അതിർത്തി കാക്കാൻ 60 ജിംനി; സേന എന്തുകൊണ്ട് ഈ ചെറു എസ്യുവി തിരഞ്ഞെടുത്തു

Mail This Article
അടുത്തിടെയാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്(ഐടിബിപി) 60 ജിംനികള്‍ മാരുതി സുസുക്കി കൈമാറിയത്. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സിലേക്കുള്ള ജിംനിയുടെ ആദ്യ ഔദ്യോഗിക രംഗപ്രവേശമായിരുന്നു അത്. എതിരാളികളായ ഥാറിനേയും ഗൂര്‍ഖയേയും അപേക്ഷിച്ച് ചെറിയ എന്‍ജിനുള്ള വാഹനമാണ് ജിംനി. എന്നിട്ടും സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജിംനിയാണ്. എന്തൊക്കെയാണ് അങ്ങനെയൊരു തിരഞ്ഞെടുപ്പിന് ജിംനിയെ സഹായിച്ചത്?
മാരുതി സുസുക്കി ജിപ്സിയുടെ പകരമായാണ് ജിംനി സേനയിലേക്കെത്തിയത്. 80 ബിഎച്ച്പി മാത്രം കരുത്തുള്ള ചെറു പെട്രോള്‍ എന്‍ജിനാണ് ജിപ്സിയിലുള്ളത്. എങ്കിലും ഓണ്‍ റോഡിനേക്കാള്‍ ഓഫ് റോഡില്‍ മികവു പുലര്‍ത്തുന്ന വാഹനമെന്ന പേര് ജിപ്സിക്കുണ്ട്. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാവുന്ന ഫോര്‍വീല്‍ ഡ്രൈവ് സംവിധാനമാണ് ജിപ്സിയുടെ തുറുപ്പു ചീട്ട്. ഈ ഫീച്ചറാണ് ജിപ്സിയെ ഓഫ്റോഡ് ഡ്രൈവിലെ പുലിയാക്കി മാറ്റിയത്. ഇതേ ഫീച്ചറുമായാണ് ജിംനിയുടെ വരവ്.

1,200 കിലോഗ്രാം മാത്രമാണ് മാരുതി സുസുക്കി ജിംനിയുടെ ഭാരം. ഥാറിനേയും ഗൂര്‍ഖയേയും അപേക്ഷിച്ച് 450-750 കിലോഗ്രാമിന്റെ ഭാരക്കുറവ് ജിംനിക്കുണ്ട്. ഇതും ഓഫ് റോഡ് ഡ്രൈവിങില്‍ ഗുണം ചെയ്യുന്നു. എതിരാളികളെ അപേക്ഷിച്ച് ലളിതമായ ഇലക്ട്രോണിക്സാണ് ജിംനിയിലുള്ളത്. അതുകൊണ്ടുതന്നെ തകരാര്‍ സംഭവിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. ഗ്ലേസിയറുകളും മഞ്ഞു മൂടിയ മലകളും മോശം റോഡുകളുമെല്ലാം മറികടന്നുള്ള പട്രോളിങിനിടെ വാഹനം നിന്നു പോവുന്നത് പരമാവധി കുറക്കാന്‍ ഇതു സഹായിക്കും.
'ദശാബ്ദങ്ങളായി ഇന്ത്യന്‍ സൈന്യത്തിന്റെ വിശ്വസ്ത വാഹനമാണ് ജിപ്സി. മുന്നണിയിലെ സൈനികരെ സഹായിക്കുന്ന ചുമതല ഇപ്പോള്‍ ജിംനിക്ക് കൈമാറിയിരിക്കുകയാണ്. ഏതു പ്രതലത്തിലും സുഗമമായി ഓടിക്കാനുള്ള ജിംനിയുടെ മികവാണ് ഇതിന് സഹായിക്കുക. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നവരെ സഹായിക്കുന്നതിനുള്ള നമ്മുടെ സമര്‍പ്പണം കൂടിയാണ് മാരുതി സുസുക്കി ജിമ്നി പ്രതിനിധീകരിക്കുന്നത്. 'മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ഥോ ബാനര്‍ജി പറയുന്നു.
3,985എംഎം നീളവും 1,645എംഎം വീതിയും 1,720എംഎം ഉയരവുമുള്ള വാഹനമാണ് മാരുതി സുസുക്കി ജിംനി. 2,590എംഎം വീല്‍ബേസും 210എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. 103 ബിഎച്ച്പി, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്നിയിലുള്ളത്. മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുമുണ്ട്. ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ തടസം മറികടക്കാന്‍ പലമടങ്ങ് ടോര്‍ക്ക് വര്‍ധിപ്പിക്കാന്‍ പാര്‍ട്ട് ടൈം ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ജിംനിയിലുണ്ട്.