമകള്ക്കരികിലെത്താന് 41 മാസത്തെ(മൂന്നര വര്‍ഷം) കാത്തിരിപ്പു വരും. അതോടെയാണ് ബുക്കിങ് അരലക്ഷമായപ്പോള് തന്നെ സുസുക്കി താല്‍ക്കാലികമായി ജിംനിയുടെ ബുക്കിങ് നിര്‍ത്തേണ്ടി വന്നത്.
ജിംനി നൊമാഡിന്റെ ബുക്കിങ് എന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സുസുക്കി അറിയിച്ചിട്ടില്ല. അധികം കാത്തിരിപ്പില്ലാതെ ജിംനി ബുക്ക് ചെയ്യുന്നവര്‍ക്ക് വാഹനം ലഭിക്കാനുള്ള സംവിധാനമൊരുക്കിയ ശേഷം ബുക്കിങ് ആരംഭിക്കുമെന്ന് കരുതാം. പ്രതീക്ഷിച്ചതിലേറെ സ്വീകര്യത ലഭിച്ചതോടെ ജിംനി നൊമാഡിന്റെ ജപ്പാനിലെ പ്രചാരണ പരിപാടികള്‍ പോലും സുസുക്കി വേണ്ടെന്നു വെച്ചിരിക്കുകയാണ്. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് ജിംനി. മാരുതി സുസിക്കിയുടെ കയറ്റുമതി ചെയ്യുന്ന മോഡലുകളില്‍ ഏറ്റവും മുന്നിലുള്ളത് നിലവില്‍ ഫ്രോങ്സാണ്. ഡിസയര്‍, ബലേനോ, സ്വിഫ്റ്റ്, എര്‍ട്ടിഗ, സെലേറിയോ, ഈകോ തുടങ്ങിയ ഇന്ത്യയിലെ ജനപ്രിയ മോഡലുകള്‍ കയറ്റുമതി ചെയ്യുമ്പോഴും രണ്ടാം സ്ഥാനം ഇതിനകം തന്നെ ജിംനി സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.