Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ 29 അതീവ അപകട മേഖലകൾ

accidents

രാജ്യത്തെ ദേശീയപാതകളിൽ സ്ഥിരം അപകടമുണ്ടാകുന്ന 726 മേഖലകളിൽ പരിഹാര നടപടികൾ സ്വീകരിക്കാനായി 11,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കേരളത്തിലെ ദേശീയപാതകളിൽ 29 മേഖലകളാണു സ്ഥിരം അപകടം നടക്കുന്നിടങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം ഭാഗങ്ങളിൽ റോഡ് വീതി കൂട്ടിയും വളവു നിവർത്തിയും അപകടങ്ങൾ കുറയ്ക്കുകയെന്നതാണു പദ്ധതി. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണു പദ്ധതി പ്രഖ്യാപിച്ചത്. അഞ്ചു വർഷംകൊണ്ടാകും പദ്ധതി നടപ്പാക്കുക.

സംസ്ഥാന റോഡുകളിലെ അപകട മേഖലകളിലും ഇതേ മാതൃകയിൽ പരിഹാര നടപടികൾക്കായി സംസ്ഥാന സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും തുക മാറ്റിവയ്ക്കണമെന്നു ഗഡ്കരി അഭ്യർഥിച്ചു. ദേശീയപാതകളിലും സംസ്ഥാന പാതകളിലുമുള്ള അപകട മേഖലകളെ കുറിച്ചു ജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വിവരം നൽകാനായി റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സൗകര്യമൊരുക്കുമെന്നും ഗഡ്കരി അറിയിച്ചു.

റോഡ് അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഡ്രൈവിങ് ലൈസൻസ് വിതരണം കുറ്റമറ്റതാക്കാനായി കംപ്യൂട്ടർ സഹായത്തോടെയുള്ള സംവിധാനം ഏർപ്പെടുത്തുമെന്നു ഗഡ്കരി പറഞ്ഞു. പുതിയ റോഡ് സുരക്ഷാ നിയമത്തിൽ ഇതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തും. ലോകത്ത് ഏറ്റവും എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് നേടാനാകുന്ന രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡ് നിർമാണത്തിനായി മരങ്ങൾ മുറിച്ചുമാറ്റുന്നതിനു പകരം മരങ്ങൾ പിഴുതുമാറ്റി നടാനുള്ള സാങ്കേതികവിദ്യ ഇന്ത്യയിലും ഏർപ്പെടുത്താൻ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നു ഗഡ്കരി അറിയിച്ചു.

അഞ്ചു ലക്ഷം റോഡപകടങ്ങളാണ് ഇന്ത്യയിൽ പ്രതിവർഷമുണ്ടാകുന്നത്. അതിൽ 1.5 പേർ മരിക്കുകയും 3 ലക്ഷം പേർക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ റോഡ് അപകടങ്ങൾ കാരണം പ്രതിവർഷം രാജ്യത്തിനുള്ള നഷ്ടം 60,000കോടി രൂപയാണെന്നും (മൊത്ത ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം) അദ്ദേഹം കൂട്ടി ചേർത്തു.