എംജി വാക്ക് പാലിച്ചു; പിആർ ശ്രീജേഷിന് വിൻഡ്സർ ഇവി സമ്മാനിച്ചു

Mail This Article
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയിൽ നിന്നുമുള്ള താരങ്ങൾ മെഡലുകൾ നേടുന്ന സമയത്താണ് എം ജി ഇന്ത്യയിൽ വിൻഡ്സർ ഇ വി അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് തങ്ങളുടെ പുതിയ വാഹനം സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിക്കാൻ കമ്പനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. അന്ന് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയശിൽപകളിൽ ഒരാളും ഗോൾ കീപ്പറുമായ പി ആർ ശ്രീജേഷിനുമുണ്ട് എം ജി യുടെ സമ്മാനം. കഴിഞ്ഞ ദിവസം മലയാളി താരം കുടുംബവുമൊന്നിച്ചെത്തിയാണ് കൊച്ചിയിലെ എംജി കോസ്റ്റ്ലൈൻ ഗാരിജിൽ നിന്നും വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്.
ചണ്ഡീഗഡിൽ വെച്ച് 2024 നവംബറിൽ നടന്ന ചടങ്ങിൽ ഒളിമ്പിക് താരങ്ങൾക്കെല്ലാം എം ജി വാഹനത്തിന്റെ താക്കോൽ കൈമാറിയിരുന്നു. അന്ന് ആ ചടങ്ങിൽ സന്നിഹിതനായിരുന്നുവെങ്കിലും ശ്രീജേഷിന്റെ സൗകര്യാർത്ഥം വാഹനം കൊച്ചിയിൽ വെച്ച് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ടോപ് വേരിയന്റാണ് കേരളത്തിന്റെ ഒളിമ്പ്യനു എം ജി മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്.
പാരിസിൽ വിവിധയിനങ്ങളിൽ മത്സരിച്ചു മെഡലുകൾ നേടിയ നീരജ് ചോപ്ര, മനു ഭാക്കർ, സരബ്‌ജ്യോത് സിങ്, സ്വപ്‌നിൽ കുശാലെ, അമൻ ഷെഹ്‌റവത്, വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മുഴുവൻ കളിക്കാർ എന്നിവരെ കൂടാതെ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും പിന്നീട് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവർക്കുമാണ് എം ജി ചണ്ഡീഗഡിലെ ചടങ്ങിൽ വെച്ച് വിൻഡ്സർ സമ്മാനിച്ചത്.
2024 സെപ്റ്റംബറിലാണ് എംജി തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായ വിൻഡ്സർ ഇന്ത്യൻ നിരത്തിലെത്തിച്ചത്. 13.50 ലക്ഷം രൂപ മുതലാണ് ഇ വി യുടെ എക്സ് ഷോറൂം വിലയാരംഭിക്കുന്നത്. ഒറ്റ ചാർജിങ്ങിൽ 332 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന 38 കെ ഡബ്ള്യു എച്ച്, ലിഥിയം-അയൺ ബാറ്ററിയാണ് വിൻഡ്സറിൽ. 134 ബി എച്ച് പി പവറും 200 എൻ എം ടോർക്കും നൽകും ഈ വാഹനം. ഇക്കോ പ്ലസ്, ഇക്കോ, സ്‌പോർട്, നോർമൽ എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളുമുണ്ട്.